ഞാൻ വെറും പോഴൻ

Friday 30 September 2016

ഐലാന്‍ കുര്‍ദി അകലെയല്ല...അത് എവിടെയുമുള്ള ഒരു സാധ്യതയാണ്...

തീരത്തടിഞ്ഞ ആ ജീവനില്ലാത്ത കുഞ്ഞ് ശരീരം ലോകത്തെ കരയിക്കുമ്പോൾ,​ അങ്ങനെ അവനെ ആദ്യം കണ്ടയാളുടെ ഞെട്ടൽ ദിവസങ്ങൾക്ക് ശേഷവും  മാറിയിരുന്നില്ല.

''അവന് ജീവനുണ്ടാകണേ.. ‍ഞാൻ പ്രാർത്ഥിച്ചു.. പക്ഷേ,​ അവൻ അനങ്ങിയില്ല.. ഞാനാകെ തകർന്നു പോയി..'' ഐലാൻ കുർദി എന്ന മൂന്ന് വയസ്സുകാരന്റെ മൃതശരീരം തീരത്തു നിന്ന് കോരിയെടുത്ത തുർക്കി പൊലീസുകാരൻ മെഹ്മത് സിപ്ലാക്ക് ഹൃദയഭേദകമായ ആ അനുഭവം പങ്കു വയ്ക്കുകയായിരുന്നു.

'ആറ് വയസ്സാണ് എന്റെ മോനും. കുഞ്ഞിനെ കണ്ടപ്പോൾ ഞാനവനെ ഓർത്തു,​ നിമിഷം കൊണ്ട് ഞാനൊരു അച്ഛന്റെ സ്ഥാനത്തായി. വാക്കുകൾക്ക് പറയാനാവില്ല,​ ആ കാഴ്ചയുടെ ദു:ഖവും ദുരന്തവും' -തുർക്കിയിലെ വാർത്താ ഏജൻസിയോട് മെഹ്മത് പറഞ്ഞതാണ്‌. ലോകത്തെ കരയിച്ച ആ ഫോട്ടോ എടുത്തത് കണ്ടില്ലെന്നും തന്റെ ജോലി ചെയ്യുകയായിരുന്നെന്നും അയാൾ പറഞ്ഞു. ഗ്രീസിലേയ്ക്കുള്ള രണ്ട് ബോട്ടുകൾ മുങ്ങി 12 പേരാണ് ആ ദിവസം   മരിച്ചത്. തെക്ക് പടിഞ്ഞ‍ാറൻ തുർക്കിയിലെ ബോഡ്രം തീരത്തടിഞ്ഞ ഐലാന്റെ മൃതശരീരം അഭയാർത്ഥി പ്രശ്നത്തിൽ പുതിയ ഒരേടായി മാറുകയായിരുന്നു. ഏതാനും ദിനങ്ങൾക്ക് ശേഷം സിറിയയിലെ കൊബേയ്നിൽ കുഞ്ഞിനെ സംസ്കരിക്കുകയും ചെയ്തു. നാലു വയസ്സുകാരൻ ചേട്ടൻ ഗാലിബ്,​ അമ്മ റിഹാന എന്നിവരും ഐലാനൊപ്പം മുങ്ങി മരിച്ചിരുന്നു. (കടപ്പാട് : കേരളകൌമുദി )


തുര്‍ക്കിയുടെ കടലോരത്ത് മരിച്ചുകിടന്ന ഐലാന്‍ കുര്‍ദി എന്ന മൂന്നു വയസ് മാത്രം പ്രായമുള്ള നിഷ്കളങ്കബാലന്റെ ദാരുണചിത്രം ലോക മനഃസാക്ഷിയെ ഇപ്പോഴും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. നിലുഫര്‍ ഡെമിര്‍ എന്ന മാധ്യമപ്രവര്‍ത്തക പകര്‍ത്തിയ ഈ ചിത്രം പുറപ്പെടുവിക്കുന്ന നിശ്ശബ്ദമായ നിലവിളി ഏതു കഠിനഹൃദയനെയും ഒന്നുലയ്ക്കാൻ പോന്നതാണ്. അഭയാര്‍ഥികളുടെ നിശ്ശബ്ദരോദനങ്ങള്‍ ഒരിക്കൽക്കൂടി മാറിച്ചിന്തിക്കാൻ നമ്മോട് ആഹ്വാനം ചെയ്യുന്നു. 

യുദ്ധങ്ങൾ !!! അത് ചെറുതായാലും വലുതായാലും, അതിനെന്തു പേര് കൊടുത്താലും സഹോദരഹത്യകൾ മാത്രമാണെന്ന് നാം എന്ന് തിരിച്ചറിയും ? അധികാരം കൈക്കലാക്കാനും അതിര്‍ത്തികള്‍ വിശാലമാക്കാനും  സാമ്രാജ്യം നിലനിർത്താനും നടത്തിയ, നടക്കുന്ന, നടക്കാനിരിക്കുന്ന ചെറുതും വലുതുമായ എത്രയെത്ര ചോരപ്പുഴകൾ. ചരിത്രം ഓര്‍മപ്പെടുത്തുന്നത് വിശാലമാക്കപ്പെട്ട ഒരതിര്‍ത്തിയും പിടിച്ചടക്കിയ ഒരധികാരവും ഉണ്ടാക്കിയെടുത്ത ഒരു സാമ്രാജ്യവും ശാശ്വതമല്ലെന്ന് തന്നെയാണ്. എങ്കിലും മതം, വർണ്ണം, വംശം തുടങ്ങി യുദ്ധം ചെയ്യാൻ നമുക്ക് എന്തെന്ത് കാരണങ്ങൾ. മനുഷ്യന്റെ അടിസ്ഥാന സംഘടനാ സംവിധാനമായ കുടുംബത്തിൽ തുടങ്ങി രാഷ്ട്രങ്ങൾ വരെ എത്തി നില്ക്കുന്ന ചെറുതും വലുതുമായ യുദ്ധങ്ങളിൽ ആശയും ആവേശവും ജീവിതവും നഷ്ടപ്പെടുന്ന അഭയാർഥികളുടെ എണ്ണം അതി ഭീകരമാണ്. 

കുടുംബബന്ധങ്ങളിൽ  വിള്ളൽ വീഴുമ്പോൾ അനാഥർ ആവുന്ന കുഞ്ഞുങ്ങൾ മുതൽ രാഷ്ട്രീയ അസ്വസ്ഥതകൾ കൊണ്ട് പാലായാനം ചെയ്യുന്നവർ വരെ വിശാലമായ കാഴ്ചപ്പാടിൽ അഭയാർഥികൾ ആവുന്നു.....ഒരു നിമിഷത്തെ വീണ്ടുവിചാരം...വിട്ടുവീഴ്ച....കരുതൽ...അതൊക്കെ മതിയാവും, ഒരു പക്ഷെ ഒരു വൻ യുദ്ധം ഒഴിവാക്കാൻ....അത് കുടുംബത്തിലായാലും സമൂഹത്തിലായാലും രാഷ്ട്രീയ നയതന്ത്രതലത്തിലായാലും....

ഐലാന്‍ കുര്‍ദിയുടെ ചിത്രം ഒരോര്‍മപ്പെടുത്തലാണ്. 

ഐലാന്‍ കുര്‍ദി അകലെയല്ല...
ഇന്നത് തുര്‍ക്കിയുടെ കടലോരത്താണെങ്കിൽ നാളെ ആ കടല്‍ത്തീരം എന്റെയും നിങ്ങളുടെയും കുടുംബമാകാം...
പണിസ്ഥലമാകാം...
ഗ്രാമമാകാം...
രാജ്യമാകാം...എവിടെയുമാകാം.
ഐലാന്‍ കുര്‍ദി ഞാനാകാം...
നിങ്ങളാകാം...
ആരുമാകാം....

യുദ്ധങ്ങളില്ലാതെ, ചോരപ്പുഴകളില്ലാതെ, മുറിപ്പെടുത്തലുകൾ ഇല്ലാതെ പ്രശ്നങ്ങൾ തീരുന്ന സമാധാനത്തിന്റെ പുലരി സംജാതമാവട്ടെ.... ഇപ്പോൾ ഒരു കുറുക്കൻ ചിരിയോടെ നിങ്ങൾ എന്നെ വിളിക്കുന്നുണ്ടാവും....മുഴുവട്ടൻ എന്ന്...സന്തോഷത്തോടെ ഞാൻ ആ വിളിയെ ശിരസാവഹിക്കുന്നു.... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday 9 September 2016

കുറഞ്ഞ പക്ഷം മലയാളികൾ എങ്കിലും " PK " യെ വെറുതെ വിടണമായിരുന്നു....

നന്ദിയുടെ ഒരു വാക്ക് : പൊതുവെ തീയേറ്ററിൽ പോയി സിനിമ കാണാറില്ലാത്ത ഞാൻ രാജ്കുമാർ ഹിരാനി - ആമീർ ഖാൻ ടീമിന്റെ " PK " എന്ന ചിത്രം തീയേറ്ററിൽ പോയി കണ്ടു; കാരണം അതുയർത്തി വിട്ട "വിവാദം" മാത്രമാണ്. അത് കൊണ്ട് ഈ ചിത്രത്തിൻറെ പിന്നണി പ്രവർത്തകരോടെന്നതിനേക്കാൾ എനിക്ക് നന്ദിയുള്ളത് ഈ ചിത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചവരോടാണ്. ഒരു നല്ല ചിത്രം CD ഇറങ്ങുന്നതിനു മുൻപ് കാണാൻ അവർ മാത്രമായിരുന്നു കാരണക്കാർ.

"LAUGH & THINK Magazine" എന്ന വിശേഷണവുമായി മലയാളത്തിൽ ഇറങ്ങിയിരുന്ന "ബോബനും മോളിയും" എന്ന പുസ്തകത്തിന്റെ വിശേഷണം ഈ സിനിമയ്ക്കും ചാർത്താവുന്നതാണ്. "LAUGH & THINK സിനിമ" എന്ന് നിസ്സംശയം ഇതിനെ വിളിക്കാം. പണം കൊടുത്ത് സിനിമ കാണാൻ കയറുന്ന ഭൂരിപക്ഷം പ്രേക്ഷകർക്കും രസച്ചരട് പൊട്ടാത്ത ഒരു ദൃശ്യാനുഭവം പികെ സമ്മാനിക്കുന്നു എന്ന് ധൈര്യമായി പറയാം. ക്ലൈമാക്‌സിനു തൊട്ടു മുൻപ് വരുന്ന ചെറിയ ഒരു നാടകീയത ഒഴിവാക്കിയാൽ ആദ്യ സീൻ മുതൽ അവസാന സീൻ വരെയും പ്രേക്ഷകൻ സിനിമയോടൊപ്പം സഞ്ചരിക്കുന്നു, അല്ലെങ്കിൽ സിനിമ പ്രേക്ഷകനോടൊപ്പം സഞ്ചരിക്കുന്നു. ഉള്ളു തുറന്നു ചിരിക്കാവുന്ന കുറെ കോമഡി രംഗങ്ങളും മനസ്സിനെ മഥിക്കാൻ തക്ക എണ്ണമില്ലാത്ത ചിന്താബീജങ്ങളും സമാനിക്കുന്ന ഒരു ലളിത ഗംഭീര ചിത്രം. സിനിമയിലെ ലളിത ഘടകങ്ങളെ വിട്ടു കളഞ്ഞാൽ ഓരോ സീനിലും ഭാരതത്തിന്റെ വിവിധ കോണുകളിൽ സാമൂഹ്യ മത രംഗങ്ങളിൽ നിലവിലിരിക്കുന്ന ആചാരങ്ങളും വ്യവസ്ഥകളെയും ചിത്രം തുറന്നു കാട്ടുന്നു. ഒരേ രൂപത്തിൽ പിറന്ന മനുഷ്യന്‍ മതത്തിന്റെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ എങ്ങനെയൊക്കെ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് തുറന്നു കാണിക്കാൻ ഈ ചിത്രം ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. തുറന്ന യുക്തിയും സാമാന്യ ബോധവും കൊണ്ടാണ് ഈ സിനിമയെ അളക്കാവൂ.

ഭാഷയുടെയും മതത്തിന്റെയും  രാഷ്ട്രത്തിന്റെയും അതിർ വരമ്പുകളെ പരിഗണിക്കാതെ ഭൂമിക്കു പുറത്തു നിന്ന് വന്ന പീ കെ എന്ന കഥാപാത്രം ചിത്രത്തിൽ ഒരു സമയത്ത് പോലും ഒരു അസാധാരണ-അമാനുഷ നായകൻ ആവുന്നില്ല. ഇത്തരം ഒരു കഥാപാത്രം ഇന്ത്യയിൽ ഒരു ചലച്ചിത്രത്തിലും ഉണ്ടായിക്കാണാൻ ഇടയില്ല. ദൈവങ്ങളുടെ പേരിൽ വിവിധ മതങ്ങളും അവയുടെ നടത്തിപ്പുകാരും ഉണ്ടാക്കിയ ആചാരങ്ങളുടെയും മാമൂലുകളുടെയും ജീവിത രീതികളുടെയും കാമ്പില്ലായ്മയെ നർമ്മത്തിന്റെ മേമ്പൊടിയിൽ ചാലിച്ച് പീ കെ അവതരിപ്പിക്കുന്നു. ചിത്രം ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളിപ്പറയുന്നില്ലെങ്കിലും ദൈവവും അതിന്റെ നടത്തിപ്പുകാരും ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

മതം സൃഷ്ടിച്ചെടുത്തിട്ടുള്ള അതിന്റെ നടത്തിപ്പ് സംവിധാനങ്ങളോടും അതിന്റെ കാര്യസ്ഥന്മാരോടും ആള്‍ ദൈവങ്ങളോടും നമ്മുടെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന വിധേയത്വവും തെല്ലു ഭയവും ചിത്രം തുറന്നു കാട്ടാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങളെ ആരോഗ്യകരമായും ക്രിയാത്മകമായും എങ്ങനെ സമൂഹത്തിനു വേണ്ടി ഉപയോഗിക്കാം എന്നു കൂടി അവതരിപ്പിക്കാൻ ചിത്രം തയ്യാറാകുന്നിടത്ത് ചിത്രത്തിൻറെ മികച്ച നിലവാരം കാണാവുന്നതാണ്.

മൊത്തത്തിൽ നോക്കിയാൽ പ്രത്യക്ഷത്തിൽ ഈ സിനിമ ഇവിടത്തെ ഭൂരിപക്ഷ മതത്തിനെ ചുറ്റിപ്പറ്റി ഉപജീവനം നടത്തുന്ന ചിലരെയാണ് വിമർശിക്കുന്നതെങ്കിലും "വെട്ടു കൊള്ളാത്തവരില്ല കുരുക്കളിൽ" എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒട്ടു മിക്ക മുഖ്യധാരാ മതങ്ങളെയും ഒന്ന് ഞോണ്ടാൻ മുതിർന്നിട്ടുണ്ടെന്നും സൗകര്യപൂർവ്വം മറക്കരുത്. സ്വന്തം മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ തെല്ല് അസഹിഷ്ണുതയോടെ കാണുന്ന വടക്കേ ഇന്ത്യയെ നമുക്ക് വെറുതെ വിടാം...

എന്നാൽ ഇത്തരം കാര്യങ്ങളിൽ പൊതുവെ സംയമനവും അതിനേക്കാൾ നിസ്സംഗതയും പുലർത്തുന്ന കേരളത്തിലും ഈ സിനിമക്കെതിരെ ആക്രോശങ്ങളും പല്ല് കടിയും അക്രമങ്ങളും ഉണ്ടായി എന്നത് മത നിരപേക്ഷ കേരള സമൂഹത്തിനു തീരെ നിസ്സാരമായി കാണാവുന്ന കാര്യമല്ല. പതിറ്റാണ്ടുകൾക്ക് മുൻപ് "നിർമ്മാല്യ"ത്തിലെ പി ജെ ആന്റണിയുടെ വെളിച്ചപ്പാട് ദേവി വിഗ്രഹത്തിൽ തുപ്പിയത് ക്ഷമിച്ച അത്രയും നിലവാരവും സഹിഷ്ണുതയും ഇന്നത്തെ മലയാളിക്കില്ല എന്ന യാഥാർത്ഥ്യം അംഗീകരിക്കുമ്പോൾ തന്നെ ഈ തൊട്ടടുത്ത വർഷങ്ങളിൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ, ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്, കിംഗ്‌ V/S കമ്മീഷണർ മുതലായ ചിത്രങ്ങളും കുറച്ചു കൂടി പഴയ ഏകലവ്യൻ, ദാദാ സാഹിബ്‌ മുതലായ ചിത്രങ്ങളെ സഹിഷ്ണുതയോടെ സ്വീകരിച്ച മലയാളി പ്രേക്ഷകർ ഇതിന്റെയൊന്നും പകുതി പോലും വിമർശനം നടത്താൻ പരാജയപ്പെട്ട  " PK " യെ വെറുതെ വിടാമായിരുന്നു. 2012 ൽ ശ്രീ സജീവൻ അന്തിക്കാട് എന്ന സംവിധായകൻ "പ്രഭുവിന്റെ മക്കൾ" എന്ന ചിത്രത്തിലൂടെ ഉയർത്തിയതിന്റെ പത്തിൽ ഒരംശം പോലും സാമൂഹ്യ വിമർശനം "PK" ഉയർത്തുന്നില്ല എന്നത് ഒരു വാസ്തവമായി അവശേഷിക്കുമ്പോൾ, കുറഞ്ഞ പക്ഷം, സിനിമ കണ്ടതിനു ശേഷം മതിയായിരുന്നു അതിനെതിരെ കല്ലും കുപ്പിച്ചില്ലും ഒക്കെ എടുക്കാൻ....


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday 2 September 2016

"എന്ത് കോ___ത്തിലെ ഓണമാടാ ഉവ്വേ ഇത്" ?

മലയാളി ദേശീയോത്സവമായി കൊണ്ടാടുന്ന ഓണത്തിന്റെ പിന്നിലെ ഐതിഹ്യ കഥ നിശ്ചയമില്ലാത്ത ഒരു മലയാളിയും ഉണ്ടാവാൻ വഴിയില്ല. കേവലം ഭിക്ഷ യാചിച്ചു വന്നവനോട്‌ പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാതെ വന്നപ്പോൾ അതേ ഭിക്ഷുവിന്റെ തന്നെ മുന്നിൽ തല കുനിച്ചു കീഴടങ്ങിയ ഒരു രാജാവിന്റെ  ഓർമ്മയാണ് ഓണം എന്നത് കൗതുകം നിറഞ്ഞ ഒരു സങ്കൽപ്പമാണ്. ചരിത്രം എന്നും വിജയിച്ചവന്റെ പക്ഷത്തായിരിക്കും എന്നതാണ് പൊതുതത്വം. ചരിത്രം എഴുതപ്പെടുന്നത്‌ വിജയിച്ചവന് വേണ്ടിയും അതെഴുതുന്നത്‌ വിജയിച്ചവന്റെ ശിങ്കിടികളും ആകുമ്പോൾ പരാജയപ്പെട്ടവൻ പരിഹാസ്യനായി ചിത്രീകരിക്കപ്പെടാനെ തരമുള്ളൂ. മഹാബലിയുടെ കഥ ചരിത്രമല്ല പകരം ഐതിഹ്യമായത് കൊണ്ട് തന്നെ, തോൽവി ശിരസ്സാ വഹിച്ച പ്രജാക്ഷേമതൽപ്പരനായ പൊന്നുതമ്പുരാൻ മലയാളി മനസ്സിലെ വീരപുരുഷൻ തന്നെയാണ്. ചെങ്കോലും കിരീടവും നഷ്ടപ്പെട്ട് പാതാളത്തിലേക്ക് ആണ്ടു പോയ മാവേലി ഏതാനും ദിവസത്തേക്ക്‌ വീണ്ടും പ്രജാക്ഷേമം തിരക്കാൻ എത്തുന്നു എന്നതാണല്ലോ ഓണ സങ്കൽപ്പം. സ്വയം ഇറുത്തെടുത്ത പൂവ് കൊണ്ട് പൂക്കളമിടലും വിഭവ സമൃദ്ധമായ സദ്യയും ഓണക്കോടിയും ഓണക്കളികളും എന്നതായിരുന്നു നമ്മുടെ പഴയ ഓണാഘോഷത്തിന്റെ ഏകദേശ ഫോർമാറ്റ്.
  
വിവിധ മാദ്ധ്യമങ്ങളും കച്ചവട താല്പര്യങ്ങൾ മാത്രം വച്ചു പുലർത്തുന്ന ചില സംഘങ്ങളും ഒറ്റയ്ക്കും കൂട്ടായും ഹൈജാക്ക് ചെയ്തു മഹോൽസവമാക്കിയ "ഒരു തനി നാടൻ ഉത്സാഹ"മായിരുന്നു പാവം ഓണം. ഓണത്തിന്റെ വിപണി മൂല്യം തിരിച്ചറിഞ്ഞ സർക്കാരുകൾ പോലും ഈ കൃഷിയ്ക്ക് ചുവടു കിളച്ചു വളമിട്ടു പരിപോഷിപ്പിച്ചു.  മലയാളിയുടെ മറ്റ് ഏത് ആഘോഷവും പോലെ വ്യക്തികളിലും കുടുംബങ്ങളിലും  ഒതുങ്ങി നിന്നിരുന്ന ഓണം എന്ന "അനുഭവത്തെ" പൊതു ഇടങ്ങളിലേക്ക് പറിച്ചു നട്ട് അതിന്റെ ആത്മാവ് നഷ്ടപ്പെടുത്തി സാംസ്കാരിക വിപണനച്ചരക്ക് ആക്കി യെന്ന് അടുത്തിടെ ആരോ പത്രത്തിലെഴുതിയത് കണ്ടിരുന്നു. കുടുംബത്തിനുള്ളില്‍ നിന്നും വ്യക്തികളിൽ നിന്നും ഓണം പൊതു ഇടങ്ങളിലേക്ക് പറിച്ചു നടുമ്പോഴല്ല, കാമ്പും ആത്മാവും നഷ്ടപെട്ട ആഘോഷ കെട്ടുകാഴ്ചകളിലൂടെ അതിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്നത് വരുംതലമുറയോട് ചെയ്ത ദ്രോഹം ആണെന്നാണ്‌ എന്റെ പക്ഷം. 

ചരിത്രരേഖകൾ വച്ച് നോക്കുമ്പോൾ കേരളത്തിലെ രാജാക്കന്മാർ ലളിതവേഷങ്ങൾ ആണ് അണിഞ്ഞിരുന്നതെന്ന് ആർക്കും നിസ്സംശയം പറയാം. രാജാക്കന്മാർ വെൺകൊറ്റക്കുടയാണ് ചൂടിയിരുന്നത്. 165 സെന്റിമീറ്റർ കുടവയറും അസുര സങ്കല്പ്പവും എങ്ങനെയാണ് യോജിച്ചു പോവുക !!!??? വർത്തമാനകാല മാവേലിയാണെങ്കിൽ എടുത്താൽ പൊങ്ങാത്ത കുടവയറുമായി രാജാപ്പാർട്ട് വേഷവുമിട്ട്‌ ഓലക്കുടയും ചൂടിയാണ് എഴുന്നള്ളുന്നത്. ഓർമ്മ വച്ച കാലം മുതൽ ആവർത്തിച്ച് കേട്ട് പഠിച്ച അസുര ചക്രവർത്തിയായ മഹാബലിയ്ക്ക് നമ്മുടെ മിമിക്രി-കോമഡി ഷോ വീരന്മാരും പരസ്യ നിർമ്മാതാക്കളും കുത്തക വ്യാപാരികളും അവതരിപ്പിച്ച ഒരു പരിഹാസ്യ കഥാപാത്രത്തിന്റെ ശരീര ഭാഷയിലേക്ക് പരകായ പ്രവേശം ചെയ്യേണ്ടി വന്നു. തൊണ്ണൂറുകളിൽ നാദിര്‍ഷാ-ദിലീപ് കൂട്ടുകെട്ടും സമാനരായ മിമിക്രി കലാകാരന്മാരും ചേർന്ന്  നമ്മുടെ ഓണക്കാലങ്ങളെ സമകാലിക ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ചിരിയുടെ വിഭവങ്ങൾ കൊണ്ട് നിറച്ചു. മഹാ പ്രതാപിയായ മഹാബലിത്തമ്പുരാന് നടന്‍ ഇന്നസെന്റിന്റെ രൂപഭാവങ്ങൾ ആദ്യമായി ചാർത്തിക്കിട്ടിയത് അക്കാലത്തായിരുന്നു. അന്നത്തെ സമൂഹം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഇത്ര കണ്ട് സങ്കുചിതരായി മാറിയിരുന്നില്ല എന്നത് കൊണ്ട് മാത്രം ഈ ആവിഷ്ക്കാരത്തെ അതിന്റെ യഥാർത്ഥ സ്പിരിറ്റിൽ എടുക്കാൻ സമൂഹം തയ്യാറായി. ഇന്നായിരുന്നെങ്കിൽ കുറഞ്ഞ പക്ഷം നാദിര്ഷയെങ്കിലും ഇതിന്റെ പേരിൽ വലിയ പുലിവാല് പിടിച്ചേനെ. പക്ഷെ ഇന്നിപ്പോൾ അടിമുടി മാറിയ ജീവിതശൈലിയും ഏറെ സങ്കുചിതമായ മനസും കാത്തുസൂക്ഷിക്കുന്ന കോസ്മോപൊളിറ്റൻ മലയാളിയുടെ ഭാവനയിലെ  മാവേലിയ്ക്ക് ഇന്നസെന്റിന്റെ ഭാവവും വേഷവും ഇണങ്ങാതായിരിക്കുന്നു. 

കുടുംബത്തിൽ നിന്നും പുറപ്പെട്ട് വിപണയിലേക്കിറങ്ങിയ ഓണത്തെ വിപണിയിലെ ചോരക്കണ്ണന്മാർ ചേർന്ന് വച്ചുവാണിഭം നടത്തിയപ്പോൾ, ഐതിഹ്യത്തിലും കഥകളിലും ജനമനസ്സുകളിലും നിറഞ്ഞു വിലസിയിരുന്ന മാവേലി ഒരു അമർ ചിത്രകഥാപാത്രത്തെ പോലെ  വിപണിയുടെ ബ്രാൻഡ് അംബാസിഡറായി. ഓണവുമായി ഒരു ബന്ധവുമില്ലാത്ത കഥകളിയെയും വിപണി ഓണത്തിന്റെ ഐക്കണുകളാക്കി പ്രതിഷ്ഠിച്ചു. ഇറച്ചി മസാലയുടെ മുതൽ അണ്ടർവെയറിന്റെ വരെ പരസ്യത്തിന് മാവേലിക്ക് കുട പിടിക്കേണ്ടി വരുന്നു. എല്ലാവരും ഒന്ന് പോലെ ജീവിച്ചിരുന്ന; കള്ളവും ചതിയുമില്ലാതിരുന്ന; കള്ളപ്പറയും ചെറുനാഴിയും ഇല്ലാതിരുന്ന; മാവേലിയുടെ നാടിൻറെ ആധുനിക വേർഷനാണ് ഇന്നത്തെ കേരളം എന്ന് പറഞ്ഞാൽ അതില്പ്പരം തമാശ വേറെ ഇല്ലെന്നു തന്നെ പറയാം. 

ജന്മിയും പാട്ടക്കാരനും പണിയാളനും ചേർന്ന് വിളവെടുപ്പുൽസവം എന്ന നിലയിൽ ആഘോഷിച്ചിരുന്ന ഓണം ഇപ്പോൾ അന്യ സംസ്ഥാനക്കാരുടെ കച്ചവട സാധ്യത മാത്രമായി. ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഇല്ലെങ്കിൽ നമ്മുടെ നാട്ടിൽ അടുപ്പ് പുകയാൻ ഒരു സാധ്യതയുമില്ല. സദ്യ ഉണ്ണാനുള്ള തൂശനില പോലും തമിഴൻ  തരണം. സദ്യ വട്ടങ്ങളും പായസവും മിക്കവരും പണം കൊടുത്ത് വാങ്ങുന്നതാണ് പതിവ്. സ്വയം തയ്യാറാക്കുന്ന സദ്യവട്ടവും അപൂർവ്വമാകുന്നു. പൂക്കൾ സ്വയം പറിച്ചെടുത്ത് ഇടുന്ന പൂക്കളം ഒരു ശതമാനം പോലും ഉണ്ടാവില്ല. പൂക്കളമിടാനാണെങ്കിൽ തമിഴന്റെയും കർണാടകക്കാരുടെയും പൂക്കൾ കിട്ടിയാലേ സാധിക്കൂ എന്ന ഗതികേട് വന്നിരിക്കുന്നു. ചൈനക്കാർ പടച്ചു വിടുന്ന സിന്തറ്റിക്ക് പൂക്കളങ്ങൾക്കും റെഡ് ഓക്സൈഡ് അടിച്ച മരത്തിന്റെയും സിമന്റിന്റെയും ഓണത്തപ്പനും വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ടെന്നത് ഓണത്തിന്റെ തനിമയിൽ വന്ന ചോർച്ചയാണെന്ന് പറയുമ്പോൾ എനിക്കറിയാം നിങ്ങളിൽ പലർക്കും ഈ പഴഞ്ചൻ ചിന്തകൾ ആലോസരമുണ്ടാക്കുന്നുണ്ട് എന്ന്. 


വറുതിയുടെയും ഇല്ലായ്മയുടെയും കാലത്ത് വർഷത്തിലൊരിക്കലെങ്കിലും നിറച്ചുണ്ണാനും നല്ലതുടുക്കാനും ഉള്ള അവസരമായിട്ടാണ് പഴയ തലമുറ ഓണത്തെ കണ്ടത്. ഇതിപ്പോൾ വർഷത്തിൽ 365 ദിവസവും മൂന്നും നാലും നേരം ഉണ്ണാൻ പാകത്തിന് സമൃദ്ധി ഉള്ളപ്പോൾ ഓണത്തിന്റെ ആഘോഷ സ്വഭാവം മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അടങ്ങാത്ത ആര്‍ത്തി, അളവറ്റ സ്വാര്‍ത്ഥത, ഒരു മറയുമില്ലാത്ത സ്വജന പക്ഷപാതം, മുൻപെങ്ങുമില്ലാത്തത്ര വിദ്വേഷവും വെറുപ്പും ഇതെല്ലാം കൂടി ദുഷിപ്പിച്ച ഒരു സമൂഹത്തിൽ ആഘോഷങ്ങള്‍ക്ക് അവയുടെ ആത്മാവ് നഷ്ടമാവുമ്പോൾ ആഘോഷമെന്ന പേരിൽ കൊണ്ടാടപ്പെടുന്ന   കാട്ടികൂട്ടലുകൾ വെറും ധൂര്‍ത്തുകൾ മാത്രമായി അധ:പതിക്കുന്നുണ്ട്.  

പൊതുവെ മലയാളി മങ്കമാരും പുരുഷ കേസരികളും കേരളത്തനിമയുള്ള വേഷങ്ങളും പൂക്കളവും പായസവും സദ്യയും ആർപ്പുവിളികളുമായി ഓണം ആഘോഷിക്കാറുള്ള കാമ്പസ്സുകളിലേക്ക്, "പ്രേമം" സ്റ്റൈൽ മുണ്ടും ഷർട്ടുമിട്ട ആൺ ജോർജ്ജ്മാരും "പെൺ ജോർജ്ജ്മാരും"### ഫയർഎഞ്ചിനും ചെകുത്താൻ ലോറിയും കോടാലി വച്ച് ഡെക്കറേറ്റ് ചെയ്ത ജീപ്പും JCB യും കൂക്കുവിളികളും കൊലവിളികളും ചോരപ്പാടുകളും ഒക്കെ കടന്നു കയറുന്ന ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു പോയ ഓണത്തിന് നമ്മൾ കണ്ടത്. ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു അപായസൂചന എവിടെയോ മുഴങ്ങുന്നു...ഇതെല്ലാം കണ്ടു ചോദിക്കാൻ ഒരേ ഒരു ചോദ്യം മാത്രം....

കടൽ കടന്നു വന്ന മാത്തുക്കുട്ടി ചോദിച്ചത് പോലെ .....Was für ein verrücktes Onam !!??? എന്ത് കോ___ത്തിലെ ഓണമാടാ ഉവ്വേ ഇത് ? 

### പെൺകുട്ടികൾ മുണ്ടും ഷർട്ടും ധരിക്കുന്നതിനോട് ഒരു എതിർപ്പുമില്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. യഥാർത്ഥമായ കേരള വേഷം... അത് പുരുഷനും സ്ത്രീക്കും മുണ്ട് തന്നെയായിരുന്നു എന്ന ചരിത്രരേഖകളെ അവമതിക്കുന്നുമില്ല. പൊതുവെ, ഇപ്പോൾ പ്രയോഗത്തിലിരിക്കുന്ന കേരളാ വേഷങ്ങൾ ഓണം പോലെയുള്ള ആഘോഷങ്ങളിൽ മാത്രമാണ് കാമ്പസുകളിൽ ഉപയോഗിക്കാറുള്ളത്. ഈ അവസരത്തിൽ എങ്കിലും തനി നാടൻ വേഷങ്ങൾ ഉപയോഗിക്കപ്പെടട്ടെ എന്നൊരു ചിന്ത. ഓണാവസരത്തിൽ പോലും പെൺകുട്ടികൾ ആൺവേഷം കെട്ടുന്നത് കാണുമ്പോൾ ഒരു വല്ലായ്മ. 



 

























ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


ബീഫ്...പൂക്കളം....നിലവിളക്ക് പോലും അങ്ങ് കത്തുന്നില്ല....മഹാഭാഗ്യം.....

വീണ്ടും നിലവിളക്ക് വിവാദവിഷയമായിരിക്കുന്നു. സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലെ ചടങ്ങുകളിലും നിലവിളക്കു കൊളുത്തുന്നതും ദൈവത്തെ വര്‍ണിച്ചു കൊണ്ടുള്ള പ്രാര്‍ഥനയും ഒഴിവാക്കണമെന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞതാണ് പുതിയ വിവാദം. "നമുക്ക് ജാതിയില്ല" എന്ന ശ്രീനാരായണ ഗുരുദേവവിളംബരത്തിന്റെ ശതാബ്ദി വാര്‍ഷികത്തിന്റെ ഭാഗമായി മുതുകുളത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത വേളയിലാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. 

കഴിഞ്ഞ വർഷത്തെ വായനാദിന ആഘോഷത്തോടനുബന്ധിച്ചു നടന്ന പി. എൻ. പണിക്കർ അനുസ്മരണ ചടങ്ങിൽ  അന്നത്തെ വിദ്യാഭാസമന്ത്രി ജനാബ് അബ്ദു റബ്ബ്‌ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചത് വിവാദമായിരുന്നു. എന്നാൽ, ഞാനും ഒരു മുസൽമാൻ ആണ് എന്നും നോമ്പ് അനുഷ്ടിക്കുന്നുണ്ട് എന്നും നിലവിളക്ക് കൊളുത്തുന്നത് ഭാരത സംസ്കാരം ആണെന്നും അത് ഇസ്ലാം വിരുദ്ധമല്ല എന്നും ഒക്കെ റബ്ബിനെ ഓർമ്മിപ്പിക്കാൻ നടൻ മമ്മൂട്ടി നടത്തിയ ശ്രമം കൂടിയായപ്പോൾ, അന്നത് വലിയ ചർച്ചക്കിടയാക്കിയിരുന്നു. 

നിലവിളക്ക് ആവർത്തിച്ച് വിവാദവസ്തുവായപ്പോൾ,  എന്താണ് നിലവിളക്കിനെ പറ്റിയുള്ള ഭാരതീയ വിചാരധാരാ സങ്കല്പം എന്ന് തേടിയപ്പോൾ കിട്ടിയ അറിവ് ഇപ്രകാരമാണ്. കേട്ടറിവ് ആയതിനാൽ കുറെയൊക്കെ മാറ്റം ഉണ്ടാവാം. എന്നാലും സാമാന്യമായി ഇതിൽ കുറെ ശരികൾ ഉണ്ട്. ഈശ്വര ആരാധനയുടെ അടിസ്ഥാനമായ പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം - ചന്ദനാദികള്‍ (പൃഥ്വി) എന്നിവ പൂജാനുഷ്ഠാനങ്ങളിൽ നിര്‍ബന്ധമാണ്.  ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. മുകളില്‍ ശിവനും  മദ്ധ്യേ വിഷ്ണുവും പാദങ്ങളില്‍ ബ്രഹ്മാവുമെന്ന ത്രിമൂര്‍ത്തി സങ്കൽപ്പത്തിൽ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമായത് കൊണ്ടാണ് അതിനെ ഭദ്രദീപമെന്നു വിളിക്കാറുള്ളത്. വിളക്കിന്റെ ഭാരം ഭൂമീദേവിയുടെ മേൽ നേരിട്ടു എൽപ്പിക്കാതിരിക്കാൻ നിലവിളക്കു പീഠത്തിനു മുകളിലാണ് പ്രതിഷ്ഠിക്കേണ്ടത്. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും എന്നാണു വിശ്വാസം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം ജപിക്കാൻ "ദീപം ജ്യോതി പരബ്രഹ്മഃ ദീപം" എന്ന് തുടങ്ങുന്ന ശ്ലോകം പോലുമുണ്ട്. കഴുകിമിനുക്കിയ വിളക്ക് കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും ചാർത്തണം. ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.  ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നുമൊക്കെയാണ് പാരമ്പര്യവിധികൾ. നിലവിളക്ക് പ്രഭാതത്തിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതത്തിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തണം.  ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം വിളക്ക് കൊളുത്തേണ്ടത്.  കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി എന്ന ക്രമത്തിൽ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. വിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്. കരിന്തിരി കത്തുന്നതു ലക്ഷണക്കേടാകയാൽ, എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം എന്നാണ് വിധി. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാകയാൽ, വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്.  സ്ത്രീകളല്ലാതെ, പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യക്കെടാണെന്നും വിധിയുണ്ട്.

കുറേക്കാലം മുൻപ് ശ്രീ ബീ. ആര്‍. പീ. ഭാസ്കര്‍, എഴുതിയ "മതചിഹ്നങ്ങളും മതേതരത്വവും" എന്ന ലേഖനത്തിലെ ബീ. ആര്‍. പീ. യുടെ ഒരു നിരീക്ഷണം രസകരമായി തോന്നിയിരുന്നു. "നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്". ഈ നിരീക്ഷണമനുസരിച്ച് മതചിഹ്ന്നങ്ങളും അനുഷ്ടാനങ്ങളും പ്രാദേശികമായ സ്വാധീനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്നും അതാതു സ്ഥലത്ത് ജനജീവിതത്തിനു സഹായകരമായ സംഗതികള്‍ അവിടുത്തെ ആരാധനാ അനുഷ്ടാനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നും അനുമാനിക്കണം. പുരാതനകാലം മുതൽക്കേ  പ്രകാശം ലഭിക്കുവാന്‍ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഉപകരണത്തെ ഒരു മതത്തിന്റെ മാത്രം ചിഹ്നമായി ചിത്രീകരിക്കുമ്പോഴും, മറ്റു മതസ്ഥര്‍ അതിനെ അവരുടെ മതത്തിനു വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും മുകളില്‍ ബീ ആര്‍ പീ സൂചിപ്പിച്ച "ബാഹ്യസ്വാധീനം", സാധാരണ ജനങ്ങളില്‍ മോശപ്പെട്ട സന്ദേശങ്ങളായി എത്തിച്ചേരുന്ന മതതത്വചിന്തകള്‍ ആണെന്ന് തന്നെ സംശയിക്കണം. 

തൽക്കാലം നിലവിളക്ക് വിചാരം അവിടെ നിൽക്കട്ടെ. നേതാക്കൾ നിലവിളക്ക് തെളിയിക്കാൻ വിമുഖത കാണിക്കുന്നതും അത് വിവാദമാകുന്നതും ഇതാദ്യമായിട്ടൊന്നുമല്ല. കുറെ വർഷങ്ങൾക്ക് മുൻപ് ഈ. ടി. മുഹമ്മദ്‌ ബഷീറും അബ്ദു റബ്ബും (ഒന്നിലധികം തവണ) നിലവിളക്ക് വിവാദത്തിൽ പെട്ടിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ്, കേരളത്തിലെ മുസ്ലീങ്ങള്‍ ഓണമാഘോഷിക്കുന്നതിലും നിലവിളക്ക് കൊളുത്തുന്നതിലും തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ വിവിധ മുസ്ലീം സംഘടനകള്‍ വലിച്ചു കീറി പോസ്റ്റർ ഒട്ടിച്ചിരുന്നു. എന്തായാലും നിലവിളക്ക് വീണ്ടും ഒരു വിവാദ ചർച്ചയിൽ വന്നു പെട്ടു എന്ന് പറഞ്ഞാൽ മതി. നിലവിളക്ക് തങ്ങളുടെ സാംസ്കാരിക സ്വത്തായി കരുതുന്ന വിഭാഗങ്ങളും നിലവിളക്ക് കത്തിക്കുന്നതിൽ മൃദുസമീപനം വച്ച് പുലർത്തുന്ന വിഭാഗങ്ങളും വിളക്ക് കൊളുത്തുന്നത് മതാചാരങ്ങള്‍ക്ക് എതിരാണ് എന്ന തീവ്രസമീപനം പുലർത്തുന്നവരും വിവിധ ചേരികളിൽ നിന്ന് വാദിക്കുമ്പോഴാണ് പൊതുവെ നിലവിളക്ക് ഒരു വിവാദവിഷയമായി മാറാറുള്ളത്. എന്നാൽ, ഇത്തവണ പ്രഖ്യാപിതമായി മതാചാരങ്ങൾക്ക് എതിരായ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് ചിന്താധാരയുടെ അനുയായിയും നേതാവുമായ സഖാവ് ജി സുധാകരൻ നിലവിളക്ക്‌ വേണ്ട എന്ന് പറഞ്ഞതാണ് വിവാദമായത്.

സാംസ്കാരിക കേരളം തീര്‍ത്തും ഒഴിവാക്കേണ്ട ഒന്നാണ് ഒരു തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയോ ജനപ്രതിനിധിയോ നിലവിളക്ക് വേണ്ട എന്നോ കൊളുത്താൻ തയ്യാറല്ല എന്നോ പറയുമ്പോൾ ഉണ്ടാകുന്ന വിവാദം.  ജനാബ് അബ്ദുറബ്ബോ സഖാവ് സുധാകരനോ ആരുമായിക്കോട്ടെ, ജനപ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്  രാജ്യത്തിന്റെ ഭരണഘടനയോടു കൂറ് പുലർത്താനാണ്; ഒരു ചടങ്ങിൽ നിലവിളക്ക് കൊളുത്തുക എന്നത് അവരിൽ നിക്ഷിപ്തമായ ഭരണഘടനാബന്ധിയായ ഉത്തരവാദിത്തങ്ങളിൽ വരുന്ന കാര്യമല്ല. അവരുടെ മതവിശ്വാസമോ വിശ്വാസരാഹിത്യമോ ഒരു പ്രവൃത്തി ചെയ്യുന്നതില്‍ നിന്ന് അയാളെ വിലക്കുന്നുണ്ടെങ്കില്‍ അതിലെന്തിനാണ് മറ്റുള്ളവര്‍ ഇത്ര അസഹിഷ്ണുക്കൾ ആവുന്നത്? മത വിശ്വാസമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ കൈകടത്താന്‍ അപരനെന്താണ് അവകാശം? ഈ രാജ്യത്ത് ജനിച്ച്, തിരഞ്ഞെടുപ്പ് ജയിച്ച്, ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ ഈശ്വരനാമത്തിലോ അല്ലാതെയോ സത്യപ്രതിജ്ഞ ചെയ്ത്, ജനപ്രതിനിധിയും മന്ത്രിയും ആയി എന്നത് കൊണ്ട്, അബ്ദുറബ്ബ് എന്ന മുസ്ലിമിനോ സുധാകരൻ എന്ന കമ്യൂണിസ്റ്റിനോ തങ്ങളുടെ തികച്ചും വ്യക്തിപരമായ വിശ്വാസങ്ങളെ തള്ളിക്കളയേണ്ട ആവശ്യമില്ല. സർക്കാർ പരിപാടികളിൽ ഈശ്വരപ്രാർഥന പാടില്ലെന്നും സ്ക്കൂളുകളിലും കോളെജുകളിലും ഈശ്വരപ്രാർഥന ഒഴിവാക്കേണ്ടതാണെന്നുമുള്ള സുധാകരന്റെ കാഴ്ചപ്പാട് തികച്ചും ജനാധിപത്യപരമാണ്. ഈശ്വരപ്രാർഥനയും നിലവിളക്ക് കൊളുത്തലുമൊക്കെ വ്യക്തികളുടെ സ്വകാര്യമായ തിരഞ്ഞെടുപ്പുകളാണ്. അത് സ്വകാര്യമായി ചെയ്യുന്നതിനെ ആരും തടയാൻ പാടില്ല എന്നത് പോലെ തന്നെ കരണീയമാണ് അത് പൊതുചടങ്ങുകളിൽ നടത്താതിരിക്കുക എന്നതും. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൌലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്യ്രം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും ഏതൊരു ഇന്ത്യന്‍ പൌരനും ഉറപ്പു നൽകുന്നുണ്ട്. എന്റെ വിശ്വാസത്തിനനുസരിച്ച് അപരനും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നവരുടെ ചുറ്റും ഒരു താലിബാന്റെ മണവും നിറവും ഉയർന്നു വരുന്നുണ്ട്. 

ഇതേ തലത്തിലുള്ള അനാവശ്യമായ കുളം കലക്കലുകളാണ് ബീഫിന്റെ വിഷയത്തിലും ഇവിടെ സംഭവിച്ചത്. അന്താരാഷ്ട്രായോഗാദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലെ കീർത്തനാലാപവും വിവാദമാക്കാനുള്ള ശ്രമം നടന്നിരുന്നു.  സർക്കാർ ജീവനക്കാർ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്നും ഓണക്കച്ചവടങ്ങൾ നടത്തരുതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളും വിഭാഗീയമായി വളച്ചൊടിക്കാനുള്ള ഗുരുതരശ്രമങ്ങൾ പല ഭാഗത്തു നിന്നും നടക്കുന്ന സമയം കൂടിയാണിത്. സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ കാണുന്നവർക്കു തോന്നുക ന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടാൻ വേണ്ടി മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരന്മാരുടെ സ്വന്തമായ ഓണാഘോഷം ഇല്ലാതാക്കാൻ പിണറായി വിജയനും ഇടതുപക്ഷവും ശ്രമിക്കുന്നു എന്നാണ്. മതപരമായ ചൈതന്യം ഉൾക്കൊണ്ടു കേരളത്തിൽ എത്ര പേർ ഓണം ആഘോഷിക്കുന്നുണ്ടാവും ? അധികം പേർ കാണാൻ വഴിയില്ല. തലയിൽ ഓളം വെട്ടുള്ള ചില ഭ്രാന്തന്മാർ ഒഴികെ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ജാതിമതഭേദമില്ലാതെയാണ് ഓണം ആഘോഷിക്കാറുള്ളതെന്ന് ആർക്കാണിവിടെ അറിഞ്ഞു കൂടാത്തത്.

പുല്ലു പോലെ അവഗണിക്കേണ്ട ചില നിസ്സാര വിഷയങ്ങൾക്ക്‌ തീവ്രവർഗീയ നിറം നൽകി മണിക്കൂറുകളും പേജുകളും ചർച്ചയ്ക്കു മാറ്റി വയ്ക്കുന്ന മാധ്യമങ്ങളാണ് ഇത്തരം വിവാദങ്ങളിലെ മുഖ്യപ്രതികൾ. വായിൽത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന സിദ്ധാന്തവുമായി, അനാവശ്യ പ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി ഉറഞ്ഞു തുള്ളുന്ന സോഷ്യല്‍ മീഡിയ വെളിച്ചപ്പാടുകളും ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കേണ്ടവരാണ്. വ്യക്തിപരമായ നിലപാടുകളെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി നിഷ്പക്ഷമായും നിഷ്കളങ്കമായും ചിന്തിക്കുന്ന സാധാരണ മനുഷ്യരുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്ക. കൂടിയാകുമ്പോൾ "ദൈവത്തിന്റെ സ്വന്തം  നാട്ടിലെ" സാമുദായിക സൌഹൃദഅന്തരീക്ഷത്തിന് എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന് കുറച്ചു പേർക്കെങ്കിലും തോന്നുന്നുണ്ടാവണം. എന്തിലും ഏതിലും മതവും ജാതിയും സമുദായവും കലർത്തി മുതലെടുപ്പ് നടത്തുന്ന ശവം തീനികളുടെ തന്ത്രങ്ങൾ ആവറേജ് സാമാന്യ ബുദ്ധിയുള്ളവർ തിരിച്ചറിയുന്നുണ്ട് എന്നത് തന്നെ മഹാഭാഗ്യം. 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക