ഞാൻ വെറും പോഴൻ

Tuesday 22 April 2014

ങാ ഹാ.. ഉര്‍വ്വശി കിടക്കണ്ടേടത്ത് ഉറുമീസ്...ഉറുമീസ് കിടക്കണ്ടേടത്ത് ഉര്‍വ്വശി....

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പൂരത്തിന്റെ വെടിക്കെട്ട്‌ തുടരുകയാണ്. ദേശീയ തലത്തില്‍ "സീരിയസ് അഭിനയത്തിന്" അവാര്‍ഡ്‌ നേടിയ സുരാജിനെ സംസ്ഥാന തലത്തില്‍ "സീരിയസ് അല്ലാത്ത അഭിനയത്തിന്" മികച്ച ഹാസ്യ നടനാക്കിയതിന്റെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ സംസ്ഥാന അവാര്‍ഡ്‌ ജൂറി അപ്രതീക്ഷമായി അടുത്ത വിവാദത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കാര്‍ത്തിക് അവാര്‍ഡിനര്‍ഹമായ ഗാനം ചിത്രത്തില്‍ പാടിയിട്ടില്ല. ഒറീസ എന്ന ചിത്രത്തിലെ ജന്മാന്തരങ്ങളില്‍ എന്ന ഗാനമാണ് ഗായകന് അവാര്‍ഡ് നേടിക്കൊടുത്തത്. ഗാനം പാടിയത് കാര്‍ത്തിക് ആണെന്നാണ് ജൂറിക്ക് മുന്നില്‍ സമര്‍പ്പിച്ച സിഡിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം സിനിമയുടെ സി ഡി യ്ക്ക് വേണ്ടി മാത്രമാണ് പാടിയത്. യഥാര്‍ത്ഥത്തില്‍ ചിത്രത്തില്‍ പാടിയത് പ്രദീപ് ചന്ദ്രകുമാര്‍ എന്ന യുവഗായകന്‍ ആയിരുന്നു. തികച്ചും സാങ്കേതികമായ പിഴവിന് സ്വന്തം അവാര്‍ഡ് വിലയായി നല്‍കേണ്ടി വന്നു പ്രദീപിന്. തന്റേതല്ലാത്ത കാരണത്താല്‍, ആദ്യമായി കിട്ടിയ സംസ്ഥാന അവാര്‍ഡ് ആളു മാറി പ്രഖ്യാപിക്കപ്പെട്ടതില്‍ വിഷമമുണ്ടെങ്കിലും തീരെ പ്രതീക്ഷിക്കാത്ത ഒന്നായതിനാല്‍ അത്ര വലിയ ദു:ഖമില്ലെന്നും പ്രദീപ് വ്യക്തമാക്കിയിരുന്നു.

ജന്മാന്തരങ്ങളില്‍ കാര്‍ത്തിക്കിനെ കൊണ്ടു തന്നെയാണ് ആദ്യം പാടിച്ചതെന്നും എന്നാല്‍ പിന്നീട് അത് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ പ്രദീപിനെ കൊണ്ടു വീണ്ടും പാടിക്കുകയുമായിരുന്നെന്ന് ഇൗ ഗാനത്തിന് ഇൗണം നല്‍കിയ സംഗീത സംവിധായകന്‍ രതീഷ് വേഗ പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായാണ് രതീഷ് വേഗയുടെ വിശദീകരണം. അവാര്‍ഡ് മാറിപ്പോയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും തെറ്റ് പരിഹരിക്കുന്നതിനായി എത്രയും വേഗം ജൂറിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം നിര്‍മ്മാതാവ് ചലച്ചിത്ര അക്കാദമിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് അക്കാദമിയുടെ വിശദീകരണം. നിര്‍മ്മാതാവ് കൊടുത്ത രേഖകളില്‍ ഗായകനായി കാര്‍ത്തികിന്റെ പേരാണ് ഉണ്ടായിരുന്നതത്രേ. എന്തായാലും ഇതെല്ലാം കേള്‍ക്കുമ്പോള്‍ റാംജിറാവു സ്പീക്കിംഗ് സിനിമയിലെ ഇന്നസെന്റിന്റെ ഡയലോഗാണ്. "ങാഹാ..ഉര്‍വ്വശി കിടക്കണ്ടേടത്ത് ഉറുമീസ്...ഉറുമീസ് കിടക്കണ്ടേടത്ത് ഉര്‍വ്വശി...." അതാണ്‌ പോലും എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.

ഇതെല്ലാം സാങ്കേതികമായി കൈ കഴുകാനുള്ള വാദങ്ങള്‍ മാത്രമാണ്; വെറും താത്വിക അവലോകനങ്ങള്‍ മാത്രം. കൊട്ടിഘോഷിക്കപ്പെടുന്ന സിനിമ അവാര്‍ഡുകള്‍ ഇത്രയും അവധാനതയോടെയാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നാണു സാധാരണ പ്രേക്ഷകന്‍ ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്. അവാര്‍ഡ്‌ കൊടുക്കാനും അത് നിര്‍ണ്ണയിക്കുന്ന സമിതിയുടെ ചിലവിനും ഉപയോഗിക്കുന്നത് ജനത്തിന്റെ നികുതിപ്പണമാണെന്ന് മറക്കരുത്. ലോക്കല്‍ ആര്‍ട്സ്‌ ക്ലബിലെ നുണ പറച്ചില്‍ മത്സരത്തിന്റെ ഫല പ്രഖ്യാപനം ഒന്ന് അല്ലല്ലോ. സര്‍ക്കാരും അക്കാദമിയും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്‌ ഇത്തരം അവാര്‍ഡുകള്‍. ഇതൊരു ചെറിയ വീഴ്ച അല്ല. ആര്‍ക്കും ഇതില്‍ നിന്ന് കൈ കഴുകാന്‍ അവകാശവും ഇല്ല. ഇക്കണക്കിനു സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്നവനോ ലൈറ്റ് ബോയ്ക്കോ  മികച്ച നടനുള്ള അവാര്‍ഡ്‌ പ്രഖ്യാപിക്കപ്പെട്ടാലും പ്രേക്ഷകര്‍ ഞെട്ടേണ്ട ആവശ്യം ഇല്ല. 


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday 19 April 2014

തള്ളെ....ദേശീയ സുരാജ്...സംസ്ഥാന സുരാജ്...എന്റെ സിവനേ.....

