ഞാൻ വെറും പോഴൻ

Saturday 25 November 2017

ജനാധിപത്യകാലത്തെ സാഡിസ്റ്റുകളും ഫ്യൂഡൽ മാടമ്പികളും ....

ഗുളിക തൊണ്ടയില്‍ കുരുങ്ങിയ ഐലിൻ എന്ന അഞ്ചു വയസുകാരി ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനിടെ വാഹനം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിന്റെയും ചികത്സ  വൈകിയതിനെ തുടർന്ന് മരണമടഞ്ഞതിന്റെയും വാർത്ത വായിച്ചിട്ട് മറക്കാൻ സമയമായില്ല. ഒരു രാഷ്ട്രീയ സംഘടന നടത്തിയ പ്രകടനത്തിലും റോഡ് ബ്ളോക്കിലും കുരുങ്ങിയാണ് ആശുപത്രിയിലെത്താൻ വൈകിയതെന്നു പറഞ്ഞത്, അടിയന്തിരമായി വഴിയിൽ നിന്നും കുഞ്ഞിനെ കയറ്റി ആശുപത്രിയിലേക്ക് വണ്ടിയോടിച്ച ആൾ തന്നെയാണ്. ( https://goo.gl/FMZ8yt )

ചങ്ങനാശ്ശേരിയിൽ മണിക്കൂറുകൾ വഴിമുടക്കിയ ഘോഷയാത്രക്കെതിരെ പ്രതികരിച്ച ഗര്‍ഭിണിയായ വനിതാ ഡോക്ടറുടെ ഞെട്ടിക്കുന്ന അനുഭവം വായിച്ചു മറന്നിട്ടും അധികനാൾ ആയില്ല. ( https://goo.gl/2MJzmc )

മുൻ സർക്കാരിന്റെ കാലത്ത്, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ബൈപ്പാസ് റോഡില്‍ സിഗ്നല്‍ ലൈറ്റുകള്‍ അണച്ച് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ കൊടുങ്ങല്ലൂർ ചേരമാന്‍ ജുമാ മസ്ജിദിന് സമീപത്തുള്ള സിഗ്നല്‍ പോസ്റ്റില്‍ വച്ച്  കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത് വ്യാപക പരാതിക്കിടയാക്കിയിരുന്നു. ബൈപ്പാസ് റോഡിലൂടെ വി ഐ പി കടന്നുപോകുന്നതിന് സിഗ്നല്‍ തടസ്സമാകാതിരിക്കുന്നതിന് വേണ്ടി ലൈറ്റ് സിഗ്നല്‍ ഓഫാക്കി ഗതാഗതനിയന്ത്രണം പോലീസ് ഏറ്റെടുക്കുകയും സിഗ്നല്‍ ഇല്ലാതായതോടെ, പോലീസ് നിയന്ത്രണം ഗൗനിക്കാതെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞതുമാണ് അപകടവും ഗതാഗതക്കുരുക്കും സൃഷ്ടിച്ചത്. 

ഉമ്മന്‍ചാണ്ടിക്കും അകമ്പടി വാഹനങ്ങള്‍ക്കും കടന്നു പോകാൻ വേണ്ടി പോലീസ്, കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ ആംബുലൻസ് തടഞ്ഞു നിർത്തിയിട്ടതും വാർത്തയും വിവാദവുമായിരുന്നു. ആ സംഭവത്തിന്റെ വീഡിയോ ദൃശ്യം ഈ ലിങ്കിൽ ലഭ്യമാണ് ==> ( https://www.youtube.com/watch?v=JfcI2ETPodQ )

2015 - ൽ അന്നത്തെ മന്ത്രി കെ.ബാബുവിന്റെ ഔദ്യോഗിക വാഹനം, കായംകുളത്ത് ഗതാഗതനിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് ചീറിപ്പാഞ്ഞു പോയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സിഗ്നല്‍ ലൈറ്റ് തെളിയുന്നതിന് മുന്‍പ് ക്യൂവില്‍ കിടന്ന മറ്റ് വാഹനങ്ങള്‍ മറികടന്ന് മന്ത്രിയുടെ കാര്‍ കടന്നുപോകാനായി മുന്നോട്ട് നീങ്ങി. അതിൽ പ്രതിഷേധിച്ച് ഒരു യുവാവ് മന്ത്രി വാഹനം തടഞ്ഞു. ഹോണടിച്ചിട്ടും മുന്നില്‍ ബൈക്കില്‍ നിന്നിരുന്ന യുവാവ് മാറാന്‍ തയ്യാറായില്ല. മന്ത്രിയുടെ വാഹനത്തിന് നിയമം ബാധകമല്ലേ എന്ന് യുവാവ് ചോദിക്കുകയും ചെയ്തു. എന്നിട്ടും സിഗ്നല്‍ ലഭിക്കും മുന്‍പ് കടന്നുപോയ മന്ത്രിയുടെ ഗണ്‍മാന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കായംകുളം സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമെത്തി യുവാവിനെ കസ്‌ററഡിയിലെടുത്തു. മന്ത്രിയുടെ കാര്‍ പോയതിന് പിന്നാലെ പോലീസ് സിഗ്നല്‍ ലൈറ്റ് ഓഫാക്കിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. ഒടുവിൽ നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ  കേസെടുക്കാതെ തന്നെ രാത്രിയില്‍ യുവാവിനെ വിട്ടയച്ച് പോലീസ് തല കഴുത്തിലാക്കി. 


റോഡിൽ പൊതുജനം അനുഭവിക്കേണ്ടി വരുന്ന രണ്ടു തരം പീഡനങ്ങളുടെ ഉദാഹരണങ്ങളാണ് മുൻപ് വായിച്ചത്. ജനാധിപത്യ വ്യവസ്ഥിതിയിൽ പൗരനാണ്‌ എല്ലാം എന്നതാണ് പൊതു തത്വം. മന്ത്രിയും എം.എൽ.എയും എം.പി.യും മറ്റു ജനപ്രതിനിധികളും എല്ലാം ഈ പൗരന്റെ നിർവചനത്തിൽ പെടും. സഞ്ചാര സ്വാതന്ത്ര്യം എല്ലാവർക്കും ഒരു പോലെ ലഭിക്കേണ്ടതാണ്. ഭരണ ഘടന അനുശാസിക്കുന്ന ജന പ്രതിനിധിയുടെ പ്രിവിലേജ് റോഡ്‌ യാത്രകളിൽ ഇല്ലെന്നാണ് വിശ്വാസം. റോഡ് സുരക്ഷയുടെ കാര്യത്തില്‍ നിയമ നിർമ്മാതാക്കളും നിയമസംരക്ഷകരും മാതൃക കാട്ടേണ്ടവരുമെല്ലാം അത് നിരന്തരം ലംഘിക്കുകയാണെന്ന് ഇവിടെ റോഡിലിറങ്ങി നടക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. മന്ത്രിമാരുടെയും വി ഐ പികളുടെയും മരണപ്പാച്ചില്‍ അവസാനിപ്പിക്കേണ്ടതാണെന്ന്അ വർക്കൊഴികെ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. നിലവിലുള്ള നിയമപ്രകാരം അവർക്കും നമുക്കും സ്പീഡ് ലിമിറ്റ് ഒന്നാണ്; എന്നിരുന്നാലും അവരുടെ സ്പീഡ് ചെക്ക് ചെയ്യാനോ നടപടിയെടുക്കാനോ ആരാണ് ധൈര്യപ്പെടുക ? പൈലറ്റിന്റെയും എസ്കോർട്ടിന്റെയും അകമ്പടിയിലും സുരക്ഷിതത്വത്തിലും ശരവേഗത്തിൽ പായുന്ന വി ഐ പി വാഹനങ്ങൾ ഇടിച്ചു മരണത്തിലേക്കും മരണ തുല്യമായ ജീവിതത്തിലേക്കും വീണു പോകുന്നവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ഇവിടെ ആർക്കും ബാധ്യതയില്ലേ ? പൈലറ്റ്‌ വാഹനത്തിനു പിറകെ പറപ്പിച്ച് ഓടുന്ന വി ഐ പി  വാഹനത്തിനു മുമ്പില്‍പ്പെട്ട് സഡന്‍ബ്രേക്ക് ഇട്ട് അപകടം പറ്റുന്ന എത്രയോ വാഹനങ്ങൾ...അകമ്പടി വാഹനങ്ങളിൽ ഇരുന്നു കൊണ്ട് പൗരനെ തെറിയും മറ്റു അസഭ്യങ്ങളും വിളിക്കുന്ന നീതി പാലകർ...

വി ഐ പി വാഹനങ്ങളുടെ മരണപ്പാച്ചിൽ, പൊതുജനം റോഡിൽ അനുഭവിക്കുന്ന, ഒരു പ്രശ്നം മാത്രമാണ്. മത രാഷ്ട്രീയ സാമുദായിക ഭേദമില്ലാതെ നടത്തപ്പെടുന്ന പ്രകടനങ്ങൾ, ജാഥകൾ, വഴി തടയൽ സമരങ്ങൾ, ബന്ദ്, ഹർത്താൽ, സമ്മേളനങ്ങൾ, പൊതു യോഗങ്ങൾ, റാലികൾ, പ്രദക്ഷിണങ്ങൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, നോവേനകൾ, ദീപാരാധന എന്ന് വേണ്ട സകല പരിപാടികളും ജനങ്ങളെ മണിക്കൂറുകളോളം ബന്ദിയാക്കി കൊണ്ട് നടത്തുമ്പോൾ ഇതിന്റെ നടത്തിപ്പുകാർക്ക് എന്ത് ആനന്ദമാണ് ലഭിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എത്ര സമയം റോഡ്‌ ബ്ലോക്ക് ആക്കി; എത്ര സമയം ജനത്തെ പെരുവഴിയിലാക്കി തുടങ്ങിയ അളവ് കോൽ ഉപയോഗിച്ചാണ് ഈ വക പരിപാടികളുടെ വിജയം നിശ്ചയിക്കപ്പെടുന്നത് എന്ന് തോന്നും. ജനങ്ങളെ പൊതുനിരത്തുകളില്‍ തടഞ്ഞിട്ട് ബന്ദികളാക്കി, പ്രകടനങ്ങളും ആഘോഷങ്ങളും നടത്തുന്നതിനെതിരായ വികാരം ശക്തമാകുകയും കോടതികള്‍ പോലും അക്കാര്യത്തില്‍ ഇടപെടുകയും ചെയ്യുമ്പോഴും, ധൂര്‍ത്തിന്റെയും അഹന്തയുടെയും ഉന്മാദ ലഹരികളുടെയും റോഡിലെ ആഘോഷങ്ങൾ പൊതുജനത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഇത്ര കണ്ടു അവഗണിക്കാനും തടയാനും പീഡിപ്പിക്കാനും മത രാഷ്ട്രീയ സാമുദായിക മുതലാളിമാർക്ക് ആരാണ് അധികാരം നല്‍കിയത് ? ഇത്തരം നഗ്നമായ നിയമലംഘനങ്ങൾക്ക്‌ ജില്ലാ കളക്ടറും പോലീസ് മേധാവികളും അടക്കം ഉത്തരവാദിത്തപ്പെട്ടവർ ചൂട്ടു കാട്ടുക മാത്രമാണ് ചെയ്യാറുള്ളത്. പൊതു ജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളവും അടുത്തൂണും പറ്റുന്ന ഈ പബ്ലിക് സെർവന്റ്സ് ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്? മുന്നോട്ടോ പുറകോട്ടോ ചലിക്കാനാകാതെ വാഹനങ്ങള്‍ വഴികളില്‍ തിങ്ങി നിറയുമ്പോൾ, പാവം വഴി യാത്രക്കാർ ബന്ദികളും ഇരകളും ആവുമ്പോൾ, ക്രമസമാധാനപാലകരും അധികാരികളും പൊതുവെ വേട്ടക്കാരോടോപ്പമാണ് നില കൊള്ളാറുള്ളത്. മത രാഷ്ട്രീയ സാമുദായിക മുതലാളിമാർക്ക് രാഷ്ട്രീയാധികാരത്തിലും പോലീസ് മേധാവികളിലുമുള്ള അമിതമായ സ്വാധീനത്തെയും അവരോടുള്ള കറ തീർന്ന അടിമത്ത-വിധേയത്വത്തെയും കുറിച്ച് ജനങ്ങൾക്ക്‌ നല്ല അവബോധം ഉണ്ട്. നിങ്ങൾ ഇതെല്ലാം ചെയ്തു കൂട്ടുമ്പോൾ ആരും നിങ്ങളെ ആരാധിക്കുകയോ നെഞ്ചിലേറ്റുകയോ ഒന്നും അല്ല ചെയ്യുന്നത്. നിങ്ങൾ കാണിക്കുന്ന നെറികേടിനെതിരെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു, ഉള്ളിൽ നിരാശയും ക്ഷോഭവും നിറഞ്ഞ്, നിങ്ങളെയും നിങ്ങളുടെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ പ്രിയപ്പെട്ടവരേയും ചേർത്ത് തെറികളും ശാപവാക്കുകളും അശ്ലീല പദപ്രയോഗങ്ങളും നടത്തുകയാണ്. ഓരോ വണ്ടികളിലും ബന്ദികൾ ആക്കപ്പെടുന്നത് ചുമ്മാ വിനോദ സഞ്ചാരത്തിനിറങ്ങുന്നവരോ വഴിയോരക്കാഴ്ചകൾ കണ്ടു രസിക്കാനിറങ്ങുന്നവരോ അല്ല; മറിച്ചു് ജോലിക്കും പഠിക്കാനും ചികിത്സക്കും വേണ്ടി പോകുന്ന ആബാലവൃദ്ധം ജനങ്ങള്‍, ജോലികഴിഞ്ഞ് വീടണയാന്‍ തത്രപ്പെടുന്നവർ, ദൂര യാത്ര ചെയ്യുന്നവർ, ആംബുലൻസുകൾ, ഫയർ എൻജിനുകൾ, മറ്റ് അവശ്യ സർവീസുകൾ........ 

എണ്ണിയെടുക്കാവുന്നതല്ല; അവരുടെ തിരക്കുകളും യാത്രാ ലക്ഷ്യങ്ങളും...

മുൻപ് വിവരിച്ച,  ജനദ്രോഹ പരിപാടികളുടെ കുഴലൂത്തുകാരിൽ, കരുണ, സഹാനുഭൂതി, മനുഷ്യത്വം മുതലായ അടിസ്ഥാന വികാരങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍, ദയവു ചെയ്തു പൊതു ജനത്തെ ദ്രോഹിക്കരുത്. ജാതി, മതം, രാഷ്ട്രീയം, സമുദായം...എന്തിന്റെ പേരിലായാലും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും പീഡിപ്പിക്കുന്നതും കുറ്റകരവും, അതിന് കാരണക്കാര്‍ ശിക്ഷാര്‍ഹരുമാണ്. പൌരന്, ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലീകാവകാശങ്ങളും  സുരക്ഷിതത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്ന ഭരണാധികാരികളും നിയമപാലകരും മറ്റു സംവിധാനങ്ങളും ജനദ്രോഹപരമായ നടപടികള്‍ക്ക് അകമ്പടി സേവിക്കുന്നതും അംഗീകാരവും നേതൃത്വവും നല്‍കുന്നതും കടുത്ത ഭരണഘടനാ ലംഘനവും അധികാര ദുര്‍വ്വിനിയോഗവുമായി കണക്കാക്കേണ്ടിയിരിക്കുന്നു. 

ഇതിനോട് ചേർത്ത് വയ്ക്കാവുന്ന മറ്റൊരു വായന... 2013 ഡിസംബറിൽ "പ്രീയപെട്ട ഋഷിരാജ് സിംഗ് അറിയുന്നതിനു…" എന്ന പേരിൽ നോബിൾ കുര്യൻ എന്നൊരു വ്യക്തി ഇട്ട ഒരു ബ്ലോഗ്‌ പോസ്റ്റിന്റെ ലിങ്കാണ് താഴെ. അതിൽ വി ഐ പി വാഹനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട്. അതിനു ശേഷവും എത്രയോ അപകടങ്ങൾ നടന്നിരിക്കുന്നു എന്നതിന് ഒരു കണക്കുമില്ല. http://loudspeakermalayalamblog.wordpress.com/2013/12/29/kerala-ministers-vehicle-accidents/


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക