ഞാൻ വെറും പോഴൻ

Tuesday 19 March 2024

വഴിവക്കിലെ ചില കല്ലുകൾ വെറും കല്ലുകളല്ല !!!


നമ്മുടെ നാട്ടിൽ പല വഴികളിലൂടെയും കടന്ന് പോകുമ്പോൾ അതിന്റെ അരികുകളിൽ പല തരത്തിലുള്ള കൽ നിർമ്മിതികൾ (Stone Installations) കാണാനാകും. അതിൽ ചിലതെങ്കിലും വെറും കല്ലുകൾ അല്ല; അവ ചരിത്രത്തിന്റെ ഭാഗമായ, ഒട്ടേറെ മനുഷ്യർക്കും മൃഗങ്ങൾക്കുമൊക്കെ ഉപകാരികൾ ആയിരുന്ന ചില നിർമ്മിതികളുടെ അമൂല്യമായ ചരിത്രശേഷിപ്പുകൾ ആണ് . 

അക്കൂട്ടത്തിൽ ഏവർക്കും പരിചിതമായ ഒന്ന് അതിർത്തിക്കല്ലുകൾ ആണ്. മൈൽക്കുറ്റികളെയും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. വിവിധ പ്രദേശങ്ങൾ തമ്മിലുള്ള അതിര് രേഖപ്പെടുത്തുന്നതിനും ചില ദേശങ്ങൾ തമ്മിലുള്ള ദൂരം രേഖപ്പെടുത്തുന്നതിനും ഒക്കെയാണ് ഇത്തരത്തിലുള്ള അതിർത്തിക്കല്ലുകളും മൈൽക്കുറ്റികളും സ്ഥാപിച്ചിരുന്നത്. കൊച്ചി രാജ്യവും തിരുവിതാംകൂർ രാജ്യവും തമ്മിലുള്ള അതിർത്തി രേഖപ്പെടുത്തിയിരുന്ന കൊ.തി. കല്ലുകളും ഈ ഗണത്തിൽ പെടുന്നവയാണ്. ഈ ഗണത്തിലൊക്കെ പെട്ട കല്ലുകൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ധാരാളമായി കാണാം. 
            

എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ അത്താണി എന്നും അത്താണി ചേർത്തുമുള്ള സ്ഥലപ്പേരുകൾ ഉണ്ടെങ്കിലും ഇന്നത്തെ പുതു തലമുറക്ക് അത്താണി എന്നാൽ എന്താണ് എന്നറിയാൻ സാധ്യത കുറവാണ്. വാഹനങ്ങൾ അധികമായി ഉപയോഗത്തിൽ ഇല്ലാതിരുന്ന കാലത്ത് ചരക്ക് നീക്കത്തിന് അവ തലയിൽ ചുമന്ന് കാൽ നടയായിട്ടാണ് കൊണ്ട് പോയിരുന്നത്. പലതും ദീർഘ ദൂര യാത്രകൾ ആയിരുന്നു. അത്തരം യാത്രകൾക്കിടക്ക് ഇടക്കൊന്ന് വിശ്രമിക്കണമെന്ന് തോന്നുമ്പോൾ ചുമട് താഴെയിറക്കി വച്ചാൽ പിന്നീട് അതെടുത്ത് തലയിൽ വയ്ക്കുക എന്നത് വളരെ ശ്രമകരമോ അല്ലെങ്കിൽ തീർത്തും അസാധ്യമോ ആയിരിക്കും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി വഴിവക്കുകളിലും കവലകളിലും സ്ഥാപിച്ചിരുന്ന "ചുമട് താങ്ങി"കളെയാണ് അത്താണി എന്ന് പറഞ്ഞിരുന്നത്. സാധാരണയായി കരിങ്കല്ല് കൊണ്ടാണ് അത്താണികൾ നിർമ്മിച്ചിരുന്നത്. ചെങ്കല്ല് കൊണ്ടും ചുടുകട്ടകൾ കൊണ്ടും അത്താണികൾ നിർമ്മിച്ചിരുന്നു. ചിലയിടങ്ങളില്‍ തടി കൊണ്ട് ഇത് നിര്‍മ്മിച്ചിരുന്നു. തലയിലിരിക്കുന്ന ചുമട് നേരെ അത്താണിയിലേക്കും അത്താണിയിൽ നിന്ന് പരസഹായമില്ലാതെ അനായാസം തലയിലേക്കും വയ്ക്കാവുന്നത്ര ഉയരത്തിലാണ് ഇവ നിർമ്മിച്ചിട്ടുണ്ടാവുക. 


ഒരു ചതുരക്കല്ല് ഭൂമിയിൽ ഒരു തൂണ് പോലെ ലംബമായി നാട്ടി നിർത്തിയ ഒറ്റക്കല്ലത്താണികൾ ഉണ്ടായിരുന്നെങ്കിലും ലംബമായി നാട്ടി നിർത്തിയ രണ്ടു കല്ലുകൾക്ക് മീതെ തിരശ്ചീനമായി കിടത്തിയിട്ട ഒരു പരന്ന കല്ല് കൊണ്ടുള്ള അത്താണികൾ ആയിരുന്നു പൊതുവെ പ്രചാരത്തിൽ ഉണ്ടായിരുന്നത്. നിരയായോ ത്രികോണാകൃതിയിലോ നാട്ടിയ മൂന്ന് കല്ലുകൾക്ക് മേൽ രണ്ടോ മൂന്നോ പരന്ന കല്ലുകൾ കിടത്തി വച്ച രീതിയിലുള്ള അത്താണികളും ഉണ്ടായിരുന്നു. 5 - 6 അടി ഉയരമുള്ള തറയുടെയോ ചുമരിന്റെയോ ആകൃതിയിലും ചുമട് താങ്ങികൾ ഉണ്ടാക്കിയിരുന്നു. ഇന്ന് സ്പോൺസർമാരും ജനപ്രതിനിധികളുമൊക്കെ തങ്ങളുടെ സംഭവനയായോ പരിശ്രമഫലമായോ ഒക്കെ സ്ഥാപിക്കുന്ന നിർമ്മിതികളിൽ പേരെഴുതി വയ്ക്കുന്ന പോലെ അക്കാലത്തും അത്താണികളിൽ അത് സ്ഥാപിച്ചവരുടെ പേരെഴുതി വയ്ക്കുന്ന പതിവുണ്ടായിരുന്നു


















അക്കാലത്ത് വഴിയരികിൽ സ്ഥാപിക്കപ്പെട്ട തൂണ് പോലുള്ള മറ്റൊരു നിർമ്മിതി ആയിരുന്നു ഉരക്കല്ല്. പണ്ട് കാലത്ത് കാൽനട അല്ലെങ്കിൽ പിന്നെ, കാളയും പോത്തും ഒക്കെ വലിക്കുന്ന വണ്ടികളായിരുന്നു ദൂരയാത്രക്കായി ഉപയോഗിച്ചിരുന്നത്. ഇത്തരം വണ്ടികളിൽ വരുന്ന യാത്രികർക്ക് അക്കാലത്ത് വിശ്രമിക്കാനായി വഴിയമ്പലം, സത്രം മുതലായവയും ദാഹം അകറ്റാനായി പൊതു കിണറുകൾ, തണ്ണീർ പന്തൽ എന്നിവയും ഉണ്ടാകുമായിരുന്നു. ഇവയോടൊക്കെ അനുബന്ധിച്ച്, വണ്ടി വലിക്കുന്ന കാളകൾ, പോത്തുകൾ എന്നിവക്ക് വേണ്ടിയും അല്ലാതെയുള്ള കന്നുകാലികൾക്ക് വേണ്ടിയും വലിയ കൽത്തൊട്ടികളിൽ കുടി വെള്ളം വയ്ക്കുന്ന ഒരു പതിവുണ്ടായിരുന്നു. അത് കൂടാതെ സ്ഥാപിക്കുന്ന തൂണ് സമാനമായ ഒന്നായിരുന്നു ഉരക്കല്ലുകൾ. പൊതുവേ കന്നു കാലികൾക്ക് അവയുടെ ശരീരത്തിൽ അനുഭവപ്പെടുന്ന അരിപ്പ്, കടി, ചൊറിച്ചിൽ എന്നൊക്കെ പറയുന്ന അസ്വസ്ഥതക്കൊരു പരിഹാരമായിരുന്നു ഉരക്കല്ലുകൾ.
ഇത്തരം മൃഗങ്ങൾക്ക് ശരീരഭാഗങ്ങൾ ഉരച്ച് അവയുടെ ചൊറിച്ചിൽ മാറ്റാൻ ഉപയോഗിച്ചത് കൊണ്ടാണ് ഇവയെ ഉരക്കല്ലെന്നു വിളിച്ചത്. കന്ന് ഉരസി എന്നൊരു പേരും ഇതിന് ഉണ്ടായിരുന്നത്രെ. സംഘകാല കൃതികളിൽ വരെ ഇത്തരം കല്ലുകളെ കുറിച്ച് പ്രതിപാദ്യമുണ്ട്. ആതീണ്ട് കുറി എന്നാണ് ഇതിന് പറഞ്ഞിരുന്നത്. ആ എന്നതിന് തമിഴിൽ പശുക്കൾ/കന്നുകാലികൾ എന്നും തീണ്ട് എന്നതിന് തടവുക, ഉരസുക എന്നും കുറി/കുട്ട്രി എന്നതിന് കല്ല്  എന്നുമൊക്കെ അർത്ഥമുണ്ട്. അങ്ങനെയാണ് കന്നുകാലികൾക്ക് ശരീരം ഉരസാൻ/തടവാൻ ഉള്ള കല്ല് എന്നർത്ഥം വരുന്ന ആതീണ്ട് കുറി എന്ന പേര് ഇത്തരം കല്ലുകൾക്ക് വന്നത്. Cattle Rubbing Stones, Clawin Posts, Menhir എന്നൊക്കെയുള്ള പേരുകളിൽ വിദേശത്തും ഇത്തരം കല്ലുകൾ സ്ഥാപിക്കപ്പെട്ടതായി ചില വിദേശ സാഹിത്യങ്ങളിലും കാണാനാകും.

ഇന്ന് തീരെ കാണാതായ മറ്റൊരു ശിലാ നിർമ്മിത വഴിയോര നിർമ്മിതികളാണ് വീരക്കല്ലുകൾ (Hero Stone). ഏതാണ്ട് ഒമ്പതാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയാണ് വീരക്കല്ല് സ്ഥാപിക്കുന്ന രീതി നിലവിലിരുന്നതെന്ന് പറയപ്പെടുന്നു. നവീന ശിലായുഗത്തിന്‍റെ അവസാനഘട്ടത്തില്‍ ജീവിച്ചിരുന്ന വീരപുരുഷന്‍മാരുടെയോ ധീര സ്ത്രീകളുടെയോ ചരിത്രമാണ് വീരക്കല്ലുകളിൽ രേഖപ്പെടുത്തിയിരുന്നത്. അക്കാലത്ത് ജീവിച്ചിരുന്ന വംശത്തിലെ രാജാക്കൻമാർ, സൈനിക തലവൻമാർ, വീരന്മാരായ സൈനികർ, സമൂഹത്തിലെ ധീരന്മാർ എന്നിവരൊക്കെ മരണപ്പെടുമ്പോഴോ കൊല്ലപ്പെടുമ്പോഴോ ഒക്കെ ആയിരുന്നത്രേ  താരതമ്യേന ഉയർന്ന ഭൂപ്രദേശങ്ങളിലോ ജനവാസ കേന്ദ്രങ്ങളിലെ ശ്രദ്ധേയമായ പൊതു ഇടങ്ങളിലോ ഒക്കെ വീരക്കല്ലുകൾ സ്ഥാപിച്ചിരുന്നത്. മറയൂര്‍ അഞ്ചുനാട് ഗ്രാമത്തിന്‍റെ കവാടമായ തലൈവാസലിലുള്ള വീരക്കല്ലിന്റെ ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. 

കൊ. തി. കല്ലിനെപ്പറ്റി വിശദമായി വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി ===>>> 'കൊ.തി.'കല്ല് അവഗണിക്കപ്പെടുന്ന അമൂല്യ ചരിത്രശേഷിപ്പ്

Sunday 3 March 2024

"Mr. Watson, come here -- I want to see you" : ഈ ഡയലോഗിന്റെ പ്രസക്തി എന്താണെന്നറിയാമോ !??

1847 March 3-ൽ ജനിച്ച് 1922 August 2-ൽ മരിച്ച സ്കോട്ട്ലൻഡുകാരനായ അലക്‌സാണ്ടർ ഗ്രഹാംബെല്ലാണ് ടെലിഫോൺ കണ്ടുപിടിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതിന് ചില എതിരഭിപ്രായങ്ങളും ഉണ്ടെങ്കിലും ആദ്യത്തെ ടെലിഫോൺ കണ്ടു പിടിച്ചതിന്റെ പേറ്റന്റ് ശാസ്ത്രജ്ഞനും എഞ്ചിനീയറുമായിരുന്ന അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ പേരിലാണ്. 1955-ൽ നിലവിൽ വന്ന അമേരിക്കൻ ടെലിഫോൺ ആൻഡ് ടെലിഗ്രാഫ് കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം.

ശബ്ദത്തെ ഒരേ സമയം അയയ്ക്കുവാനും സ്വീകരിക്കുവാനും പാകത്തിൽ രൂപകല്പന ചെയ്ത ഉപകരണമാണ് ടെലിഫോൺ. 2-വേ കമ്മ്യൂണിക്കേഷൻ സാധ്യമായത് കൊണ്ട് ഇത് സംഭാഷണപ്രധാനമായ ആശയ വിനിമയത്തിനാണ് കൂടുതൽ ഉപയോഗിക്കുന്നത്. മലയാള ഭാഷാ പ്രേമികൾക്ക് ഇവനെ വേണമെങ്കിൽ ദൂരഭാഷണി എന്ന് വിളിക്കാം. ശബ്ദതരംഗങ്ങളെ വൈദ്യുതി തരംഗങ്ങളാക്കി കമ്പികളിലൂടെ അയക്കുകയും ഇതേ വൈദ്യുതി തരംഗങ്ങളെ തിരികെ ശബ്ദതരംഗങ്ങളായി രൂപാന്തരപ്പെടുത്തിക്കൊണ്ട് ശബ്ദമാക്കി പുന:സൃഷ്ടിക്കുകയും ചെയ്യുകയാണ് ലളിതമായി പറഞ്ഞാൽ ടെലിഫോണിൽ പ്രവർത്തിക്കുന്ന തത്വം. വളരെ സങ്കീർണ്ണമായ ടെലിഫോൺ ശൃംഖലകളുടെ സഹായത്തോടെയാണ് ടെലിഫോൺ ടെക്‌നോളജി പ്രവർത്തിക്കുന്നത്.

ഗ്രഹാം
ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ പശ്ചാത്തലം ബെല്ലിന്റെ പ്രവർത്തനങ്ങളെ സ്വാധീനിച്ചിരുന്നു. കേൾവി-സംസാര ശക്തികളെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരീകഷണങ്ങളും പഠനങ്ങളുമാണ് ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചതെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. ടെലിഗ്രാഫ് യന്ത്രം പരിഷ്കരിച്ച് കേബിളിലൂടെ ഒരേ സമയം ഒന്നിൽ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന ഒരു മൾട്ടിപ്പിൾ ടെലിഗ്രാഫ് വികസിപ്പിച്ചെടുക്കണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനായുള്ള അദ്ദേഹത്തിന്റെ ചില പരീക്ഷണങ്ങൾക്കിടയിൽ, മെർക്യുറി കപ്പുകളും ട്യൂണിംഗ് ഫോർക്കുകളും ഒക്കെ ഉപയോഗിച്ച് ഒരു ഉപകരണം ഉണ്ടാക്കുകയും അത് വച്ച് പരീക്ഷണങ്ങൾ തുടരുകയും ചെയ്തു. ബെൽ ആദ്യമായി വികസിപ്പിച്ച അത്തരം ഉപകരണത്തിനെന്തോ തകരാറ് സംഭവിച്ചത് മൂലം ആ ഉപകരണം വിചിത്രമായൊരു രീതിയിൽ പ്രവർത്തിച്ചു. ആ തകരാറ് നിരീക്ഷപ്പോൾ ശബ്ദ തരംഗങ്ങളെ ദൂരെ മറ്റൊരിടത്ത് പുനസൃഷ്ടിക്കാൻ കഴിയും എന്ന് അദ്ദേഹത്തിനു മനസ്സിലായി. ശബ്ദ തരംഗങ്ങൾ വഹിക്കുമോ എന്ന് പരീക്ഷിക്കാനായി ഒരു ജോഡി ചെമ്പ് കമ്പിയാൽ ബന്ധിപ്പിക്കപ്പെട്ട ഒരു ട്രാൻസ്‌മിറ്ററും റിസീവറും ഉണ്ടാക്കി അതിൽ പരീക്ഷണങ്ങൾ നടത്തി നോക്കി.

1876 മാർച്ച് പത്താം തീയതി ബെൽ അദ്ദേഹത്തിന്റെ സഹായി തോമസ് വാട്‌സനോടൊപ്പം പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആസിഡിൽ മുക്കി കോപ്പർ കമ്പിയുടെ റെസിസ്റ്റൻസ് മാറ്റുന്ന പരീക്ഷണത്തിലേർപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ആസിഡ് തുളുമ്പി വീണു. പരീക്ഷണാർത്ഥം നിർമ്മിച്ച ആ ഉപകരണത്തിന്റെ മറ്റേ അറ്റം കുറച്ച് ദൂരെ ഒരു മുറിയിൽ സ്ഥാപിച്ചു കൊണ്ടിരുന്ന വാട്സനെ അദ്ദേഹം സഹായതിനായി വിളിച്ചു, "Mr. Watson, come here -- I want to see you.". ബെല്ലിന്റെ ഈ സഹായാഭ്യർത്ഥന ആ യന്ത്രത്തിലൂടെയും വാട്സൺ കേട്ടു. കമ്പികളിലൂടെയുള്ള വിജയകരമായ ആദ്യ ശബ്‌ദ സം‌പ്രേക്ഷണം ബെല്ലിന്റെ ആ സഹായാഭ്യർത്ഥനയായിരുന്നു.
1878-ൽ അമേരിക്കയിലെ ന്യൂഹാവെനിൽ ആദ്യത്തെ ടെലിഫോൺ എക്സ്ചേഞ്ച് നിലവിൽ വന്നു. അന്ന് ടെലിഫോൺ ആർജ്ജിച്ച രൂപം കുറെയധികം കാലം അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടർന്നു. 1947-ൽ ട്രാൻസിസ്റ്ററിന്റെയും പിന്നീട് IC-യുടെയും മറ്റ് നൂതന നിർമ്മാണസാമഗ്രികളുടെയും കടന്നുവരവ് ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ടെലിഫോൺ ഉപകരണങ്ങൾ ഉണ്ടാകുന്നതിന് സഹായകമായി. ഇലക്ട്രോണിക്സിലെ മുന്നേറ്റങ്ങൾ ഓട്ടോമാറ്റിക്ക് റീഡയലിംഗ്, ഫോൺ വിളിച്ച വ്യക്തിയെ തിരിച്ചറിയുന്ന സംവിധാനം, കോൾ വെയിറ്റിംഗ്, കോൾ ഫോർവേർഡിംഗ് എന്നിങ്ങനെയുള്ള പരിഷ്കാരങ്ങൾക്കും വഴി വച്ചു. മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ നിറങ്ങളും രൂപഭാവങ്ങളും സ്വീകരിച്ച് ഇന്നും ഉപയോഗിക്കപ്പെടും സ്വീകരണ മുറികളെ അലങ്കരിക്കുകയും ചെയ്യുന്ന മറ്റൊരു ഇലക്ട്രോണിക് ഉപകരണം ഉണ്ടാകാൻ വഴിയില്ല.
(ചിത്രങ്ങൾ എല്ലാം എന്റെ സ്വകാര്യ ശേഖരത്തിൽ ഉള്ളവയുടേതാണ്)





Saturday 3 February 2024

"ബോൺസായ്" എന്ന "വൻ"മരം വീണു... ഇനി "വാമൻ വൃക്ഷ" !!???

"ബോൺസായ്" എന്ന് പേരുള്ള ഉദ്യാന കലയെപ്പറ്റി മിക്കവാറും കേട്ടിട്ടുണ്ടാകും. ജപ്പാനുമായി ബന്ധപ്പെടുത്തിയാണ് പൊതുവെ ബോൺസായിയെ പറ്റി പറയാറുള്ളത്. വൻ‌ മരങ്ങളുടെ രൂപ ഭംഗി നഷ്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു ചെടിച്ചട്ടിയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തുന്ന ഉദ്യാന പാലന രീതിയാണിത്. ആഴം കുറഞ്ഞ പാത്രം എന്നർത്ഥം വരുന്ന 'ബോൺ' എന്ന വാക്കും സസ്യം എന്നർത്ഥം വരുന്ന 'സായ്' എന്ന വാക്കും ചേർന്നാണ് 'ബോൺ സായ്' എന്ന പദം ഉണ്ടായിരിക്കുന്നത്. ഉദ്യാന കൃഷിയിൽ താൽപ്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഭാവനവിലാസവും കലാബോധവും വെളിവാക്കാൻ പറ്റിയ ഒരു മേഖല കൂടിയാണിത്. ഏ ഡി 200-നോട് അടുപ്പിച്ച് ചൈനയിലെ പെൻ‌ജിങ്ങിൽ ആയിരുന്നു ഇതിന്റെ ഉത്ഭവം. ഒൻപതാം നൂറ്റാണ്ടോടെ ജപ്പാനിലേക്ക് കുടിയേറിയതോടെയാണ് ഈ കലാരൂപത്തിൽ നൂതനവിദ്യകൾ ചേർക്കപ്പെട്ട് ജനകീയമായിത്തുടങ്ങിയത്. വൻവൃക്ഷങ്ങളുടെ ചെറു ചട്ടികളിൽ വളരുന്ന കുഞ്ഞൻ രൂപങ്ങളെ ഇപ്പോൾ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ‍ കാണാൻ സാധിക്കും.

എന്നാൽ ബോൺസായിയുടെ ഉത്ഭവം ഭാരതത്തിൽ ആയിരുന്നു എന്നും ഈ  ഉദ്യാനകലയുടെ യഥാർത്ഥ പേര്  "വാമൻ വൃക്ഷ കല" എന്നായിരുന്നുവെന്നുമാണ് പുതിയ അവകാശവാദം. കേരളത്തിൽ നിന്നുള്ള മുതിർന്ന ബി ജെ പി നേതാവും സീനിയർ ക്രിമിനൽ വക്കീലും ഗോവാ ഗവർണറുമായ ശ്രീധരൻ പിള്ളയുടെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ഈ അവകാശവാദം ഉള്ളത്. ഈ മാസം 9-ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഗോവ രാജ്ഭവനിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ശ്രീധരൻപിള്ള എഴുത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിലാണ് ഇരുന്നൂറാമത് പുസ്തകം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ബോൺസായി എന്നറിയപ്പെടുന്ന കുഞ്ഞൻ വൃക്ഷങ്ങളുടെ ഉത്ഭവ സ്ഥാനവും ഇനങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകത്തിന്റെ പേര് "വാമൻ വൃക്ഷ കല" എന്നാണ്.

ബോൺസായി എന്ന് ജപ്പാൻകാർ വിളിക്കുന്ന ചെറുവൃക്ഷത്തിന്റെ യഥാർത്ഥ നാമം വാമൻ വൃക്ഷ കല എന്നായിരുന്നുവെന്നും 15,000ത്തോളം ഇനങ്ങളിൽ കാണപ്പെട്ടിരുന്ന ഈ വൃക്ഷത്തിന്റെ ഉത്ഭവ സ്ഥാനം ഇന്ത്യയായിരുന്നുവെന്നും പുസ്തകത്തിൽ ശ്രീധരൻപിള്ള പറയുന്നു. ഗോവയിലെ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രകൾക്കിടെ പരിചയപ്പെട്ട ചില സംസ്കൃത പണ്ഡിതന്മാരിൽ നിന്നാണത്രെ ഇന്ത്യയിൽ പരിപാലിക്കപ്പെട്ടിരുന്ന കുഞ്ഞൻ വൃക്ഷങ്ങളുടെ കഥ പിള്ള മനസ്സിലാക്കിയത്. ആയുര്‍വേദ മരുന്നുകൾ ഉണ്ടാക്കാനും മറ്റും ആവശ്യമുള്ളപ്പോൾ കാട്ടിൽ പോയി ഇലകളും വേരുകളും കൊണ്ടു വരുന്നത് ബുദ്ധിമുട്ടായതിനാൽ ഇന്ത്യയിലെ ബുദ്ധ സന്യാസിമാരായിരുന്നത്രെ ആശ്രമങ്ങളോട് ചേർന്ന് കുഞ്ഞൻ വൃക്ഷങ്ങളെ പരിപാലിച്ചിരുന്നത്. പിന്നീട് കാലക്രമത്തിൽ ബുദ്ധ സന്യാസികൾ ജപ്പാനിലേക്കും ചൈനയിലേക്കും കുടിയേറിയതോടെ ഇത്തരം വൃക്ഷങ്ങൾ അവിടെയും നട്ട് പരിപാലിക്കുകയും ക്രമേണ അത് അവരുടേതായി മാറുകയായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. 12 തരം ആല്‍മരങ്ങളെ ഉൾപ്പെടെ നാൽപ്പതിൽ പരം കുഞ്ഞൻ വൃക്ഷങ്ങളെ കുറിച്ചാണത്രെ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. 

എന്തായാലും ക്ലോണിംഗും പ്ലാസ്റ്റിക്ക് സർജറിയും വൈമാനിക ശാസ്ത്രവും ഒക്കെ പോലെ ബോൺസായിയും നമ്മൾ തുടങ്ങി വച്ചതാണെന്ന അറിവ് ഏറെ കൗതുകം ഉണ്ടാക്കുന്നു...

Tuesday 30 January 2024

സ്വദേശി പ്രസ്ഥാനത്തിന്റെ ആചാര്യന്റെ ഓർമ്മക്ക് വിദേശത്ത് അച്ചടിച്ച സ്റ്റാമ്പ് !!

1948-ൽ സ്വാതന്ത്ര്യത്തിൻ്റെ വാർഷികവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെൻ്റ് ഒരു സെറ്റ് സ്റ്റാമ്പുകൾ പുറത്തിറക്കി. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്തത്തിന്റെ സ്മരണിക എന്ന നിലയിൽ ആയിരുന്നു ആ സ്റ്റാമ്പുകൾ ഇറക്കിയത്. സ്വതന്ത്ര ഇന്ത്യ ആദ്യമായി ഇറക്കിയ സ്മരണിക സ്റ്റാമ്പ് (Comemmorative Stamp) ഇതായിരുന്നു. 

സ്വാതന്ത്ര്യത്തിനായുള്ള രാജ്യത്തിൻ്റെ പോരാട്ടത്തിൽ ഗാന്ധിജിയുടെ സംഭാവനകളെ ആദരിക്കാനായി അദ്ദേഹത്തിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു സെറ്റ് സ്റ്റാമ്പുകൾ പുറത്തിറക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്ന ഡിസൈനുകൾ തയ്യാറാക്കാൻ  1948 ജനുവരിയിൽ തന്നെ നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസ് (ISP) അധികൃതരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ISP യുടെ മാസ്റ്റർ, ആർ സി ജി ചാപ്മാൻ നാല് സ്റ്റാമ്പുകളുടെ സെറ്റ് തയ്യാറാക്കുകയും ചെയ്തു. 1½ അണ, 3½ അണ, 8 അണ, 1 രൂപ എന്നീ ഡിനോമിനേഷനുകളിൽ ആയിരുന്നു അദ്ദേഹം ആ സ്റ്റാമ്പുകൾ രൂപകൽപ്പന ചെയ്തത്. സ്റ്റാമ്പുകളുടെ രണ്ട് ട്രയൽ കോപ്പികൾ അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. ഈ സ്റ്റാമ്പുകൾ ഗാന്ധിജിയെ കാണിച്ച് അദ്ദേഹത്തിന്റെ അനുവാദം തേടാനും നിർദ്ദേശമുണ്ടായിരുന്നു. 

എന്നാൽ 1948 ജനുവരി 30-ന് സംഭവിച്ച മഹാത്മാവിൻ്റെ തികച്ചും അപ്രതീക്ഷിതമായ കൊലപാതകം സ്റ്റാമ്പ് ഇഷ്യുവിന്റെ സാഹചര്യങ്ങളെ പാടെ മാറ്റി മറിച്ചു. അതോടെ ആദ്യം പ്ലാൻ ചെയ്ത സ്റ്റാമ്പുകൾക്ക് പകരം ഗാന്ധിജിയുടെ സ്മരണക്കായി ചില വിലാപ സ്റ്റാമ്പുകൾ (Mourning Issue Stamps) പുറത്തിറക്കാൻ തീരുമാനിച്ചു. 1948 ഫെബ്രുവരി 6-ന്, ന്യൂ ഡൽഹി വാണിജ്യ മന്ത്രാലയം പ്രസിന്റെ മാനേജരും കലാകാരനുമായ സി. ബിശ്വാസിൻ്റെ അംഗീകൃത സ്കെച്ചിനെ അടിസ്ഥാനമാക്കി, സ്റ്റാമ്പുകളുടെ പുതിയ ഡിസൈനുകൾ നൽകാൻ ISP യോട് ആവശ്യപ്പെട്ടു. ഇൻലാൻഡ് മെയിലുകൾക്ക് വേണ്ടി 2½ ആനയുടെയും എയർമെയിലിനു വേണ്ടി 12 അണയുടെയും സ്റ്റാമ്പുകൾ ആണ് പ്ലാൻ ചെയ്യപ്പെട്ടത്. ഫെബ്രുവരി 17-ന് ISP സ്റ്റാമ്പിന്റെ പ്രൂഫ് ഡിസൈൻ സമർപ്പിച്ചു. ഈ ഡിസൈനിൽ 'ബാപ്പു' എന്ന വാക്ക് ഹിന്ദി, ഉർദു എന്നീ ഭാഷകളിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിർദ്ദേശിച്ചു. ഗാന്ധിജിയുടെ ജീവിതകാലം മുഴുവൻ സമാധാനവും മതസൗഹാർദ്ദവും നിലനിർത്താനുള്ള പരിശ്രമങ്ങൾ നിറഞ്ഞതായിരുന്നു. ഇതിനെ സൂചിപ്പിക്കാനായിരുന്നു ഹിന്ദിയും ഉർദുവും സ്റ്റാമ്പിൽ ഉൾപ്പെടുത്താൻ നെഹ്‌റു ആവശ്യപ്പെട്ടത്. ഇന്ത്യൻ സ്റ്റാമ്പിൽ ഉറുദു പ്രത്യക്ഷപ്പെട്ട ഒരെറ്റയൊരു സന്ദർഭം ഇതായിരുന്നു. 1948 മാർച്ച് 12-ന് 10 രൂപയുടെ ഡിനോമിനേഷൻ കൂടി ഉൾപ്പെടുത്തി പുതിയ പ്രൂഫ് കൊടുക്കാൻ ISP യോട് പുതുക്കി നിർദ്ദേശിച്ചു. മാർച്ച് 16ന് പ്രസ്സ് പുതിയ പ്രൂഫ് ഡിസൈനുകൾ സമർപ്പിച്ചു. 

നൂതന അച്ചടി വിദ്യ ഉപയോഗിച്ച് ഫോട്ടോ സ്റ്റാമ്പുകൾ മികച്ച രീതിയിൽ പ്രിന്റ് ചെയ്യുന്നതിനുള്ള സംവിധാനം ISP യിൽ ഇല്ലാതിരുന്നതിനാൽ, ഈ സ്റ്റാമ്പുകൾ അച്ചടിക്കുന്നതിന് വേണ്ടിയുള്ള പ്രസിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ വളരെ വേഗത്തിൽ പുരോഗമിച്ചു. ഓസ്ട്രിയയിലെ വിയന്നയിലുള്ള State Printing Press, സ്വിറ്റ്സർലന്റിലെ Helio Courviosier SA എന്നിവയായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. ഒടുവിൽ സ്റ്റാമ്പുകൾ പ്രിന്റ് ചെയ്യുന്നതിനുള്ള കരാർ Courviosier ന് ലഭിച്ചു. രണ്ട് ഫോട്ടോഗ്രാഫുകൾ ആയിരുന്നു ഈ സ്റ്റാമ്പുകളിൽ ഉപയോഗിച്ചത്. ഒന്ന് ലൈഫ് മാസികയിൽ അച്ചടിച്ച് വന്ന ഒരു ഫോട്ടോയും മറ്റൊന്ന് രാജ് കുമാരി അമൃത് കൗർ എന്നൊരാൾ സമർപ്പിച്ചതും. മഹാത്മാവിൻ്റെ പൗത്രൻ കനു ഗാന്ധിയുടെ സ്വകാര്യ ശേഖരത്തിൽപ്പെട്ട ഫോട്ടോ ആയിരുന്നു ഇതെന്ന് പറയപ്പെടുന്നു. 

ഈ സെറ്റ് സ്റ്റാമ്പുകളുടെ താഴെ ഭാഗത്തായി ഈ സ്റ്റാമ്പുകളുടെ പ്രിന്റിങ് നടത്തിയ Courvoisier S.A. എന്ന സ്ഥാപനത്തിന്റെ പേര് പ്രിന്റ് ചെയ്തിരിക്കുന്നത് കാണാം. 



1948 ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികദിനത്തിൽ ഈ സ്റ്റാമ്പുകൾ പുറത്തിറക്കി. പൾപ്പും സിൽക്ക് ഫൈബറും കൊണ്ട് നിർമ്മിച്ച പേപ്പറിൽ Heliogravure പ്രക്രിയയിലൂടെ ആണ് ഈ സ്റ്റാമ്പുകൾ അച്ചടിച്ചത്. ഇന്ത്യൻ കാലാവസ്ഥയിൽ ഈ സ്റ്റാമ്പിന്റെ പശ കൂടി ഒട്ടിപ്പിടിക്കുന്ന ഒരു പ്രശ്നമുണ്ടായിരുന്നു. തുടക്കത്തിൽ ഈ സ്റ്റാമ്പുകളുടെ വിൽപ്പന 1948 നവംബർ 15-ന് അവസാനിക്കുന്ന തരത്തിൽ 3 മാസത്തേക്ക് പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ഇതിന്റെ വിൽപ്പന 1948 ഡിസംബർ 31 വരെ നീട്ടി. 

വിദേശ വസ്തുക്കൾ ബഹിഷ്കരിച്ച് സ്വയംപര്യാപ്തതക്കും സ്വദേശി വസ്തുക്കളുടെ പ്രചാരണത്തിനുമായി ജീവിതം ഉഴിഞ്ഞു വച്ച മഹാന്റെ സ്മരണിക അച്ചടിച്ചത് ഒരു വിദേശ പ്രസ്സിലാണെന്നത് വലിയ വിരോധാഭാസമായിരുന്നു. സർക്കുലേഷനിൽ ഇല്ലെങ്കിൽ തന്നെയും, ഇപ്പോഴും ഈ സ്റ്റാമ്പുകൾ ലോകമെമ്പാടുമുള്ള സ്റ്റാമ്പ് ശേഖരക്കാരുടെ പ്രിയപ്പെട്ട സ്റ്റാമ്പുകൾ ആണ്. 

Friday 26 January 2024

ഇന്ത്യ റിപ്പബ്ലിക്കിന്റെ ഉദ്ഘാടന സ്റ്റാമ്പുകൾ - JAN 26, 1950

ഏവർക്കും അറിയാവുന്നത് പോലെ, ഇന്ത്യ സ്വതന്ത്ര ജനാധിപത്യ പരമാധികാര രാഷ്ട്രം (Republic) ആയി പ്രഖ്യാപിക്കപ്പെട്ടത് 1950 ജനുവരി 26-ന് ആയിരുന്നു. "യൂണിവേഴ്സൽ അഡൽറ്റ് ഫ്രാഞ്ചൈസി" എന്ന തത്വത്തിൽ അധിഷ്ഠിതമായ ജനാധിപത്യ സമ്പ്രദായമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ലിംഗം, വംശം, മതം, സാമൂഹിക സാമ്പത്തിക നില അല്ലെങ്കിൽ മറ്റേതെങ്കിലും വിവേചനപരമായ ഘടകങ്ങൾ എന്നിവ പരിഗണിക്കാതെ, പ്രായപൂർത്തിയായ ഓരോ പൗരൻ്റെയും വോട്ട് ചെയ്യാനുള്ള അവകാശത്തിനായി നിലകൊള്ളുന്ന ജനാധിപത്യ തത്വമാണ് യൂണിവേഴ്സൽ അഡൽറ്റ് ഫ്രാഞ്ചൈസി. ജനാധിപത്യ പ്രക്രിയയിൽ ഓരോ പൗരനും തുല്യ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു അടിസ്ഥാന ആശയമാണിത്. ഇതിന്റെ പ്രധാന സവിശേഷതകൾ മുതിർന്നവരുടെ വോട്ടവകാശം, എല്ലാ വിഭാഗം പൗരന്മാരെയും ഉൾച്ചേർക്കൽ, തുല്യ വെയിറ്റേജ്, വിവേചന രാഹിത്യം, ജനാധിപത്യ മൂല്യങ്ങൾ മുതലായവയാണ്‌. ഈ തത്വം ലോകമെമ്പാടുമുള്ള പല ജനാധിപത്യ രാജ്യങ്ങളുടെയും ഭരണഘടനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1949 നവംബർ 26-ന് ഭരണഘടനാ അസംബ്ലി അംഗീകരിച്ച ഇന്ത്യൻ ഭരണഘടന, രണ്ട് മാസത്തിന് ശേഷം 1950 ജനുവരി 26-ലാണ് പ്രാബല്യത്തിൽ വന്നത്. ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി തിരഞ്ഞെടുത്തതിന് പിന്നിൽ കൃത്യമായ ഒരു കാരണമുണ്ട്. 1929-ലെ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ ചരിത്രപരമായ "പൂർണ്ണ സ്വരാജ്" പ്രമേയം അവതരിപ്പിക്കപ്പെട്ടു. തുടർന്ന്, 1930 ജനുവരി 2-ന് ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ജനുവരി 26 "പൂർണ സ്വരാജ് ദിന"മായി ആചരിക്കാൻ തീരുമാനിച്ചു. 1947 ഓഗസ്റ്റ് 15-ന് മുമ്പ്, 1930 മുതൽ എല്ലാ വർഷവും ജനുവരി 26 പൂർണ്ണ സ്വരാജ് ദിനം (സമ്പൂർണ്ണ സ്വാതന്ത്ര്യ ദിനം" ആയിട്ടാണ് ആചരിച്ചിരുന്നത്. ഈ പ്രത്യേകത ഉള്ളത് കൊണ്ടാണ് ഭരണഘടന പ്രാബല്യത്തിൽ വരേണ്ടതും അതിലൂടെ ഇന്ത്യ റിപ്പബ്ലിക്ക് ആകുന്നതും ജനുവരി 26-ന് ആകണമെന്ന് രാഷ്ട്രശിൽപ്പികൾ തീരുമാനിച്ചത്. 

ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ഉദ്ഘാടനത്തിൻ്റെ സ്മരണയ്ക്കായി 1950 ജനുവരി 26-ന്  4 പോസ്റ്റൽ സ്റ്റാമ്പുകളുടെ പ്രത്യേക സെറ്റ് പുറത്തിറക്കി. REPUBLIC OF INDIA INAUGURATION JAN 26, 1950 എന്ന ടാഗ്‌ലൈൻ വച്ചിറക്കിയ ആ  സ്റ്റാമ്പുകളുടെ ഡിസൈനുകൾ വളരെ ലളിതവും പ്രതീകങ്ങൾ നിറഞ്ഞതുമാണ്. 

REJOICING CROWDS എന്ന പേരിൽ ഇറക്കിയ 2 അണ വിലയുള്ള സ്റ്റാമ്പിൽ
"പതാകകളും കാഹളവുമായി ജനങ്ങൾ നടത്തുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ ഉള്ള രണ്ട് കുട്ടികളുടെ" ചിത്രീകരണമാണ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ സമ്പൂർണ രാഷ്ട്രപദവിയുടെ പ്രഖ്യാപനത്തിൽ ജ
ങ്ങൾക്കുള്ള സന്തോഷത്തെയാണ് ഈ സ്റ്റാമ്പ് പ്രതീകവൽക്കരിക്കുന്നത്.

QUILL, INK WELL AND VERSE എന്ന തീമിലുള്ള സ്റ്റാമ്പിന്റെ വില 3.50 അണ ആയിരുന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗീതമായ "രഘുപതി രാഘവ് രാജാ റാം" ന്റെ പശ്ചാത്തലത്തിൽ "ഒരു എഴുത്ത് തൂവലും മഷി പാത്രവും" ചിത്രീകരിച്ചിരിക്കുന്നു. ഇത് രാജ്യം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ പുരോഗതിയെ ആയിരുന്നു പ്രതീകവൽക്കരിച്ചത്. 


CORN AND PLOUGH എന്ന പേരിൽ ഇറക്കിയ 4 അണ വിലയുള്ള സ്റ്റാമ്പിൽ "ഒരു കതിർക്കുലയും കലപ്പ"യും ആണ് ചിത്രീകരിച്ചിരുന്നത്. ഭാരതത്തിന്റെ മഹത്തായ കാർഷിക സംസ്കൃതിയെ ആണ് സ്റ്റാമ്പിലെ ഈ ചിത്രീകരണം പ്രതീക വൽക്കരിക്കുന്നത്.

CHARKA AND CLOTH  എന്ന പേരിൽ ഇറക്കിയ 12 അണ വിലയുള്ള സ്റ്റാമ്പിൽ "ചർക്ക" ആണ് ചിത്രീകരിക്കപ്പെട്ടത്. ഭാരതത്തിന്റെ സ്വദേശി കുടിൽ വ്യവസായങ്ങളെയാണ് സ്റ്റാമ്പിലെ ഈ ചിത്രീകരണം പ്രതീകവൽക്കരിക്കുന്നത്.





Thursday 25 January 2024

വോട്ട് !! അത് മാത്രമേ ജനാധിപത്യത്തിൽ സാധാരണ പൗരന് ചെയ്യാനുള്ളൂ....!!!


ഇന്ന് ജനുവരി 25. വോട്ടിന് തുല്യം വോട്ട് മാത്രം എന്ന് രാജ്യത്തെ പൗരന്‍മാരോട് ആഹ്വാനം ചെയ്‌ത് കൊണ്ടാണ് ദേശീയ സമ്മതിദായക ദിനം (National Voter's Day) ആചരിക്കുന്നത്. 1950 ജനുവരി 25 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം കൊണ്ടതിന്‍റെ ഓര്‍മയ്ക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. 2011 മുതലാണ് രാജ്യം വേട്ടേഴ്‌സ് ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനായാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. 

വോട്ടവകാശമുള്ള നല്ലൊരു ശതമാനം പൗരന്മാരും രാഷ്ട്രീയത്തിൽ നിന്നും വോട്ട് ചെയ്യുന്നതിൽ നിന്നും വിട്ട് നിൽക്കുകയും കൂടുതൽ പേര് അരാഷ്ട്രീയതയിലേക്ക് നടന്നടുക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. രാഷ്ട്രീയക്കാർ ചെയ്യുന്ന അഴിമതി, സ്വജനപക്ഷപാതം, അധികാര ദുരുപയോഗം, മത വർഗ്ഗീയ സാമുദായിക പ്രീണനം തുടങ്ങി എണ്ണമറ്റ മോശം പ്രവണതകളാണ് ജനസാമാന്യത്തെ അതിവേഗത്തിൽ അരാഷ്ട്രീയ വൽക്കരിക്കുന്നതെന്ന ആരോപണത്തിൽ കഴമ്പുണ്ട്.  

സത്യത്തില്‍ എന്താണ് നമ്മുടെ നാട്ടിലെ ജനാധിപത്യ - രാഷ്ട്രീയ പരിതസ്ഥിതി !!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നില്‍ക്കുന്ന ഒരു സംവിധാനമാണ് ഇന്നത്തെ
ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായ Legislature, Executive, Judiciary എന്നിവയില്‍ എല്ലാം ഇത് പ്രകടമാണെങ്കിലും, തിരഞ്ഞെടുപ്പാണ് നമ്മുടെ വിഷയം എന്നത് കൊണ്ട് ഈ ചര്‍ച്ച Legislature ല്‍ മാത്രം ഒതുക്കാമെന്ന് കരുതുന്നു. ഇവിടെ ഉയര്‍ന്ന ഭരണ സഭകളില്‍ കയറി ഇരിക്കുന്നവര്‍ ജന്മിമാരും പ്രാദേശിക ഭരണ സഭകളില്‍ നുഴഞ്ഞു കയറിയവര്‍ മിച്ചവാരക്കാരും രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകത്തൊഴിലാളികളും ആണെന്ന് വേണമെങ്കില്‍ നിരീക്ഷിക്കാം.

ഈ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ഇന്ത്യന്‍ ജനാധിപത്യ ക്രമത്തില്‍ സാധാരണ പൌരനുള്ള ഏക അവകാശം വോട്ട് ചെയ്യാനുള്ള അവകാശമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു വോട്ട് രേഖപ്പെടുത്തുന്നത് വരെ ഉള്ള ചെറിയ കാലയളവിലാണ് ഇവിടെ പൌരന് എന്തെങ്കിലും ഒരു വിലയുള്ളത്. അത് കഴിഞ്ഞാല്‍,
നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജന പക്ഷപാതം, അഴിമതി, കയ്യിട്ടു വാരല്‍ തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും മുഴുകി ജീവിക്കും. ഇതിനു ഭരണ പക്ഷം, പ്രതി പക്ഷം, മൂന്നാം ബദൽ എന്ന യാതൊരു വിധ ഭേദവും ഇല്ല.

ഒരേ തൊഴിലെടുക്കുന്ന പല കമ്പനികളിലെ തൊഴിലാളികളാണിവിടുത്തെ രാഷ്ട്രീയക്കാർ. ചിലപ്പോൾ തോന്നും, ഇവിടെയാണ്‌ യഥാര്‍ത്ഥ അദ്വൈതം പുലരുന്നതെന്ന്. ജനാധിപത്യ ഗോപുരത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇതിനെല്ലാം കുഴലൂതുകയും ചെയ്യുന്നു. ഇതെല്ലാം കണ്ടു മടുത്ത് ക്ഷമയുടെ എല്ലാ പരിധികളും ലംഘിക്കപ്പെട്ട ജനതയുടെ നല്ലൊരു ശതമാനം ജനാധിപത്യ നിരാസത്തിലേക്കും അരാഷ്ട്രീയ വാദത്തിലേക്കും പ്രതിഷേധ മനോഭാവത്തിലേക്കും വീണു കിടക്കുന്ന അവസരത്തിലായിരിക്കും സാധാരണ ഗതിയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാറുള്ളത്. 

ഒരു തിരഞ്ഞെടുപ്പ് വരെ ഭരിച്ചവർ നന്നായി ഭരിച്ചിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിനുള്ള അംഗീകാരം എന്ന നിലയില്‍ അവര്‍ക്ക് ഒരു വോട്ട് ചെയ്യുക.

അല്ല, അവർ ജനാഭിലാഷത്തിനു എതിരായിട്ടാണ് ഭരിച്ചതെങ്കില്‍ അവരെ വലിച്ചു താഴെയിടാന്‍ വേണ്ടി നമ്മുടെ മുന്നിലുള്ള ഏതെങ്കിലും ബദൽ പക്ഷത്തിന്  ഒരു വോട്ട് ചെയ്യാം.

ബാലറ്റ്‌ ലിസ്റ്റിലെ ആരും തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ലെങ്കില്‍ വോട്ടിംഗ് യന്ത്രത്തിന്റെ താഴെ ഭാഗത്ത്‌ തെല്ല് നിഷേധ ഭാവത്തില്‍ അവനുണ്ടാകും. ഇന്ത്യൻ ജനാധിപത്യലോകത്ത് ജനിച്ചിട്ട് അധികം പ്രായമാകാത്ത, സ്വന്തമെന്നു അവകാശപ്പെടാന്‍ ഒരു തിരഞ്ഞെടുപ്പ് ചിഹ്നം പോലുമില്ലാതിരുന്ന "നോട്ട- None of the Above". ഇന്നവനും വളർന്ന് ഒരു ചിഹ്നം സ്വന്തമാക്കി നിങ്ങളുടെ ഒരു ഞെക്കിന് വേണ്ടി കാത്തിരിപ്പുണ്ട്‌. ബാലറ്റ് ലിസ്റ്റിലെ ഒരു സ്ഥാനാർത്ഥിയും എന്റെ വോട്ടിന് യോഗ്യനല്ല എന്ന് വിളിച്ചു പറയാൻ കിട്ടുന്ന അമൂല്യ സൗഭാഗ്യം. അതിന്റെ എണ്ണം കൂടുമ്പോള്‍ ചിന്താശേഷി ഇനിയും കൈമോശം വന്നു പോവാത്ത രാഷ്ട്രീയക്കാരന് നയങ്ങളും നിലപാടുകളും തിരുത്താന്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയേക്കാം. 

നിങ്ങളൊരു സ്വതന്ത്ര രാജ്യത്തെ പൗരനാണ്. ജനാധിപത്യക്രമത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ വോട്ട് രേഖപ്പെടുത്തുക എന്നത് നിങ്ങളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തമാണ്; പൗര ധര്‍മ്മമാണ്. നമ്മള്‍ കൊടുക്കുന്ന നികുതിപ്പണമാണ് ഭാരിച്ച ചിലവുകൾ ഉള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്നത് എന്നോര്‍ക്കുക. വോട്ടവകാശം ഉണ്ടായിട്ടും വോട്ട് ചെയ്യാത്ത ഒരുവന് ഇവിടെ നിലവില്‍ വരുന്ന ഭരണ സംവിധാനത്തെയോ ഭരണപരമായ കുറവുകളെയോ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ ധാര്‍മ്മികമായ അവകാശമില്ല എന്നോര്‍ക്കുക. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതാണെങ്കില്‍ എന്തിന് നിശബ്ദനായിരിക്കണം?. പ്രത്യേകിച്ച് മാറ്റം വരുത്താന്‍ നിങ്ങള്‍ക്ക് അവകാശമുളളപ്പോള്‍. നിങ്ങള്‍ വിശ്വസിക്കുന്നതിനായി നിലകൊള്ളുക, വോട്ട് രേഖപ്പെടുത്തുക. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള ആളെ തെരഞ്ഞെടുക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം' - ഈ മനോഭാവത്തോടെ നിങ്ങളുടെ വോട്ടവകാശം ഉറപ്പായും വിനിയോഗിക്കുക. അലസതയും നിസ്സംഗതയും അരാഷ്ട്രീയവാദവും ഉപേക്ഷിച്ച് ഇപ്പോഴേ പോളിംഗ് ഡേറ്റിൽ സ്വന്തം നിയോജക മണ്ഡലത്തിൽ സന്നിഹിതനാകാൻ  വിധത്തിൽ പ്ലാനിങ് നടത്തൂ; തിരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്ക് പോകൂ... രേഖപ്പെടുത്തൂ; നിങ്ങളുടെ വിലയേറിയ പൌരാവകാശം....




Sunday 3 December 2023

നൊസ്റ്റാൾജിയ നിറച്ച ഗോലി സോഡാ കുപ്പികൾ


സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ നിറച്ച് വിതരണത്തിനുപയോഗിക്കുന്ന ഒരു തരം കുപ്പിയാണ് കോഡ്-നെക്ക് ബോട്ടിൽ. ഒരുറബ്ബർ വാഷറും കുട്ടികൾ കളിക്കാനുപയോഗിക്കുന്ന ഗോലി പോലൊരു ഗ്ലാസ് ബോളും ചേർത്തുള്ള ഒരു ക്രമീകരണമായിരുന്നു ഇതിന്റെ ക്ലോസിംഗ് ഡിസൈൻ.

ഇംഗ്ലണ്ടിലെ ഒരു ശീതളപാനീയ നിർമ്മാതാവ്വായിരുന്ന ഹിറാം കോഡ് കാർബണേറ്റഡ് പാനീയങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഇത്തരം കുപ്പികൾ. ഉള്ളിൽ നിറക്കുന്ന ഗ്യാസിന്റെ പ്രഷറിനെ നേരിടാൻ പാകത്തിന് കട്ടിയുള്ള ഗ്ലാസും അതിന്റെ കഴുത്തിൽ ഒരു "ഗോലി"യും ആ ഗോലിയെ കുപ്പിയോട് എയർ ടൈറ്റായി ചേർത്ത് നിർത്തുന്ന റബ്ബർ വാഷറും ആ ഗോലിയുടെ പൊസിഷൻ ക്രമീകരിക്കത്തക്ക വിധത്തിലുള്ള ഒരു പൊഴിയും ഉൾക്കൊള്ളിച്ചായിരുന്നു ഇത്തരം കുപ്പിയുടെ രൂപ കൽപ്പന. കോഡ് രൂപകൽപ്പന ചെയ്ത കുപ്പി  നിലയിലാണ് ഇത്തരം കുപ്പികൾക്ക് കോഡ് ബോട്ടിൽ എന്ന വിളിപ്പേര് കിട്ടിയത്. കോഡ് ഈ കുപ്പി ഡിസൈനിനു പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു.

ഗ്യാസ് നിറച്ച കുപ്പികൾ തല കീഴായിട്ടാണ് ക്രെയിറ്റുകളിൽ സൂക്ഷിക്കുന്നത്. കുപ്പിയിലെ ഗ്യാസിന്റെ പ്രഷർ ഗോലിയെ വാഷറുമായി ജാമാക്കുകയും ഗ്യാസ് പുറത്ത് പോകാത്ത വിധത്തിൽ അടയുകയും ചെയ്യുന്നു. കുപ്പി തുറക്കാൻ വേണ്ടി വിരൽ കൊണ്ടോ ഓപ്പണർ കൊണ്ടോ ഗോലി ഉള്ളിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. അപ്പോൾ കുപ്പിയിൽ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പൊഴിയിൽ ഈ ഗോലി പോയി കിടക്കും. തുറന്ന ശേഷം ഒരു പ്രത്യേക പൊസിഷനിൽ ഈ ഗോലി നിർത്തിയാലേ കുപ്പിയിലുള്ള ദ്രാവകം പുറത്തേക്ക് വരൂ. . 

ഒന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് വരെ കോഡ് ബോട്ടിലുകൾ പതിവായി ഉൽ‌പാദിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ക്രമേണ ഇതിന്റെ ഉപയോഗത്തിൽ കുറവുണ്ടായി. ഇപ്പോൾ ഡിസൈൻ പ്രത്യേകത കൊണ്ടും വിന്റേജ് കുപ്പികൾ എന്ന നിലയിലും ഇവ ഹോബിയിസ്റ്റുകളുടെ പ്രിയപ്പെട്ട ശേഖരവസ്തുവായി മാറി. അപൂർവ്വം ചിലയിടങ്ങളിൽ ഇപ്പോഴും കോഡ് ബോട്ടിലിൽ നിറച്ച സോഡയും കാർബണേറ്റഡ് പാനീയങ്ങളും ലഭ്യമാണ്.

ഗോട്ടി സോഡാ, കല്ല് സോഡ, കായ സോഡ, വട്ട് സോഡ എന്നീ പ്രാദേശിക വിളിപ്പേരുകളും കേട്ടിട്ടുണ്ട്.