ഒന്‍പതു രസങ്ങളില്‍ ഒന്നായ ഹാസ്യമാണ് പകര്‍ത്തി കൊടുക്കാന്‍ ഏറ്റവും വിഷമകരം. കരയിപ്പിക്കാനോ  പേടിപ്പിക്കാനോ അത്ഭുതപ്പെടുത്താനോ ശ്രമിച്ചിട്ട് പരാജയപ്പെടുന്നതിന്റെ ഒന്‍പതിരട്ടിയാണ് ചിരിപ്പിക്കാന്‍ ശ്രമിച്ചിട്ട് അതിനു സാധിക്കാതെ വരുമ്പോളുണ്ടാവുക എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. അഭിനയിച്ച് ചിരിപ്പിക്കാന്‍ അറിയാവുന്നവന് ഏതു ഭാവവും അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റുമെന്ന് അടൂര്‍ ഭാസിയും ബഹദൂറും ജഗതിയും ഒടുവിലും ഇന്നസെന്റും മാമുക്കോയയും എല്ലാം പല വട്ടം തെളിയിച്ചതാണ്. പക്ഷെ അവര്‍ക്ക് പലപ്പോഴും അംഗീകാരങ്ങള്‍ വന്നത് ജനങ്ങളുടെ കയ്യടിയില്‍ നിന്നായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഹാസ്യ വിഭാഗത്തിന് ഒരു പ്രത്യേക അവാര്‍ഡ്‌ പ്രഖ്യാപിച്ചു ഹാസ്യ നടന്മാരെ രണ്ടാം നിരയിലേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. ഈ നയത്തിന്റെ ചെകിട്ടത്തു തന്നെ ആദ്യ അടി കൊടുത്തത് രണ്ടു വര്‍ഷം മുന്‍പത്തെ ദേശീയ അവാര്‍ഡ്‌ ജൂറി ആയിരുന്നു. സലിം കുമാറിന് ദേശീയ അവാര്‍ഡ്‌ കൊടുത്തു കൊണ്ടായിരുന്നു അത്. ഇപ്പോഴിതാ ദേശീയ അവാര്‍ഡ്‌ കമ്മിറ്റി ഒന്നാം നിര താരചക്രവര്‍ത്തിമാരെയും രണ്ടാം നിര നാട്ടുരാജാക്കന്മാരെയും  വിളിപ്പാടകലെ മാറ്റി നിര്‍ത്തിക്കൊണ്ട് സുരാജ് വെഞ്ഞാറമൂട് എന്ന വിദൂഷകന് നല്‍കിയിരിക്കുന്നു, ദേശീയ അവാര്‍ഡ്‌. ശ്രദ്ധേയമായ കാര്യം ഇതിലുമപ്പുറം ഇരുവര്‍ക്കും അവാര്‍ഡ്‌ കിട്ടിയത് ഹാസ്യവേഷങ്ങള്‍ക്ക് അല്ലെന്നുള്ളതാണ്. വില കുറഞ്ഞ കവല തമാശകളും അശ്ലീല ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ധാരാളം പ്രയോഗിക്കുന്ന ഊള വളിപ്പ് നടന്‍ എന്ന പുറം തോട് പൊട്ടിച്ചു അഭിനയത്തിനുള്ള ഭാരതത്തിലെ പരമോന്നത പുരസ്കാരം കരസ്ഥമാക്കിയ ഈ നടന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അവാര്‍ഡ് ലഭിക്കുമ്പോഴും വാസ്തുഹാരയിലെ മോഹന്‍ ലാലിന്റെ അഭിനയത്തോടാണ് ജൂറി സുരാജിന്റെ അഭിനയമികവിനെ താരതമ്യം ചെയ്തത്. നടന്റെ സ്ഥിരം ലേബല്‍ നോക്കാതെ അവാര്‍ഡ്‌ നിശ്ചയിക്കാന്‍ പക്വതയും വളര്‍ച്ചയും ദേശീയ ജൂറിയ്ക്കും ഒരു ബിഗ്‌ റെസ്പെക്റ്റ്‌. 
ഈ പ്രഖ്യാപനം മുതല്‍ അക്ഷരാര്‍ഥത്തില്‍ ത്തില്‍ വെട്ടിലായിപ്പോയത് സംസ്ഥാന അവാര്‍ഡ്‌ ജൂറി ആയിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന് കിട്ടിയതോടെ സംസ്ഥാന ജൂറിയുടെ തീരുമാനം എന്തായിരിക്കുമെന്ന് നോക്കിയിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്തായാലും ദേശീയ ജൂറി കാണിച്ച പക്വതയും വളര്‍ച്ചയും ഒന്നും സംസ്ഥാന ജൂറി കാണിച്ചില്ല. ഇവിടെ അവര്‍ സുരാജിന് പഴയ കുപ്പായത്തിനുള്ള അംഗീകാരം എന്ന നിലയില്‍ മികച്ച ഹാസ്യ നടനുള്ള  അവാര്‍ഡ്‌ കൊടുത്തു തല കഴുത്തിലാക്കി രക്ഷപെട്ടു. ഇതിനെച്ചൊല്ലി എന്തൊക്കെ വിവാദങ്ങള്‍ വരുമെന്ന് കാണാനിരിക്കുന്നതേ ഉള്ളൂ. 

മുന്‍പ് ദേശീയ അവാര്‍ഡ്‌ കിട്ടിയ സലിം കുമാര്‍ പറഞ്ഞത് പോലെ  ഇനി സുരാജും സൂക്ഷിക്കണം. നിങ്ങളുടെ കാര്യം ഏതാണ്ട് പോക്കായ മട്ടാണ്. മലയാള സിനിമയുടെ ഒരു രീതി അതായത് കൊണ്ട് പറഞ്ഞതാ. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം.

വാല്‍ക്കഷണം : ഇതെല്ലാം കാണുമ്പോള്‍ ഉള്ളാല്‍ ചിരിക്കുന്നവരും സന്തോഷിക്കുന്നവരും ഏറെ ഉണ്ടെങ്കിലും എന്റെ മനസ്സില്‍ ആദ്യം വരുന്ന ഒരു മുഖം ഇന്ദ്രന്‍സിന്റെതാണ്. പല പ്രമുഖ നടിമാരും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ വൈമുഖ്യം കാണിച്ച സാഹചര്യത്തില്‍...അതിനാല്‍ തന്നെ ഈ അവാര്‍ഡ്‌ സുരാജിനോട് അനുവാദം ചോദിക്കാതെ തന്നെ ഞാന്‍ ഇന്ദ്രന്‍സിന് Dedicate ചെയ്യുന്നു.


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday 18 April 2014

മമ്മൂട്ടിയും ഗാങ്ങ്സ്റ്ററും മൂന്നാം തരം മാധ്യമ ഗുണ്ടായിസ്സത്തിന്റെ ഇര ???


കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഗാങ്ങ്സ്റ്റര്‍ സോഷ്യല്‍ മീഡിയ അന്തരീക്ഷത്തെ ഇളക്കി മറിച്ചു കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ആരാധകരും അല്ലാത്തവരും പോസ്റ്റി പോസ്റ്റി മടുത്തു. മമ്മൂട്ടി-ആഷിക് അബു- അഹമ്മദ്‌ സിദ്ധിക്ക്-അഭിലാഷ്‌ കുമാര്‍ ടീമിന്റെ ബിഗ്‌ ബജറ്റ്‌ ചിത്രമായിരുന്നു ഇത്. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രവും.

പടം റിലീസ് ആയി മണിക്കൂറുകള്‍ക്കകം അതിനെ ഇല്ലായ്മ ചെയ്യാന്‍ മാത്രം വിഷശക്തിയുള്ള അവലോകനങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലും ചില ടി വി ചാനലുകളിലും ഇട തടവില്ലാതെ പ്രവഹിച്ചു കൊണ്ടിരുന്നു; ഇപ്പോഴും പ്രവഹിക്കുന്നു. ഫേസ്ബുക്കിലും മറ്റും രൂക്ഷമായ വിമര്‍ശനങ്ങളും അശ്ലീലവുമാണ് പലരും ആഷിക് അബുവിന്റെ പേജിലും മമ്മൂട്ടി ആരാധകരുടെ പോസ്റ്റിലും എഴുതിവിടുന്നത്. ഇത് സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നുണ്ടെന്ന് ഈ കമന്റുകള്‍ വായിച്ചാല്‍ മനസിലാക്കാവുന്നതേ ഉള്ളൂ. ചില ചാനലുകള്‍ ആണെങ്കില്‍ പടം വന്‍ പരാജയമാണെന്ന ബാനര്‍ സ്ഥിരമായി സ്ക്രോള്‍ ചെയ്തു നിര്‍വൃതി അടയുന്നു. മമ്മൂട്ടി ആരാധകരും ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും അനുകൂലിക്കുന്നവരും ആരോപിക്കുന്നത് ഇതിനു പിന്നില്‍ അമൃത ടി വി ചാനലും അമൃതാനന്ദമയീ ആരാധകരും ആണെന്നാണ്‌. മറ്റു ചില ടി വി ചാനലുകളുടെ പേരും കേള്‍ക്കുന്നുണ്ട്. അതു സത്യമാണെങ്കില്‍ തന്നെ ഇപ്പോഴത്തെ രാഷ്ട്രീയസാമൂഹ്യ പരിതസ്ഥിതിയില്‍ ആ സത്യാവസ്ഥ ഒരു കാരണവശാലും പുറത്തു വരുമെന്നു തോന്നുന്നില്ല. 

തിരക്കഥയിലും സംവിധാനത്തിലും യാതൊരു മികവും പ്രകടിപ്പിക്കാത്ത ചിത്രമെന്ന ചീത്തപ്പേര് ഗ്യാങ്സ്റ്ററിന്റെ മേല്‍ അടിച്ചേല്‍പ്പിച്ചു കഴിഞ്ഞു. ഒരു ഷോ പോലും തികച്ചു ഓടാന്‍ നിലവാരമില്ലാത്ത എത്രയോ പടങ്ങള്‍ മലയാളത്തില്‍ ഇതിനു മുന്‍പും ഇറങ്ങിയിട്ടുണ്ട്. എല്ലാ സൂപ്പര്‍ താരങ്ങളുടെയും ഇത്തരം ചിത്രങ്ങള്‍ പല വട്ടം ഇറങ്ങി എട്ടു നിലയില്‍ പൊട്ടി പോയിട്ടുണ്ട്. മലയാളത്തിലെ എല്ലാ സംവിധായകരുടെയും പല പടങ്ങളും ഇത് പോലെ പൊളിഞ്ഞു പാളീസായിട്ടുണ്ട്. അന്നൊന്നും ഇത് പോലെ ഒരു പടത്തിനെതിരെയും ചാനല്‍ ഘോഷങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റിങ്ങുകളും കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ ഇത് മാധ്യമ ഗുണ്ടായിസ്സമാണെന്നും ഇതിനു പിന്നില്‍ ഗൂഡാലോചനയും ആസൂത്രണവും ഉണ്ടെന്നും സംശയിക്കുന്നവരെ പൂര്‍ണ്ണമായി തെറ്റ് പറയാന്‍ പറ്റില്ല.

ഇനി ആരൊക്കെ വിചാരിച്ചാലും ദൈവം കൊടുത്ത പ്രതിഭയുള്ളവന്റെ സര്‍ഗ്ഗശേഷിയെ ഇല്ലാതാക്കാന്‍ ഈ ജന്മത്ത് സാധ്യമല്ല. ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്തു അത് സഹൃദയനെ തേടിയെത്തും....

വാല്‍ക്കഷണം : ഇതിനെപ്പറ്റി കേട്ട പ്രതികരണങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് പ്രശസ്ത കോമേഡിയന്‍ രമേശ്‌ പിഷാരടി പറഞ്ഞതാണ്...

"ആദാമിന്റെ മകന്‍ അബുവെന്ന മികച്ച ചിത്രം പുറത്തിറങ്ങിയപ്പോള്‍ അത് ആഘോഷിയ്ക്കാതെ സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന സിനിമയെ പരിഹസിച്ച് ആഘോഷിച്ചവരോട്; മലയാളസിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായി ഫേസ്ബുക്ക് സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തിയ സംവിധായകനാണ് ആഷിക് അബു. സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുള്ള ഒരാള്‍ സുരക്ഷിതമായ പാതകള്‍ ഉണ്ടായിട്ടും പരീക്ഷണങ്ങള്‍ നിറഞ്ഞ സിനിമാ വഴികളില്‍ യാത്ര ചെയ്യുകയാണ്. ഗ്യാങ്സ്റ്റര്‍ ഇഷ്ടമെങ്കില്‍ കാണാം. മോശം അഭിപ്രായമാണ് കേള്‍ക്കുന്നതെങ്കില്‍ കാണാതിരിക്കാം. ആക്രമിക്കരുത്. അതൊരു കലാസൃഷ്ടി മാത്രമാണ്, എന്‍ഡോസള്‍ഫാനൊന്നുമല്ല"


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday 17 April 2014

ചില പാതിരി ഫലിതങ്ങൾ....

പള്ളീലച്ചന്മാര്‍ പള്ളി പ്രസംഗങ്ങളിലെ വിരസതയകറ്റാന്‍ രസകരമായ ചെറിയ കഥകള്‍ പറയാറുണ്ട്‌. അവയില്‍ ചിലത്.

ഒരച്ചന്‍ ദുഖവെള്ളിയാഴ്ച പ്രസംഗം തുടങ്ങി. മുന്നില്‍ വന്നു പെട്ട ഇരകളോട് യാതൊരു ദയാ ദാഷിണ്യവുമില്ലാതെ അച്ചന്‍ പ്രസംഗം വച്ച് പെരുക്കുകയാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും അച്ചന്റെ ആവേശം പക്ഷെ കുഞ്ഞാടുകളിലേക്ക് എത്തുന്നില്ല. എല്ലാവരുടെയും മുഖം പഴയ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ പോലെ നിര്‍വികാരമായിരിക്കുന്നു. കര്‍ത്താവിന്റെ പീഡാനുഭവങ്ങളുടെ കരളുരുക്കുന്ന വിവരണം എടുത്തു പ്രയോഗിച്ചിട്ടും ഒരുത്തനും ഒരു വികാരവും ഇല്ല. ഇതെല്ലാം കണ്ടു മനം മടുത്തു അച്ചന്‍ കരയുമെന്ന ഘട്ടം വന്നു. അപ്പോഴുണ്ട്, പള്ളിയുടെ മുന്നിലിരിക്കുന്ന ഒരു വല്യമ്മച്ചി മാത്രം കണ്ണ് തുടക്കുന്നു. അച്ചന് സന്തോഷമായി. ഒരാള്‍ക്കെങ്കിലും എല്ക്കുന്നുണ്ട്. അദ്ദേഹം വല്ല്യമ്മച്ചിക്ക് കാണാവുന്ന വിധത്തില്‍ തിരിഞ്ഞു നിന്ന് പ്രസംഗം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മച്ചി വലിയ വായില്‍ കരഞ്ഞു തുടങ്ങി. അത് കണ്ടും കേട്ടും പലരും ചെറുതായി കരഞ്ഞു തുടങ്ങി. എന്തായാലും അച്ചന് സന്തോഷമായി. പ്രസംഗം തീര്‍ത്തു പുറത്തിറങ്ങി; വാതില്‍ക്കല്‍ കാത്തു നിന്നു. അച്ചനെ രക്ഷിച്ച വല്ല്യമ്മച്ചിയെ ഒന്ന് കാണണം; അതാണ് ഉദേശ്യം. ഒടുവില്‍ വല്യമ്മച്ചിയും അച്ചനും കണ്ടു മുട്ടി. അച്ചന്‍ വല്ല്യമ്മച്ചിയോട് ആകാംഷയോടെ ചോദിച്ചു. എന്റെ പ്രസംഗത്തിലെ ഏതു ഭാഗം കേട്ടാണ് വല്യമ്മച്ചി കരഞ്ഞത്. ഉടനെ വന്നു അവരുടെ മറുപടി; "അച്ചന്റെ പ്രസംഗം അതിനാര് കേട്ടു ? അച്ഛന്റെ ഊശാന്‍ താടി കണ്ടപ്പോള്‍ ഞാനെന്റെ ചത്ത്‌ പോയ മുട്ടനാടിനെ ഓര്‍ത്തു പോയി. അതിന്റെ സങ്കടത്തില്‍ കരഞ്ഞതാണ്" ഇത്തവണ അച്ചന്‍ ശരിക്കും കരഞ്ഞു പോയി.

മലബാര്‍ സഭയിലെ പഴയ പിതാവ് മാര്‍ ആന്റണി പടിയറ പറഞ്ഞ ഒരു ഫലിതം.



ഒരിക്കല്‍ ആന്റണി പടിയറ പിതാവ് ഇംഗ്ലണ്ടില്‍ പോയ സമയത്ത് അവിടത്തെ ഒരു മലയാളീ കുടുംബം സന്ദര്‍ശിക്കുവാന്‍ ഇട വന്നു. കുഞ്ഞുങ്ങളില്ലാത്തതിന്റെ ദുഖം അനുഭവിക്കുന്ന ദമ്പതികളുടെ വീട്ടിലായിരുന്നു സന്ദര്‍ശനം. പിതാവ് അവരോടു പറഞ്ഞു "ലൂര്‍ദ്ദ്ള്ളിയില്‍ പോയി ഒരു മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കൂ, മാതാവ്‌ നിങ്ങളെ അനുഗ്രഹിക്കും". സന്ദര്‍ശനം കഴിഞ്ഞു പിതാവ് തിരികെ കേരളത്തിലേക്ക് പോന്നു. അഞ്ചു വര്‍ഷത്തിനു ശേഷം പിതാവ് ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ആ പഴയ ദമ്പതികളുടെ വീട് സന്ദര്‍ശിക്കാന്‍ ഇട വന്നു. അപ്പോള്‍ വീട്ടില്‍ ര്‍ത്താവ് ഉണ്ടായിരുന്നില്ല. വീടിന്റെ മുറ്റത്ത്‌ നാലും മൂന്നും വയസുള്ള 2 കുട്ടികള്‍ കളിക്കുന്നുണ്ട്. പിതാവിനെ കണ്ടപ്പോള്‍ ഭാര്യ മുറ്റത്തേക്ക് ഇറങ്ങി വന്നു. അവളുടെ കയ്യില് 2 വയസുള്ള ഒരു കുഞ്ഞ് ഇരിപ്പുണ്ട്. കൂടാതെ അവള്‍ ഗര്‍ഭിണിയും ആണ്. പിതാവ് അവളോട്‌ ഭര്‍ത്താവ് എവിടെ എന്ന് തിരക്കി. അവള് പറഞ്ഞു. "ലൂര്‍ദ്ദ് പള്ളിയില്‍ പോയിരിക്കുവാ പിതാവ് അത്ഭുതത്തോടെ ചോദിച്ചു എന്ത് പറ്റി ഭാര്യ തെല്ല് നാണത്തോടെ മൊഴിഞ്ഞു തിരി കെടുത്താന്‍”. ഇത്തവണ പിതാവ് ഞെട്ടി.

കുടുംബപ്പേരുകള്‍ വന്നതിനെപ്പറ്റിയുള്ള ഒരു കഥ:

ഒരു കുന്നിന്‍ മുകളില്‍ അത്യാവശ്യം കൃഷികാര്യങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന ആളായിരുന്നു ഔത. സ്വര്‍ണ്ണം വിളയുന്ന കുന്നില്‍ ജീവിക്കുന്ന ഔതയെ ആളുകള്‍ "സ്വര്‍ണ്ണക്കുന്നേല്‍ ഔത" എന്ന് വിളിച്ചിരുന്നു. പിന്നീടദ്ദേഹത്തിന്റെ മക്കള്‍ ജോലിയൊക്കെ കിട്ടിയപ്പോള്‍ കുന്നിന്‍ താഴെ റോഡരികില്‍ ഒരു വീട് പണിതു. അപ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തെ "വഴി വക്കില്‍ ഔത" എന്ന് വിളിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത്‌ ഒരു വന്‍ ആനി മരം (ആഞ്ഞിലി പ്ലാവ്) വളര്‍ന്നു പന്തലിച്ചു. പിന്നെ അദ്ദേഹം "ആനിമൂട്ടില്‍ ഔത" എന്ന് വിളിക്കപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു ഈ കുടുംബപ്പേര് മാറ്റം. അദ്ദേഹം ആ ആനിമരം വെട്ടി മാറ്റി. ആനിമരക്കുറ്റിയുടെ അടുത്ത് താമസിക്കുന്ന അദ്ദേഹത്തെ "കുറ്റിയാനിക്കല്‍ ഔത" എന്ന് വിളിച്ചു തുടങ്ങി. കലി മൂത്ത ഔതചേട്ടന്‍ ജെ സി ബി വരുത്തി ആനിമരകുറ്റി പറിച്ചു ദൂരെയെറിഞ്ഞു. പിന്നെ അദ്ദേഹം "കുറ്റി പറിയാനിക്കല്‍ ഔത" എന്നറിയപ്പെട്ടു തുടങ്ങി.

ഫലിതപ്രിയനായ മാര്‍ക്രിസ്റ്റോം തിരുമേനി പറഞ്ഞ ഒരു കഥ


ഒരു വല്ല്യച്ചന്‍ ഞായറാഴ്ച്ച പ്രസംഗം പറയുക ആയിരുന്നു....


എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ തല വെച്ച് കിടന്നതാണ്...അവര്‍ എന്റെ തലയില്‍ വിരലുകള്‍ ഓടിക്കുമ്പോള്‍ ഞാന്‍ അനിര്‍വചനീയമായ ഒരു പരമാനന്ദം ആസ്വദിക്കുകയായിരുന്നു.
വിശ്വാസികള്‍  ഞെട്ടി ...എന്തായിത് ....വല്ല്യച്ചന്‍ ഒരു പരസ്യ കുമ്പസ്സാരത്തിനുള്ള പുറപ്പാടില്‍ ആണോ ....
അച്ചന്‍ തുടര്‍ന്നു ....
ആ സ്ത്രീ എന്റെ അമ്മയായിരുന്നു.
വിശ്വാസികളുടെ ശ്വാസം നേരെയായി. പള്ളിയില്‍ പൊട്ടിച്ചിരിയുടെ അലകള്‍ ഉയര്‍ന്നു....
പ്രസംഗം  കേട്ട് കൊണ്ടിരുന്ന മറ്റൊരു കൊച്ചച്ചന് ഇത് നന്നേ പിടിച്ചു. അദ്ദേഹം ചിന്തിച്ചു ...സംഗതി കൊള്ളാം ...നല്ല കയ്യടി കിട്ടും ...
അദ്ദേഹം ഇതേ തമാശ അദ്ദേഹത്തിന്റെ പള്ളിയില്‍ പ്രസംഗത്തിനിടെ പറഞ്ഞു ...
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ തല വെച്ച് കിടന്നതാണ്...അവര്‍ എന്റെ തലയില്‍ വിരലുകള്‍ ഓടിക്കുമ്പോള്‍ ഞാന്‍ അനിര്‍വചനീയമായ ഒരു പരമാനന്ദം ആസ്വദിക്കുകയായിരുന്നു....

വിശ്വാസികള്‍ ഞെട്ടി ...എന്തായിത് ....കൊച്ചച്ചന്‍ ഒരു പരസ്യ കുമ്പസ്സാരത്തിനുള്ള പുറപ്പാടില്‍ ആണോ ....

പക്ഷെ ഇവിടെ അച്ചനും ഒന്ന് ഞെട്ടി ....അച്ചന്‍ തമാശയുടെ അവസാന  ഭാഗം മറന്നു പോയി ...

എന്നിട്ട് ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു ...

അതാരുടെ മടിയിലാണെന്ന് ഞാന്‍ ഇപ്പോള്‍ മറന്ന് പോയിരിക്കുന്നു ...!"

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday 11 April 2014

ആം ആദ്മി ഒരു ഒഴിഞ്ഞ ഇടമായിരുന്നു....എന്നതിനാല്‍, അതിനെ അവഗണിക്കാനാവുമോ ?


ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ രണ്ടായി വേര്‍തിരിക്കാന്‍ Reference Point ആയി ഉപയോഗിക്കാവുന്ന ഒരു ദിവസമാണ് 2013, ഡിസംബര്‍ 8. അതായത് ആം ആദ്മിക്ക് മുന്‍പും ശേഷവും. പരമ്പരാഗത രാഷ്ട്രീയ ചിന്താകേന്ദ്രങ്ങളോ രാഷ്ട്രീയ നിരീക്ഷകരോ മുഖ്യധാരാ മാധ്യമങ്ങളോ ഒന്നും തന്നെ അല്പം പോലും രാഷ്ട്രീയ പ്രാധാന്യം നല്‍കാതിരുന്ന ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ മുന്നേറ്റം ഡല്‍ഹിയെയും ഇന്ത്യയെ മൊത്തത്തിലും ഞെട്ടിച്ചു കൊണ്ട് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരുടെ വ്യക്തമായ സാന്നിധ്യമറിയിച്ച ഒരു ദിവസമായിരുന്നു അത്.

സത്യത്തില്‍ എന്താണ് ഇന്ത്യയിലെ രാഷ്ട്രീയ പരിതസ്ഥിതി !!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നില്‍ക്കുന്ന ഒരു സംവിധാനമാണ് ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായ Legislature, Executive, Judiciary എന്നിവയില്‍ എല്ലാം ഇത് പ്രകടമാണെങ്കിലും, പ്രത്യക്ഷ രാഷ്ട്രീയമാണ് നമ്മുടെ വിഷയം എന്നത് കൊണ്ട് ഈ ചര്‍ച്ച Legislature ല്‍ മാത്രം ഒതുക്കാമെന്ന് കരുതുന്നു. ഇവിടെ ഉയര്‍ന്ന ഭരണ സഭകളില്‍ കയറി ഇരിക്കുന്നവര്‍ ജന്മിമാരും പ്രാദേശിക ഭരണ സഭകളില്‍ നുഴഞ്ഞു കയറിയവര്‍ മിച്ചവാരക്കാരും രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകതൊഴിലാളികളും ആണെന്ന് വേണമെങ്കില്‍ നിരീക്ഷിക്കാം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു വോട്ട് രേഖപ്പെടുത്തുന്നത് വരെ ഉള്ള ചെറിയ കാലയളവിലാണ് ഇവിടെ പൌരന് എന്തെങ്കിലും ഒരു വിലയുള്ളത്. അത് കഴിഞ്ഞാല്‍, നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജന പക്ഷപാതം, അഴിമതി, കയ്യിട്ടു വാരല്‍ തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും മുഴുകി ജീവിക്കും. ഇതിനു ഭരണ പക്ഷം, പ്രതി പക്ഷം എന്ന യാതൊരു വിധ ഭേദവും ഇല്ല. ഒരേ തൊഴിലെടുക്കുന്ന രണ്ടു കമ്പനികളിലെ തൊഴിലാളികള്‍. ഇവിടെയാണ്‌ യഥാര്‍ത്ഥ അദ്വൈതം പുലരുന്നത്. ജനാധിപത്യ ഗോപുരത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇതിനെല്ലാം കുഴലൂതുകയും ചെയ്യുന്നു.
ഇതെല്ലാം കണ്ടു മടുത്ത ജനതയുടെ നല്ലൊരു ശതമാനം ജനാധിപത്യ നിരാസത്തിലേക്കും അരാഷ്ട്രീയവാദത്തിലേക്കും ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരുന്ന അവസരത്തിലാണ് ആം ആദ്മി എന്ന മുന്നേറ്റം രൂപപ്പെടുന്നത്. മുന്നേറ്റം എന്ന പ്രയോഗം മനപൂര്‍വ്വം ആണ്. കാരണം അതിനൊരു സംഘടനാ ബലമോ പ്രത്യയ ശാസ്ത്ര പിന്ബലമോ അവകാശപ്പെടാന്‍ ഇല്ലായിരുന്നു. ഫേസ്ബുക്ക് രാഷ്ട്രീയപ്രവര്‍ത്തനം എന്ന് വിളിച്ചു എതിരാളികള്‍ നിസാരവല്ക്കരിക്കാന്‍ ശ്രമിച്ച ഈ മുന്നേറ്റം വിജയിച്ചതിന് ഒരേ ഒരു കാരണമേ ഉള്ളൂ...അത് കേജ്രിവാല്‍ അല്ല... ചൂല്‍ അല്ല....ആം ആദ്മി പാര്‍ട്ടിയുമല്ല....അത്തരം ഒരു മുന്നേറ്റം ഉണ്ടാകാന്‍ തക്ക ഒരു ഒഴിഞ്ഞ ഇടം (EMPTY SPACE) ഇവിടത്തെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഉണ്ടായിരുന്നു....ഇവിടത്തെ നിരാശരായ ജനാധിപത്യ വിശ്വാസികളുടെ മനസ്സില്‍ ഉണ്ടായിരുന്നു.ഈ തിരഞ്ഞെടുപ്പില്‍ ആം ആദ്മി ദയനീയമായി തോറ്റു പോയേക്കാം...
കേജ്രി വാളും അദ്ദേഹത്തിന്റെ മുന്നേറ്റവും വിസ്മൃതമായിപ്പോയെക്കാം...
അതിനു പകരം മറ്റൊരു മുന്നേറ്റം ഇവിടെ ഉയര്‍ന്നു വരും...
ഇവിടത്തെ പരമ്പരാഗത രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഒരു വോട്ടെങ്കിലും കുറയുകയും ആം ആദ്മി പാര്‍ട്ടിക്കോ നോട്ട (None of the Above) യ്ക്കോ ഒരു വോട്ടെങ്കിലും കിട്ടുകയും ചെയ്‌താല്‍ ഇവിടത്തെ യഥാര്‍ത്ഥ ജനാധിപത്യസ്നേഹി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആ ഒഴിഞ്ഞ ഇടം ഇപ്പോഴും സജീവമാണെന്നാണ് അര്‍ത്ഥം...താത്വികമായ അവലോകനങ്ങള്‍ ഒരു കക്ഷിയെയും അനന്തമായി നില നിര്‍ത്താന്‍ പോകുന്നില്ല.
ഇവിടത്തെ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചു സമൂലമായ മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ ഈ ഒഴിഞ്ഞ ഇടം നിങ്ങളുടെ ഇപ്പോഴത്തെ ഉയര്‍ന്ന സ്ഥാനങ്ങളെ ഇല്ലാതാക്കിയേക്കും.....


കോണ്ഗ്രസിന്റെ തലപ്പത്ത് സുധീരനും സതീശനും വന്നതിനും തിരുവഞ്ചൂര്‍ ശമ്പളം ഉപേക്ഷിച്ചതിനും പിന്നില്‍ ആം ആദ്മിയാണെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് നിഷേധിക്കാന്‍ ആവുക. കേരളം മുതല്‍ ഡല്‍ഹി വരെ അങ്ങനെ എത്ര എത്ര ഉപരിപ്ലവമായ മാറ്റങ്ങള്‍....


ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



Sunday 6 April 2014

കോഴി ആണോ നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ റോള്‍ മോഡല്‍....???

പകല്‍ സമയത്ത് കോഴി ഏറ്റവും ഉച്ചത്തില്‍ മനുഷ്യന് അലോസരമുണ്ടാക്കുന്ന ശബ്ദം ഉണ്ടാക്കുന്നത് എന്തിനാണെന്ന് അറിയാമോ ? വീട്ടില്‍ കോഴികളെ വളര്‍ത്തുന്നവര്‍ക്കറിയാം; അത് നൂറു ഗ്രാം തൂക്കം പോലുമില്ലാത്ത മുട്ടയിട്ട് കഴിഞ്ഞു ഞാന്‍ ഒരു മുട്ടയിട്ടേ എന്ന് ഈ ലോകത്തെ വിളിച്ചറിയിക്കാനാണ്.

നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ രാഷ്ട്രീയനേതാക്കള്‍ മുഴുവന്‍ ഇപ്പോള്‍ ഈ കോഴികളെ പോലെ ആവുകയാണ്. ഒരാള്‍ ഒരു വാര്‍ഡ്‌ തല നേതാവായാല്‍ ഉടനെ വരും അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള ഫ്ലക്സ്‌ ബോര്‍ഡ്‌. പഞ്ചായത്ത് മെമ്പര്‍ മുതല്‍ ലോക്സഭ മെമ്പര്‍ വരെ അദ്ദേഹം വഴി ആ പ്രദേശത്തേക്ക് എത്തിയതും എത്തിക്കൊണ്ടിരിക്കുന്നതും എത്താന്‍ പോകുന്നതും എത്തിക്കാന്‍ പോകുന്നതും ആയ വിവിധ പദ്ധതികള്‍ക്ക് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അറിയിക്കുന്ന ഫ്ലക്സ്‌ കൊണ്ട് നിറയ്ക്കും. ഇതിനു വരുന്ന ചെലവ് വഹിക്കുന്നതും ഈ മാന്യ ദേഹം തന്നെയാണ്. ചില സാഹചര്യങ്ങളില്‍ ഇത് അച്ചടിപ്പിച്ചു കൊണ്ട് വന്നു കെട്ടി തൂക്കുന്നതും അവര്‍ സ്വന്തമായിട്ടാണ്. (വാണിജ്യസ്ഥാപനങ്ങൾ, സ്ക്കൂളുകൾ, പാരലൽ കോളേജുകൾ, ആരാധനാലയങ്ങൾ, ആത്മീയ ആചാര്യന്മാർ, ആള്‍ ദൈവങ്ങള്‍, ആള്‍ അല്ലാത്ത ദൈവങ്ങള്‍, രാഷ്ട്രീയക്കാർ, വ്യക്തിഗത താൽ‌പ്പര്യക്കാർ, ടീവീ സീരിയലുകാർ, സിനിമാ പരസ്യക്കാർ, പത്രമാദ്ധ്യമങ്ങൾ, സമുദായ നേതാക്കള്‍, റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങി ജനിച്ചവര്‍, മരിച്ചവര്‍, അടിയന്തിരം കൊണ്ടാടപ്പെടുന്നവര്‍, കല്യാണം കഴിക്കുന്നവര്‍, കഴിപ്പിക്കുന്നവര്‍  എന്ന് വേണ്ട ലോകത്തുള്ള സകല അണ്ടനും അടകോടനും ചിരിച്ചു കൊണ്ട് കേറി പോസ്റ്റിലും ട്രാഫിക്‌ മീഡിയനിലും ഇരിക്കുന്നത് കാണാഞ്ഞിട്ടല്ല; ഈ പരിസര മലിനീകരണം നടത്തുന്നതില്‍ ഏറിയ പങ്കും രാഷ്ട്രീയ നടന്മാര്‍ ആണെന്നത് കൊണ്ടാണ് അവരെ ഫോക്കസ് ചെയ്തത്).

കോഴികളെ അടുത്ത് ശ്രദ്ധിച്ചാല്‍ കാണാവുന്ന മറ്റൊരു കാര്യം ഏതു പൊതു സ്ഥലത്ത് വച്ചും കാമപൂര്‍ത്തി വരുത്തും എന്നതാണ്. അതിനു സമയമോ കാലമോ ഒന്നും കോഴിക്കൊരു പ്രശ്നമല്ല. അടുത്തിടെ നമ്മുടെ പല രാഷ്ട്രീയ താരങ്ങളെപ്പറ്റിയും വ്യാപകമായി കേള്‍ക്കുന്ന ആരോപണങ്ങള്‍ ഈ കോഴിത്തരത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. മുതിര്‍ന്ന നേതാവ് പൊതുചടങ്ങില്‍ വച്ച് വനിതാ എം എല്‍ എ യെ കയറിപ്പിടിക്കുന്ന ത്തിന്റെയും അവര്‍ കഷ്ടപ്പെട്ട് ആ ശ്രമം ചെറുക്കുന്നതിന്റെയും വീഡിയോതുണ്ടുകള്‍ യു ട്യൂബില്‍ കാണാം. പിന്നെ ചലച്ചിത്ര നടിയെ എം പി കൈ വച്ചതിന്റെ...ലോക്സഭ സ്ഥാനാര്‍ഥിക്ക് സ്ഥലം എം എല്‍ എ ബലമായി മുത്തം കൊടുത്തതിന്റെ...അതേ സ്ഥാനാര്‍ഥിയെ അവരുടെ പാര്‍ട്ടിയുടെ യുവ നേതാവ് കയറിപ്പിടിച്ചതിന്റെ....ഒരു സ്ത്രീ വിരിച്ച കെണിയില്‍ പോയി വീണ മുന്‍ മന്ത്രിയുടെ...യുവ സംരഭകയെ യുവ എം എല്‍ എ ഹോട്ടലില്‍ വിളിച്ചു വരുത്തി ബലമായി പീഡിപ്പിച്ചതിന്റെ...അങ്ങനെ പോകുന്നു കോഴിത്തരത്തിന്റെ കഥകള്‍.....

കോഴികള്‍ ആണോ നമ്മുടെ നേതാക്കളുടെ റോള്‍ മോഡല്‍....???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Tuesday 1 April 2014

കല്പനചേച്ചിയുടെ ഭ്രമ കല്പനകള്‍...."മാവേലി" നാട് വാണീടും കാലം....



ലോക് സഭ തുരന്നെടുപ്പ്, സോറി തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ആദര്‍ശത്തിന്റെ മൊത്തക്കച്ചവടം നടത്തിയിരുന്ന ചിലരുടെ മലക്കം മറിയലും ട്രപ്പീസ് കളിയും ഒക്കെ കണ്ടു ഞെട്ടിയും ചിരിച്ചും മടുത്ത ജനത്തിന്റെ നടുവിലേക്കാണ് വെള്ളിത്തിരയിലെ തമാശക്കാരി ഏറ്റവും വലിയ മലക്കം മറിയലുമായി എത്തിയത്. അതിന്റെ ഞെട്ടല്‍ എത്ര ശ്രമിച്ചിട്ടും മാറുന്നില്ല. അമ്മയുടെ നേതാവ് മത്സരിക്കുന്ന മണ്ഡലത്തില്‍ തന്നെ അദ്ദേഹത്തിന് എതിരെ മത്സരിക്കുന്ന ആപ് സ്ഥാനാര്‍ഥിക്ക് വേണ്ടി കല്പന പ്രചരണം നടത്തി എന്ന വാര്‍ത്തയായിരുന്നു ആദ്യം ഞെട്ടിച്ചത്. ഒരു നിമിഷം തിലകന്‍ ചേട്ടനെ ഓര്‍ത്തു പോയി. ആദ്യത്തെ ഞെട്ടല്‍ ഒരു കണക്കിന് മാറ്റി സമാധാനമായി ഇരിക്കുമ്പോള്‍, പിറ്റേ ദിവസം ദേ വരുന്നു ചേച്ചിയുടെ വക തിരുത്ത്. അപ്പോള്‍ ഉണ്ടായ ഞെട്ടല്‍ ഇപ്പൊഴും മാറുന്നില്ല. കാരണം ചേച്ചി വിശദീകരിച്ചത് കേട്ടാല്‍ ഏതു കഠിന ഹൃദയനും കരഞ്ഞു പോകും. അത് ഇപ്രകാരമാണ്.

"ആം ആദ്‌മി പാര്‍ട്ടിയെന്നാല്‍ കെജ്‌രിവാളും സാറാജോസഫും അനിതാ പ്രതാപുമല്ലാതെ അതിനപ്പുറത്തേക്ക്‌ യാതൊന്നും എനിക്കറിയില്ല. ഞാന്‍ ആം ആദ്‌മിയുമായി ഒരിക്കലും സഹകരിച്ചിട്ടില്ല. അതിന്റെ ഭാഗമാകുകയും ചെയ്‌തിട്ടില്ല. എന്തിനേറെ, അതിന്റെ ഫുള്‍ഫോം പോലും എനിക്കറിയില്ല. അവരുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കൂടി ശ്രമിച്ചിട്ടുമില്ല. നേരു പറഞ്ഞാല്‍, ഞാന്‍ ചാലക്കുടിയില്‍ പങ്കെടുത്ത യോഗം ആം ആദ്‌മിയുടേതാണെന്ന്‌ ചെറിയൊരു സൂചന പോലുമില്ലായിരുന്നു. അവിടെ ഇന്നസെന്റിന്‌ എതിരായി നില്‍ക്കുന്ന ആം ആദ്‌മി സ്‌ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ്‌ യോഗമായിരുന്നു അതെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ പങ്കെടുക്കില്ലായിരുന്നു. ഞാന്‍ ശരിക്കും ചതിക്കപ്പെട്ടതാണ്‌. ജനസേവാ ശിശുഭവന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ഞാന്‍ ആ വേദിയിലെത്തി പ്രസംഗിച്ചു. അതിനുശേഷം ഭാര്യാഭര്‍ത്താക്കന്‍മാരായ രണ്ടുപേര്‍ എന്റെ അടുത്തുവന്ന്‌ ഒരു തൊപ്പി തന്നിട്ട്‌ തലയില്‍ വയ്‌ക്കാന്‍ പറഞ്ഞു. തൊപ്പിയില്‍ ആം ആദ്‌മി എന്ന്‌ എഴുതിവച്ചതുകണ്ട്‌ ഞാന്‍ എന്താണെന്ന്‌ ചോദിച്ചപ്പോള്‍, ആം ആദ്‌മിയെന്നാല്‍ സാധാരണക്കാര്‍ എന്നു മാത്രമാണ്‌ അര്‍ഥമെന്നും നമ്മളെല്ലാം സാധാരണക്കാരായതിനാല്‍ അതില്‍ ഇങ്ങനെ എഴുതിവച്ചെന്നേയുള്ളൂവെന്നുമാണ്‌ അവര്‍ പറഞ്ഞ മറുപടി. ഇതില്‍ വിശ്വസിച്ചാണ്‌ ഞാന്‍ തൊപ്പി ധരിച്ച്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തത്‌. അല്ലാതെ അതൊരു പാര്‍ട്ടി പരിപാടിയാണെന്നും ആം ആദ്‌മി എന്ന പാര്‍ട്ടിയുടെ തൊപ്പിയാണതെന്നും അറിഞ്ഞിരുന്നെങ്കില്‍ ഞാനങ്ങനെ ചെയ്യില്ലായിരുന്നു. ഞാന്‍ ആ ദമ്പതികളെ എന്നെങ്കിലും കണ്ടെത്തും. എന്നിട്ട്‌ അവരെക്കൊണ്ട്‌ തന്നെ ഞാന്‍ ഇതെല്ലാം വെളിപ്പെടുത്താം. അപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസമാകുമല്ലോ... "

ഇങ്ങനെ ഒന്നുമറിയാത്ത ഒരു പഞ്ചപാവത്തെ തെറ്റിദ്ധരിപ്പിച്ച് അവര്‍ മുഖ്യമന്ത്രി എന്ന് ധരിച്ചു വച്ചിരിക്കുന്ന ഇന്നസെന്റിനെതിരെ പ്രവര്‍ത്തിപ്പിച്ചത് ഇനി "മാവേലി"യല്ല  സാക്ഷാല്‍ മഹാവിഷ്ണു ആണെങ്കില്‍ പോലും ദൈവം പൊറുക്കില്ല. കശ്മലന്മാര്‍; നിങ്ങളോടൊക്കെ ദൈവം ചോദിച്ചോളും. റിയാലിറ്റി ഷോയില്‍ വിധി പറയുമ്പോള്‍ ചേച്ചി എല്ലാ അറിവുകളും ഉള്ള ഒരാള്‍ ആണെന്നായിരുന്നു ഞങ്ങള്‍ കരുതിയത്‌. സത്യത്തില്‍ ചേച്ചിയുടെ ഇപ്പോഴത്തെ വിശദീകരണം വായിച്ചപ്പോഴാണ് ചേച്ചി എത്രത്തോളം പാവം ആണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയത്. 

ഞാന്‍ ഇതൊക്കെ വിശ്വസിച്ചു വിങ്ങി വിങ്ങി കരഞ്ഞു തളര്‍ന്നിരുന്നപ്പോഴാണ് താഴെക്കാണുന്ന വീഡിയോ കാണുന്നത്. വീഡിയോ കണ്ടു ഞാന്‍ വീണ്ടും ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും; ഇതില്‍, ചേച്ചി നന്നായി ചിരിച്ചു വളരെ ഭവ്യതയോടെ ആപ് സ്ഥാനര്‍ത്ഥിക്ക് വേണ്ടി വോട്ടു ചോദിക്കുന്നു. ചിഹ്നം ചൂല്‍ ആണെന്ന് വരെ പറയുന്നുണ്ട്. പക്ഷെ ഞെട്ടല്‍ മാറി വച്ചിട്ട് ചിന്തിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി; ജോസ് മാവേലി, നൂറുദീന്‍ തുടങ്ങിയ കൊടും ഭീകരന്മാര്‍ ചേച്ചിയുടെ ശരീരത്തില്‍ ഒരു കൂട് പൊട്ടാസ് കെട്ടി വച്ചിട്ട് ഒരു വിരോധവും കാണിക്കാതെ ആപ് സ്ഥാനര്‍ത്ഥിക്ക് വേണ്ടി നന്നായി ചിരിച്ചു വോട്ടു ചോദിക്കണമെന്നും ഇല്ലെങ്കില്‍ പൊട്ടാസ് പൊട്ടിച്ചു കൊല്ലുമെന്നും പറഞ്ഞപ്പോള്‍ പാവങ്ങളില്‍ പാവമായ ചേച്ചി ഭയന്ന് വിറച്ചിട്ട് പറഞ്ഞു പോയതല്ലേ. അതല്ലെങ്കില്‍ വീഡിയോ മോര്‍ഫിങ്ങ് തന്നെ...സംശ്യല്ല്യ....

ചേച്ചി പേടിക്കണ്ട...ചേച്ചിക്കൊപ്പം ഈ നാട്ടിലെ "അരിയാഹാരം കഴിക്കുന്ന" ജനങ്ങള്‍ എല്ലാം ഉണ്ട്. ഞങ്ങള്‍ക്കറിയാം ചേച്ചീ, ഞങ്ങളെപ്പോലെ തന്നെ ചേച്ചിയുടെ മനസ്സും ഇന്നസെന്റിനൊപ്പമാണെന്ന്. ചേച്ചിയുടെ അഭിനയം ഇപ്പോഴും എപ്പോഴും ഞങ്ങള്‍ക്കിഷ്ടമാണ്. ചേച്ചീ, ചേച്ചിയാണ് ചേച്ചീ, ചേച്ചി. വിപ്ലവം ജയിക്കട്ടെ...ജനാധിപത്യം ജയിക്കട്ടെ...ആപ്പന്മാര്‍ പോയി തുലയട്ടെ...അല്ല പിന്നെ...





ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക