ഞാൻ വെറും പോഴൻ

Monday 12 March 2018

കുടവയറന്‍ TV യും മീന്‍ മുള്ള് പോലുള്ള TV ആന്റിനയും അങ്ങനെ ഒരൂട്ടം കാര്യങ്ങളും...












ചാനൽ അതി പ്രസരത്തിന്റെ വർത്തമാന കാലഘട്ടത്തിന് ദശാബ്ദങ്ങൾ പിന്നിലായിരുന്നു എന്റെ ബാല്യകാലം. അന്നൊന്നും കേബിൾ ഓപ്പറേറ്റർമാരോ DTH ഓപ്പറേറ്റർമാരോ ആയിരുന്നില്ല ടി വി
ചാനലുകൾ കാണിച്ചു തന്നിരുന്നത്. വീടിന്റെ മുകളിൽ സ്ഥാപിക്കപ്പെട്ട
മീൻ മുള്ളിനോട് രൂപ സാദൃശ്യമുള്ള അലൂമിനിയം TV ആന്റിന ആയിരുന്നു അന്ന് ടി വി സിഗ്നലുകൾ ആകാശത്ത് നിന്ന് പിടിച്ചെടുത്തു പഴയ കുട വയറൻ ടി വി സെറ്റുകളിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നിരുന്നത്. (ഫ്ലാറ്റ് സ്ക്വയർ ട്യൂബ്, ഫുൾ ഫ്ലാറ്റ് സ്ക്വയർ ട്യൂബ് ടി വി-കൾ വന്ന ആ കാലത്ത് ഐശ്വര്യ റായി അഭിനയിച്ച, ഒരു ടി വിയുടെ പരസ്യമുണ്ടായിരുന്നു. നിങ്ങളുടെ ടി വി യുടെ സ്ക്രീൻ അവരുടെ വയറ് പോലെ ഫ്ലാറ്റ് ആണോ എന്നു ചോദിച്ചു കൊണ്ട്). ടി വി യുടെ ആദ്യകാലങ്ങളിൽ സാമ്പത്തികമായി ഏറെ മുന്നോക്കം നിൽക്കുന്നവരുടെ വീടുകളിൽ മാത്രമേ ടി വി ഉണ്ടായിരുന്നുള്ളൂ. ടി വി യുള്ള വീടുകളിൽ മുൻപ് പറഞ്ഞ തരം ആന്റിന ഉണ്ടാവുമായിരുന്നു. പൊങ്ങച്ചം കാണിക്കാൻ ആന്റിന മാത്രം വീടിനു മുകളിൽ പിടിപ്പിച്ചിരുന്ന ചിലരും ഉണ്ടായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ മരണം. അന്ന് അവരുടെ ശവസംസ്കാരം കാണാൻ എന്റെ ഒരു സഹപാഠിയുടെ വീട്ടിൽ നൂറു കണക്കിന് ആളുകളാണ് തടിച്ചു കൂടിയിരുന്നത്. (ആ നാട്ടിൽ ആകെ അവിടെ മാത്രമാണ് ഒരു ടി വി ഉണ്ടായിരുന്നത്; അതും ബ്ലാക്ക്‌ & വൈറ്റ്). മറഡോണ ഹീറോ ആയിരുന്ന ഫുട്‌ബോൾ ലോക കപ്പ്‌, ജോൺ പോൾ മാർപ്പാപ്പയുടെ കേരള സന്ദർശനം ഇവ എല്ലാം അയല്പക്കക്കാരുടെ സൌജന്യത്തിലാണ് ഞാൻ കണ്ടത്.
കാസെറ്റ് ഇട്ടു സിനിമ കാണുന്ന വീ സീ ആർ, വീ സീ പീ എല്ലാം അത്യപൂർവ്വം ആയിരുന്നു. സ്വന്തമായി വീ സീ ആർ, വീ സീ പീ ഇല്ലാത്തവർ അത് വാടകക്ക് എടുത്ത് കാണുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു; പക്ഷെ അത് പോലും അപൂർവ്വം ആയിരുന്നു. അഥവാ വാടകക്ക് എടുത്താൽ ഒരു ദിവസം കൊണ്ട് പരമാവധി സിനിമകൾ കണ്ടു മുതലാക്കിയിട്ടെ അത് തിരികെ കൊടുക്കുമായിരുന്നുള്ളൂ. കല്യാണങ്ങൾക്കു വീഡിയോ എടുക്കുന്നത് ഒരു അത്യപൂർവ്വ സംഭവം ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് (കോളേജിൽ പോലും) വീഡിയോ കാസറ്റ്‌ കൈമാറുന്നതും മറ്റും ഒരു സ്റ്റാറ്റസ് സിമ്പൽ ആയിരുന്നു.
എന്റെ ബാല്യ കാലത്ത് ആകെ ഉണ്ടായിരുന്ന ചാനൽ ദൂരദർശൻ ആയിരുന്നു. വിനോദ ഉപാധി എന്നതിനപ്പുറത്ത് പല വിധ വിവരങ്ങളും അത് പറഞ്ഞു തന്നിരുന്നു. അന്ന് നാഷണൽ ചാനൽ വഴി ഹിന്ദി സംപ്രേക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പ്രാദേശിക ഭാഷകളിൽ സംപ്രേക്ഷണം ആരംഭിച്ചു. അയല്പക്കത്തു ടി വി കാണാൻ പോവുക എന്നത് ഒരു നിത്യ സംഭവം ആയിരുന്നു.
പ്രക്ഷേപണം തുടങ്ങാൻ വേണ്ടി അക്ഷമയോടെ കാത്തിരുന്ന ആ നാളുകൾ. ഈ ലിങ്ക് ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് കേൾക്കാം ഗൃഹാതുരത്വം നിറഞ്ഞ ആ സിഗ്നേച്ചർ മ്യൂസിക്‌.
അന്ന് ആഴ്ചയിൽ ഒരിക്കൽ അര മണിക്കൂറായിരുന്നു സീരിയലുകൾ ഉണ്ടായിരുന്നത്; പിന്നീടത് ദിവസത്തിൽ ഒരിക്കലായി; പിന്നെ സീരിയലുകളുടെ ദൈർഖ്യം ഒരു മണിക്കൂറായി. രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. രാമായണം കാണുവാൻ ഗ്രാമങ്ങൾ മുഴുവനും ലഭ്യമായ ഒന്നോ രണ്ടോ ടി.വി.കളുടെ മുമ്പിൽ ഒത്തുകൂടി ഇരിക്കാറുണ്ടായിരുന്നു എന്നും ടി.വി.ക്ക് മുന്നിൽ ആരതിയും പുഷ്പാർച്ചനയും നടത്താറുണ്ടായിരുന്നു എന്നുമൊക്കെ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. ആ സീരിയലിൽ സീതയായി അഭിനയിച്ച നടി (ദീപിക ചിഖ്‌ലിയ) ഒരു സോപ്പു പരസ്യത്തിൽ അഭിനയിച്ചപ്പോൾ അത് ജനങ്ങൾക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. ജനങ്ങൾക്കിടയിൽ അത്രയേറെ ശക്തമായ സ്വാധീനമുള്ള മാധ്യമമായിരുന്നു ദൂരദർശൻ. രംഗോളി, ചിത്രഹാർ, സുരഭി, വേൾഡ്‌ ദിസ്‌ വീക്ക്‌, മാൽഗുഡി ഡേയ്സ് തുടങ്ങിയവ ആ കാലഘട്ടത്തിലെ മറ്റു ജനകീയ പരിപാടികൾ ആയിരുന്നു. ഫൌജി എന്നൊരു പരമ്പരയിൽ ആണ് ഇന്നത്തെ ബോളിവുഡ് സൂപ്പർ താരം ഷാരുക് ഖാൻ ആദ്യമായി ടി വി യിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. പക്ഷെ അദ്ദേഹം അഭിനയിച്ച സർക്കസ് എന്ന സീരിയലായിരുന്നു കുറച്ചു കൂടി ജനപ്രിയമായത് എന്നാണ് ഞാനോർക്കുന്നത്.
1985-ലാണ് തിരുവന്തപുരം ദൂരദർശൻ കേന്ദ്രം തുടങ്ങിയത്. "സ്വാതി തിരുന്നാൾ" എന്ന സിനിമയായിരുന്നു ആദ്യമായി സംപ്രേക്ഷണം ചെയ്ത മലയാള സിനിമ എന്നാണ് എന്റെ ഓർമ്മ. ചിത്രഗീതം, മലയാള വാർത്തകൾ, തിരനോട്ടം, പ്രതികരണം ഇവ വളരെ ജനകീയമായ പരിപാടികൾ ആയിരുന്നു. വാർത്തക്ക് മുൻപുള്ള ആ മ്യൂസിക്‌ വേറിട്ടുള്ള ഒരു അനുഭവം തന്നെ ആയിരുന്നു. ഇന്നത്തെപ്പോലെ "വാക് അതിസാരം" (verbal diarrhea) ബാധിച്ച, മനുഷ്യനെ മടുപ്പിക്കുന്ന വാർത്താനുഭവമായിരുന്നില്ല അന്നത്തേത്. വാർത്തയുടെ Intro Music കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അത് പോലെ വേറിട്ടൊരു അനുഭവമായിരുന്നു പരിപാടിക്കിടയിൽ നേരിട്ട് കൊണ്ടിരുന്ന തടസ്സങ്ങൾ. ദൂരദർശൻ കേന്ദ്രത്തിൽ വൈദ്യുതി തടസം വരുമ്പോഴോ പരിപാടിയിൽ നിന്ന് ഏതെങ്കിലും ഭാഗം സെൻസർ ചെയ്യേണ്ടതായി വരുമ്പോഴോ ആണ് ഈ ചങ്ങാതി ക്ഷണിക്കാതെ കയറി വരാറ്...
അന്നത്തെ പരസ്യങ്ങൾ, ഫിലിംസ് ഡിവിഷൻ ഡോകുമെന്ററികൾ, എല്ലാം തന്നെ നൊസ്റ്റാൾജിക് ഫീൽ തരുന്നവ ആയിരുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് ഗൃഹാതുരമായ ആ കാഴ്ചകൾ വീണ്ടും കാണാം....
നിർമ്മ അലക്കുപൊടിയുടെ പരസ്യം

ട്രീ ഓഫ് യൂണിറ്റി - ഫിലിം ഡിവിഷൻ ഡോക്യുമെന്ററി
മിലെ സുർ മേരാ തുമാരാ - ദേശീയോത്ഗ്രഥന ഗാനം
ബജാജ് സ്‌കൂട്ടർ പരസ്യം - ഹമാരാ ബജാജ്...ഹമാരാ ബജാജ്...
രസ്ന സോഫ്റ്റ് ഡ്രിങ്ക് പരസ്യം...
ഫ്ലോപ്പ് ഷോ - By ജസ്പാൽ ഭട്ടി...
Baje Sargam - Collaboration of the Indian maestros..
സുരഭി - പ്രതിവാര കലാ സാംസ്കാരിക പരിപാടി...
ജംഗിൾ ബുക്ക്...

No comments:

Post a Comment