ഞാൻ വെറും പോഴൻ

Thursday 1 March 2018

തുറിച്ചു നോക്കാത്ത മലയാളി എന്തിനാണ് ഇത്ര പ്രകോപിതനാവുന്നത് !!???

മാതൃഭൂമി പുരോഗമന വിപ്ലവ പ്രസ്ഥാനമൊന്നുമല്ലാത്തിടത്തോളം കാലം ഗൃഹലക്ഷ്മിക്ക് ഈ മുഖചിത്രം കച്ചവടമാണെന്ന കാര്യത്തിൽ തർക്കമൊന്നും എനിക്കില്ല; ആശയത്തെക്കാൾ ആമാശയം തന്നെയായിരിക്കും ഇത്തരമൊരു ചിത്രം ഇട്ടതിന് പിന്നിൽ. പക്ഷെ, ഇതിലൂടെ അവർ മുന്നോട്ട് വയ്ക്കാൻ ശ്രമിച്ച ആശയം ഏറെ പ്രസക്തമാണ്. 
മോഡലിനെ സംബന്ധിച്ചും ഇത് വയറ്റിപ്പിഴപ്പ് തന്നെയാണ്. അവർ കല്യാണം കഴിച്ചതാണോ അമ്മയായതാണോ നോക്കിയത് ക്യാമറയിലാണോ നിങ്ങളെ തുറിച്ചു നോക്കിയോ മാതൃത്വം ചുരക്കുന്നുണ്ടോ എന്ന ചർച്ചകൾക്കൊന്നും, അഡ്രസ്സ് ചെയ്യേണ്ട വിഷയത്തോളം പ്രാധാന്യം ഇല്ലെന്നാണ് എന്റെ പക്ഷം (For clarity "എന്റെ" പക്ഷം)
മോഡൽ എന്ന് പറയുമ്പോൾ ആ കുഞ്ഞും മോഡലാണ്; സിനിമകളിലും മറ്റു ചിത്രീകരണങ്ങളിലും സംഭവിക്കുന്നത് പോലെ കുഞ്ഞിന്റെ മാതാപിതാക്കളായിരിക്കും ഈ മോഡലിങ്ങിന് കരാറൊപ്പിട്ടതും പണം കൈപ്പറ്റിയതും. അപ്പോൾ നിയമനടപടികളിൽ അവരും കുരുങ്ങാനാണ് സാധ്യത. 

ഒരു കൊച്ചു കുഞ്ഞിന്റെ വായിൽ മറ്റൊരു സ്ത്രീയുടെ മുല തിരുകിയത് ബാലാവകാശ ലംഘനമോ ബാല പീഡനമോ ആയി തോന്നിയാൽ നിയമവഴിയെ നേരിടുകയാണ് ശരി. 
ഇനി മുല പരസ്യമായി പ്രദർശിപ്പിച്ചത് നിയമപരമായി തെറ്റാണെങ്കിൽ അതും നിയമം വഴി നേരിടണം.

ചില സദാചാരസംരക്ഷണക്കാരും ശിശുസ്നേഹികളും  പലരും കോടതിയെ സമീപിച്ച സ്ഥിതിക്ക് കോടതിവിധി എന്താവുമെന്നറായിയാനുള്ള ഒരു ആകാംക്ഷ എനിക്കുമുണ്ട്. പക്ഷെ, യാഥാർഥ്യബോധത്തോടെ ഇതിനെ വീക്ഷിച്ചാൽ കോടതി ഇതിനെ അനുകൂലിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

വാരികയുടെ ടൈറ്റിൽ ഇങ്ങനെയല്ലേ..."കേരളത്തോട് അമ്മമാർ പറയുന്നു; തുറിച്ചു നോക്കരുത്...." ഇതിൽ എവിടെയാണ് "പുരുഷന്മാരെ" "മാത്രമായി" "അപമാനിക്കൽ" എന്ന് മനസിലാവുന്നില്ല.
തുറിച്ചു നോട്ടം എന്ന കലാപരിപാടി ആണുങ്ങൾ മാത്രം ചെയ്യുന്ന കാര്യമല്ല. വീട്ടിലോ പരിചയത്തിലോ ഉള്ള സ്ത്രീകളോടൊന്ന് ചോദിച്ചു നോക്കൂ. ചൂളി തൊലിയുരിഞ്ഞ് പോകുന്ന നോട്ടം തന്ന ചേച്ചിമാരില്ലെ എന്ന് ? പൊതു ചടങ്ങുകളിൽ ഒന്ന് നിരീക്ഷിച്ചാൽ മാത്രം മതി; പൊതു സദാചാര ഡ്രസ്സ് കോഡിന് പുറത്ത് വസ്ത്രം ധരിച്ച് ഒരു പെണ്ണ് വന്നാൽ അവളെ നോക്കി ദഹിപ്പിക്കുന്നത് ചേട്ടന്മാരെക്കാൾ ചേച്ചിമാർ ആയിരിക്കും. പൊതുസ്ഥലത്തോ ബസിലോ ട്രെയിനിലോ ഒതുങ്ങിയും ചുരുങ്ങിയും ഒളിച്ചും പാത്തും മൂടി പുതച്ചും ഒക്കെ കഷ്ടപ്പെട്ടു കുട്ടികൾക്ക് പാല് കൊടുക്കാൻ ശ്രമിക്കുന്നത് തുറിച്ചല്ലെങ്കിലും പാളിയെങ്കിലും നോക്കുന്ന കണ്ണുകളെ പേടിച്ചിട്ടല്ലെങ്കിൽ പിന്നെ എന്തിനാണ് ?. ഞാൻ നോക്കാറില്ല; അത് കൊണ്ട് തന്നെ ആരും നോക്കാറില്ല എന്നൊക്കെ പറയുന്ന നിഷ്കളങ്കരോടും സത്യാന്വേഷികളോടും എന്ത് പറയാനാ ?. ഞാൻ ഒളിപ്പിച്ചു നോക്കാറില്ല എന്ന ആത്മവിശ്വാസമുള്ളവൻ പിന്നെ ഈ ആരോപണത്തിൽ ഹാലിളകുന്നത് എന്തിനാണ്; ഞാൻ ആ ടൈപ്പ് അല്ലാത്തതിൽ അഭിമാനിച്ചാൽ പോരെ. തുറിച്ചു നോക്കരുത് എന്ന് പറയുമ്പോൾ എല്ലാവരും തുറിച്ചു നോക്കുന്നു എന്നല്ല മനസിലാക്കേണ്ടത്; തുറിച്ചു നോക്കുന്നവരും ഉണ്ട്; ആ സ്ഥിതിക്ക് മാറ്റം വരണം എന്ന് മാത്രമാണ്. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത്, പൊതു ഇടങ്ങളിൽ പുകവലിക്കരുത്, സബ് വേയിൽ മൂത്രമൊഴിക്കരുത് എന്നൊക്കെ എഴുതി വയ്ക്കുന്നത് പൊതു സമൂഹത്തിലെ എല്ലാവരും അങ്ങനെ ചെയ്യുന്നവർ ആയത് കൊണ്ടാണോ ? അങ്ങനെ ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണം എന്ന ഉദ്ദേശ്യത്തിലാണ്. തീരെ ചെറുതല്ലാത്ത ഒരു വിഭാഗം മലയാളികൾ (വീണ്ടും, നിഷ്കളങ്കരും സത്യാന്വേഷികളും ക്ഷമിക്കുക; You are excluded) മറ്റുള്ളവരുടെ സ്വകാര്യതയിൽ തല കടത്താൻ താല്പര്യം കാണിക്കുന്നവർ ആണ്. ആഴ്ചയിൽ ഒന്നെങ്കിലും സദാചാരപോലീസിങ് റിപ്പോർട്ട് ചെയ്യപ്പെടുന്ന നാടാണിത്. 
പൊതുസ്ഥലത്ത് സമാധാനമായി മുലയൂട്ടാനുള്ള സൗകര്യം ഉണ്ടാകണം എന്ന് പറയുമ്പോൾ ഞങ്ങൾക്ക് മൂത്രമൊഴിക്കണം, ഞങ്ങൾക്ക് സ്വയംഭോഗം ചെയ്യണം എന്നൊക്കെ പറഞ്ഞുള്ള സർകാസ്റ്റിക്ക് കൗണ്ടർ ക്യാമ്പെയിനുമായി വരുന്ന "ഗൃഹലക്ഷ്മണൻ"മാരോട് നടുവിരൽ നമസ്കാരത്തോടെയുള്ള OMKV ആശംസിക്കാനേ തല്ക്കാലം തോന്നുന്നുള്ളൂ.
ഇപ്പോൾ കേൾക്കുന്നതിൽ ഭൂരിഭാഗവും ന്യൂറോട്ടിക്കായ കഴുതകളുടെ കരച്ചിലാണ്; ഇടക്ക് നിഷ്കളങ്കമായ ചില മോങ്ങലുകളും. ബലാൽസംഗക്കേസിലെയും ബാലപീഡനക്കേസുകളിലെയും പ്രതികൾ വരെ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും ശിശുനീതിയുടെയും അപ്പസ്തോലന്മാരായി പോസ്റ്റുകൾ ഇടുന്നുണ്ട്; പക്ഷെ അത് പലതും ആ മോഡലിന്റെയും ഈ കാമ്പെയിനിനെ അനുകൂലിച്ചവരുടെയും അമ്മയ്ക്കും പെണ്ണുംപിള്ളക്കും അവരുടെ ശരീരഭാഗങ്ങൾക്കും വിളിച്ചു കൊണ്ടാണെന്നതാണ് വലിയ തമാശ.

കുറഞ്ഞ പക്ഷം, ഗൃഹലക്ഷ്മി ഒരുപകാരം ചെയ്തു. "മുല" എന്ന വാക്കുപയോഗിക്കാനുള്ള സാമാന്യ മലയാളിയുടെ വല്ലായ്മയെ എങ്കിലും നല്ലൊരളവിൽ ഇല്ലായ്മ ചെയ്തു. മുല എന്ന വാക്ക് പോലും അശ്ലീലമായിട്ടാണ് മലയാളി കാണുന്നതെന്ന് തോന്നിയിട്ടുണ്ട്.
മാധ്യമങ്ങളിലെ ചില സൗന്ദര്യ-ആരോഗ്യ പംക്തികൾ വായിച്ചിട്ടുണ്ടോ ?
ചാനലുകളിലെ ഡോക്ടറോട് ചോദിക്കുന്ന പരിപാടികൾ ശ്രദ്ധിച്ചിട്ടുണ്ടോ ? 
ലൈംഗിക "വിദ്യാഭ്യാസ" ക്ളാസുകളും സെമിനാറുകളും കേട്ടിട്ടുണ്ടോ ?
അവിടെയൊന്നും "മുല" എന്ന മലയാളം വാക്ക് ആരും ഉപയോഗിക്കില്ല; സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ "ആര്യ"ഭാഷ പ്രയോഗിച്ച് മുലയിൽ നിന്ന് രക്ഷപ്പെടും. സ്തനം, മാറിടം, Breast ഒക്കെയായിരുന്നു അവിടെ താരങ്ങൾ. "അമ്മിഞ്ഞ" എന്ന് വരെ ഗൗരവമായ ചർച്ചകളിൽ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. 
ഈ ഗൃഹലക്ഷ്മി ഇറങ്ങിയത് മുതൽ  സോഷ്യൽ മീഡിയയിൽ മുലയാണ് താരം
ഗൃഹലക്ഷ്മി എടുത്ത് പുറത്തിട്ട മുല കപട സദാചാര മലയാളിയെ എത്ര കണ്ട് വിറളി പിടിപ്പിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ ചുമ്മാ ഒന്ന് കണ്ണോടിച്ചാൽ മതി....






കെ. പി. കേശവമേനോൻ പത്രാധിപരായിരുന്ന കാലത്ത് ഫോട്ടോ​ഗ്രാഫർ നമ്പീശൻ പകർത്തിയ ഈ ചിത്രം 1957 ജൂലൈ 7 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായിട്ടുണ്ട്. 


1984-ൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഇറക്കിയ പോസ്റ്റൽ സ്റ്റാമ്പിന്റെ ചിത്രമാണിത്.





അന്ന് ഈ നാട്ടിൽ ഇത്രയും സദാചാരക്കാർ ഇല്ലാതിരുന്നത് കൊണ്ട് ഇതൊക്കെ പുറത്തിറങ്ങി.....എന്താല്ലേ !!!!!???

ചില തുറിച്ചു നോട്ടങ്ങളെപ്പറ്റി എഴുതിയ ബ്ലോഗ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക....==>> നോട്ടങ്ങളും ചില "നോട്ട"പ്പിശകുകളും

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment