ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Wednesday, 18 January 2017

അടിവസ്ത്രമില്ലാതെ മേല്‍വസ്ത്രമിടാന്‍ നിർബന്ധിക്കരുത്.....

വികസനം വികസനം എന്ന മന്ത്രം ഉരുക്കൊഴിച്ചാണ് മിക്കവാറും ഈയിടെയായിഎല്ലാ ഭരണാധികാരികളും അധികാരത്തില്‍ ഏറുന്നത്‌. വികസനമെന്നാൽ സഹസ്ര കോടി പദ്ധതികൾ എന്നു മാത്രമാണവർ അർത്ഥമാക്കുന്നത്. ഓരോ ജില്ലയിലും എയർ പോർട്ട്, അതിവേഗ റെയിൽപാതകൾ, എലിവേറ്റഡ് റോഡ് കോറിഡോറുകൾ, എട്ട് വരി - പതിനാറ് വരി ഹൈവേകൾ, വമ്പൻ തുറമുഖങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ അങ്ങനെ അങ്ങനെ. പക്ഷെ, ജനങ്ങൾ പലപ്പോഴും വികസന വാഗ്ദാനങ്ങളെ നിഷ്കരുണം കയ്യൊഴിയുന്നു. ഭരണം തുടങ്ങിക്കഴിഞ്ഞാൽ കൊണ്ട് വരുന്ന പല പദ്ധതികളെയും എതിർത്ത് തോല്പ്പിക്കുകയും ചെയ്യുന്നു. എന്ത് കൊണ്ടായിരിക്കും ഒരു ജനത വികസനത്തിന്‌ നേരെ പൊതുവേ പുറം തിരിയുന്നത് ? അതിനുള്ള കാരണങ്ങള്‍ അന്വേഷിക്കുന്നതിനു മുന്‍പ് ഒരു രാജ്യം എന്നാൽ എന്ത് എന്നും എന്തായിരിക്കണം ഒരു രാജ്യത്തെ വികസനം എന്നും കൂടി  അന്വേഷിക്കേണ്ടതുണ്ട്.

ഒരു രാജ്യം എന്നാൽ അടിസ്ഥാന പരമായി അതിന്റെ ഭൂപ്രദേശവും അതിലെ ജനങ്ങളുമാണ്. ഭൂപ്രദേശം എന്ന് പറയുമ്പോൾ ഭൂമി, അതിന്റെ ഫലഭൂയിഷ്ടത, കാട്, വെള്ളം, ഭൂഗർഭ വിഭവങ്ങൾ, വായു, അന്തരീക്ഷം തുടങ്ങിയ പ്രകൃതി വിഭവ സ്രോതസ്സുകളാണ്...ഒറ്റ വാക്കിൽ പരിസ്ഥിതി എന്ന് പറയാം. ജനങ്ങളെന്നാൽ, സമ്പന്നർ എന്ന ന്യൂനപക്ഷവും മദ്ധ്യവർഗ്ഗവും ദരിദ്രരും അടങ്ങുന്ന മഹാഭൂരിപക്ഷവും എന്നാണു മനസ്സിലാക്കേണ്ടത്. ഈ ഘടകങ്ങളുടെ മൊത്തത്തിലുള്ള വികസനമായിരിക്കണം യഥാർത്ഥ വികസനം. വികസനം മുഖ്യമായും  രണ്ടു തരത്തിലാവണം ഉണ്ടാവേണ്ടത്. ഒന്നാമത്തേത്, വ്യാവസായിക വികസനം. വ്യാവസായിക നിർമ്മാണ മേഖലയിലെ പുരോഗതിയാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്.  രണ്ടാമത്തേത്, മാനുഷിക വികസനം. എന്ന് വച്ചാൽ രാജ്യത്തെ ജനതയ്ക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധമായ പരിസ്ഥിതി മുതലായവ ലഭ്യമാവുന്ന സാഹചര്യം.  മൊത്തത്തിൽ ആ ജനതയുടെ നല്ല നിലവാരത്തിലുള്ള ജീവിതസാഹചര്യം. ഈ രണ്ടു തരം  വികസനവും ഒരു പോലെ ഉന്നത നിലവാരത്തിലുള്ള ഒരു രാജ്യത്തെയാണ് വികസിത രാജ്യം എന്ന് പറയുന്നത്. എന്നാൽ മാനുഷിക വികസനം ഉന്നത നിലവാരത്തിലും വ്യാവസായിക വികസനം താഴ്ന്ന നിലവാരത്തിലും ഉള്ള ഒരു രാജ്യത്ത് മനുഷ്യവിഭവ ശേഷി ധാരാളമുണ്ടെങ്കിലും അവർക്ക് അർഹമായ തൊഴിലവസരങ്ങൾ കുറവായിരിക്കും. ഈ സാഹചര്യത്തിൽ ജനതയുടെ ഒരു നല്ല വിഭാഗത്തിന് തൊഴിൽ കണ്ടെത്താൻ വേണ്ടി വിദേശ രാജ്യങ്ങളിലേക്ക പോകേണ്ടതായി വരും. ഇതിനൊരു നല്ല ഉദാഹരണമാണ് കേരളം. നേരെ മറിച്ച്, വ്യാവസായിക വികസനം ഉന്നത നിലവാരത്തിലും  മാനുഷിക വികസനം താഴ്ന്ന നിലവാരത്തിലും ഉള്ള ഒരു രാജ്യത്ത് വ്യവസായങ്ങളും സംരഭകരും ധാരാളം ലാഭം ഉണ്ടാക്കുമെങ്കിലും ജനതയുടെ ജീവിത നിലവാരം വളരെ മോശമായിരിക്കും. ഈ പരിതസ്ഥിയിൽ ധനികർ വീണ്ടും വീണ്ടും ധനികരും ദരിദ്രർ വീണ്ടും വീണ്ടും ദരിദ്രരും ആയി മാറും. മഹാരാഷ്ട്രയിലും ഗുജറാത്തിലും തീരെ മോശമല്ലാത്ത തോതിൽ ഈ സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ട്. 


വിവിധ കക്ഷികൾ കാലാകാലങ്ങളിൽ മാറി മാറി ഭരിച്ചിട്ടും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ 
ലഭ്യമാക്കൽഊര്‍ജ്ജ പ്രതിസന്ധി പരിഹരണം, അപാരമ്പര്യ ഊർജോൽപ്പാദനം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള പൊതു സൗകര്യങ്ങളുടെ വ്യാപനം, കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ ആരോഗ്യ- സൗകര്യങ്ങൾ ലഭ്യമാക്കൽനിലവിലുള്ള റോഡിന്‍റെയും റെയിലിന്റെയും നിലവാരം ഉയര്‍ത്തല്‍, മാലിന്യസംസ്കരണം, പൊട്ടിത്തകര്‍ന്നു വിനാശം വിതക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന അണക്കെട്ടുകളുടെ പുനര്‍നിര്‍മ്മാണം, ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിയ്ക്കൽ, ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കൽ, നഗര വികസനം മുതലായ കാര്യങ്ങളിൽ  നമുക്ക് എങ്ങും എത്താൻ കഴിഞ്ഞിട്ടില്ല. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ശത-സഹസ്ര കോടികൾ ചെലവ് വരുന്ന പദ്ധതികളോടാണ് നമ്മുടെ ഭരണാധികാരികൾക്ക് പ്രേമം. അതിസമ്പന്നർക്കും കോർപ്പറേറ്റുകൾക്കും വേണ്ടി മാത്രമായി മാറിയിരിക്കുന്നു നവ വികസന പദ്ധതികൾ. സാധാരണക്കാരന്റെയും സാധുക്കളുടെയും, ആകെ ഉള്ള തുണ്ട് ഭൂമി പെട്ട വില കൊടുത്തു വാങ്ങി കുത്തകകളുടെ കയ്യിൽ  എത്തിച്ചു കൊടുക്കുന്ന റിയൽ എസ്റ്റേറ്റ്‌ ജാലവിദ്യയായി മാറിയിരിക്കുന്നു പുതിയ കാലത്തിന്റെ വികസന പദ്ധതികൾ. 

ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന ഗാന്ധിയൻ തത്വം ആധുനിക ഗാന്ധി ശിഷ്യന്മാർ തന്നെ വലിച്ചു ദൂരെയെറിഞ്ഞു. ഇടക്കാലത്ത് മാറി ഭരിച്ചവരും ഈ തത്വത്തിനു വലിയ പ്രാധാന്യം കൊടുത്തില്ല. ഇന്ത്യ പോലെ ഉള്ള, ദരിദ്ര-അവികസിത ഗ്രാമങ്ങൾ നിറഞ്ഞ ഒരു രാജ്യത്ത് അധികാര വികേന്ദ്രീകൃത വികസനമാതൃകകളാണ് അഭികാമ്യം. ഇത് വഴി, സാധാരണക്കാരന് വേണ്ടി സാധാരണക്കാരൻ ഭരിക്കുന്ന ഒരു സംവിധാനം ഉറപ്പു വരുത്താൻ കഴിയും. ഓരോ ചെറു പ്രദേശത്തിന് ആവശ്യമായ അടിസ്ഥാന വികസനം അങ്ങനെ പൊതു പങ്കാളിത്തത്തോടെയും അവരുടെ മേൽനോട്ടത്തിലും നടപ്പിൽ വരുത്താൻ കഴിയും. അങ്ങനെ, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം ഇപ്പോഴുള്ളതിന്റെ പകുതി മതി എന്ന സ്ഥിതി സംജാതമാകും. ഇപ്പോഴുള്ള ഭരണ സംവിധാനങ്ങൾ ഗ്രാമസ്വരാജ് എന്ന സങ്കല്പം ഇന്ത്യയിലെ വികസനമേഖലയിൽ നടപ്പിലാക്കുമെന്ന്  പ്രത്യാശിക്കാൻ ഒരു വഴിയും കാണുന്നില്ല.

ഓരോ വികസനപദ്ധതികളും  സര്‍ക്കാര്‍  നടപ്പിലാക്കുന്നത് മുഴുവനായും ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നല്ല.  റോഡും പാലവുമടക്കം സകല പദ്ധതികളും ഇന്ന് ''ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍'' അടിസ്ഥാനത്തിലാണ് പൊതുവെ നിര്‍മ്മിക്കപ്പെടുന്നത്. ബി.ഒ.ടി. പദ്ധതി എന്നാണു ഇതിന്റെ ഓമനപ്പേര്. വന്‍ മുതല്‍ മുടക്കുള്ള പദ്ധതികൾ സര്‍ക്കാര്‍, വമ്പൻ ബി.ഒ.ടി. ഇന്‍ഫ്രസ്ട്രക്ച്ചര്‍ കമ്പനികളെ ഏൽപ്പിക്കുന്നു. നിര്‍മ്മാണത്തിനു ശേഷം മുടക്കു മുതല്‍ ടോൾ പിരിവിലൂടെ തിരിച്ചു പിടിക്കാൻ ബി.ഒ.ടി. കമ്പനികളെ അധികാരപ്പെടുത്തുന്നു. പദ്ധതി  കമ്മീഷൻ ചെയ്യുന്ന അന്ന് മുതൽ ടോൾ പിരിവ് തുടങ്ങുന്നു. ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളോ പാലങ്ങളോ മറ്റു പദ്ധതികളോ ടോള്‍ പിരിവ് അവസാനിപ്പിച്ച് പൊതു ഉടമസ്ഥതിയിലേക്ക് കൈമാറ്റം ചെയ്ത സംഭവങ്ങൾ വിരളമാണ്. ചില സഹസ്ര കോടി പദ്ധതികളിൽ ജനം ജീവിതകാലം മുഴുവന്‍ ടോള്‍ കൊടുക്കേണ്ടി വരുമെന്നാണ് കേൾക്കുന്നത്. ബി.ഒ.ടി. കമ്പനികള്‍ ഓരോ വര്‍ഷവും ടോള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. ചുരുക്കി പറഞ്ഞാല്‍ ബി.ഒ.ടി സംവിധാനം വ്യാപകമാകുന്നതോടെ  എവിടെ തിരിഞ്ഞാലും ടോള്‍ കൊടുക്കണം എന്ന അവസ്ഥ സംജാതമാകാനിടയുണ്ട്. അതല്ലെങ്കിൽ പി.പി.പി. (പബ്ലിക്ക്  പ്രൈവറ്റ് പാർട്ണർഷിപ്പ് ) മാതൃകയിൽ ആണ് വൻ പദ്ധതികൾ കൊണ്ട് വരാറ്. ഇവിടെയും നിസ്സഹായരായ പൊതു ജനമാണ് ഇരയായി തീരാറുള്ളത്. നവ ഹൈ ടെക്ക് വികസനത്തിന്റെ കുഴലൂത്തുകാരായ സര്‍ക്കാരും ടെക്‌നോക്രാറ്റുകളും മാധ്യമങ്ങളും ചേർന്ന്, ഇതിനെയൊക്കെ അനുകൂലിക്കാത്തവരെ വികസനം മുടക്കുന്ന മൂരാച്ചികളായിചിത്രീകരിക്കുമ്പോൾത്തന്നെ  ഇതിനെയെല്ലാം അനുകൂലിക്കുന്നവരെ മിടുക്കന്മാരായി വാഴ്ത്തുന്നു. ഭൂരിഭാഗം വരുന്ന ജനതയ്ക്ക് അപ്പിയിടാൻ കക്കൂസില്ലാത്ത ഈ നാട്ടിൽ, ഏഴു ദിവസവും തികച്ചു കുടിവെള്ളം കിട്ടാത്ത ഈ നാട്ടിൽ, വീട്ടിൽ നിന്നിറങ്ങിയാൽ ഒന്ന് പെടുക്കണമെങ്കിൽ മരത്തിന്റെ മറവ് തേടേണ്ട ഈ നാട്ടിൽ, എന്തിന്, സ്വന്തം പൗരന്മാരുടെ കൃത്യമായ എണ്ണം പോലും ഭരണകൂടത്തിന് നിശ്ചയമില്ലാത്ത ഈ നാട്ടിൽ, മുഴുവൻ പൗരന്മാർക്ക് തിരിച്ചറിയൽ രേഖ പോലുമില്ലാത്ത ഈ നാട്ടിൽ, സഹസ്ര കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമ്പോൾ രോമാഞ്ചമുണ്ടാവുന്ന ഭരണാധികാരികളും പൗരന്മാരും ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തലയ്ക്കു ഓളം വെട്ടുള്ളവരുടെ എണ്ണം കൂടുന്നു എന്ന് മനസ്സിലാക്കാനാണ് എനിക്കിഷ്ടം.

ഏതൊരു നവ വികസന പദ്ധതിയെയും പരിസ്ഥിതി വിരുദ്ധം, ജനവിരുദ്ധം എന്നൊക്കെ പറഞ്ഞ് എതിര്‍ത്തിരുന്ന ഇടതുപക്ഷം പോലും ഇപ്പോൾ ഇത്തരം പദ്ധതികളുടെ വക്താക്കൾ ആയിക്കൊണ്ടിരിക്കുന്നു എന്നത് സാധാരണക്കാരായ ജനങ്ങളെ ഒരു അരക്ഷിത മാനസികാവസ്ഥയിലേക്കെത്തിച്ചിട്ടുണ്ട്.ഇത്തരം പ്രശ്നങ്ങളെല്ലാം വളരെ സജീവമായി ചർച്ച ചെയ്തിരുന്ന വിപുലമായ സാംസ്കാരിക സമൂഹവും ഇന്നേതാണ്ട് നിശബ്ദമായിരിക്കുന്നു. വികസനത്തിന് ഒരു വിധത്തിലുള്ള മാനുഷിക മുഖവും വേണ്ട എന്ന് തീരുമാനിച്ച് ക്രൂരമായ നീതി നിരാസത്തിലൂടെയാണ്  നമ്മുടെ കൊച്ചു കേരളം പോലും അതിവേഗം നീങ്ങുന്നത്. ഏതൊരു വികസത്തെ മുന്നോട്ടു വയ്ക്കുമ്പോഴും ഒരു വികസന വിരുദ്ധ ന്യൂനപക്ഷം  പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിച്ച് വഴിമുടക്കുന്നുവെന്ന ആക്രോശങ്ങൾക്ക് ശക്തി കൂടി വരുന്നു. ആ പദ്ധതി കൊണ്ട് പിറന്ന മണ്ണിൽ നിന്ന് വേര് പിഴുതെറിയപ്പെടുന്ന ഇരകളും ചുരുക്കം ചില സത്യാന്വേഷികളും പരിസ്ഥിതി വാദികളും മാത്രമാണീ വികസന വിരുദ്ധ ന്യൂനപക്ഷം. 


വികസനം വികസനം എന്ന് ആക്രോശിക്കാന്‍ വളരെ എളുപ്പമാണ്. അതിനു വേണ്ടി കൂടും കുടിയും ഒഴിഞ്ഞു വഴിയാധാരമാകുന്നത് ഞാനും എന്റെ കുടുംബവും നഷ്ടപ്പെടുന്നത് എന്റെ തറവാടിന്റെ അസ്ഥിവാരവും അല്ലെങ്കില്‍.... മുൻകാലങ്ങളിൽ, മൂലമ്പള്ളിയിലും അത് പോലെ മറ്റു പദ്ധതി പ്രദേശങ്ങളിലും, കുടി ഒഴിപ്പിക്കലിനിടെ നടന്ന കൊടും ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും  ജനങ്ങള്‍ മറന്നിട്ടില്ല. സിംഗൂരിലും നന്ദിഗ്രാമിലും കൂടംകുളത്തും അങ്ങനെ എണ്ണപ്പെട്ടതും പെടാത്തതുമായ കുടിയൊഴിപ്പിക്കലുകളിൽ നടന്ന മനുഷ്യത്വ രാഹിത്യങ്ങളൊന്നും അതിന്റെ ഇരകളും മനസ്സാക്ഷിയുള്ള പൊതുസമൂഹവും ഇപ്പോഴും മറന്നിട്ടില്ല.


ജനതയുടെ ബഹു ഭൂരിപക്ഷത്തിനും ഉപയോഗപ്പെടുന്ന വികസനം അത്യാവശ്യമാണ്? അത് ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളില്‍ നിന്ന് തുടങ്ങണം. 
ഒരു ദേശത്ത് ജീവിക്കുന്ന എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭരണകൂടത്തിനു സാധിക്കുന്നിടത്താണ് വികസനത്തിനു ആത്മാവ് ഉണ്ടാവുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ സാധാരണക്കാരന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാതെ എത്ര വലിയ വ്യവസായശാലകള്‍ വന്നാലും വ്യാപാര സമുച്ചയങ്ങൾ കൊണ്ട് വന്നാലും യഥാർത്ഥ വികസനം യാഥാര്‍ത്ഥ്യമാകില്ല. താഴേത്തട്ട് മുതൽ നടപ്പാക്കേണ്ട ഒഴിവാക്കാനാവാത്ത അടിസ്ഥാന ആവശ്യങ്ങളെ ചിട്ടയായ പഠനങ്ങളിലൂടെ കണ്ടെത്തി അത് നടപ്പാക്കാനുള്ള തികച്ചും ജനാധിപത്യപരമായ ഒരു സംവിധാനം നമുക്കു വേണം. ഒരു നാടിന്റെ ജൈവവൈവിധ്യങ്ങളേയും ജീവിത പരിസരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് അനുയോജ്യമായ വികസനപദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇച്ഛാശക്തിയും ആർജ്ജവവും നമ്മൾ നേടിയെടുക്കെണ്ടതുണ്ട്. 

ഇതിനെല്ലാം പുറമെ കണ്ടു വരുന്ന പുതിയ വേഷം കെട്ടലാണ് പ്രതിമ നിർമ്മാണം. 3600 കോടി ചെലവിട്ടാണ് മഹാരാഷ്ട്രയിൽ മുംബൈ മറൈൻ ഡ്രൈവിൽ നിന്ന്​ ഒന്നരകിലോമറ്റീര്‍ അകലെ​ അറബിക്കടലിൽ ഛത്രപതി ശിവജി സ്മാരകപ്രതിമ സ്ഥാപിക്കാൻ പോകുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 15 ഹെക്​ടർ സ്ഥലം ദ്വീപാക്കി മാറ്റിയാണ്​  210 മീറ്റർ ഉയരമുള്ള ശിവജി പ്രതിമ സ്ഥാപിക്കുന്നത്. 3000 കോടി ചിലവാക്കി ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സ്ഥാപിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയുടെയും അനുബന്ധ സ്മാരകത്തിന്റെയും പദ്ധതി നടപടികൾ പുരോഗമിക്കുകയാണ്. ലോകത്തിപ്പോൾ നിലവിലുള്ള ഭീമാകാര പ്രതിമകളുടെ പല മടങ്ങ് വലിപ്പമുള്ള പ്രതിമകളാണ് ഇപ്പോൾ പറഞ്ഞതെല്ലാം.  ഈ നാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ഏകദേശ എണ്ണം പോലും അഞ്ച് പൂജ്യത്തിന് റൌണ്ട് ചെയ്ത് പറയാൻ നമ്മുടെ ഭരണകൂടത്തിന് കഴിയുമോ എന്ന കാര്യം ഒരു സംശയമാണ്. ചേരികളിലും കടത്തിണ്ണകളിലും അന്തിയുറങ്ങി ജീവിക്കുന്ന "ഹിന്ദുസ്ഥാനി" ഏതു കാനേഷുമാരി കണക്കിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവിടത്തെ മനുഷ്യജീവികൾക്കെല്ലാം ഒരു സോഷ്യൽ സെക്യൂരിറ്റി നമ്പറോ ഐ ഡി കാർഡോ മേൽവിലാസമോ ഉറപ്പാക്കിയിട്ട് പോരെ സാർ സഹസ്രകോടികൾ ചിലവഴിച്ചുള്ള പ്രതിമ നിർമ്മാണം. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തിട്ട് അതിൽ അഭിരമിക്കുന്ന ഈ വൃത്തികേട് ആരെ എന്ത് ബോധ്യപ്പെടുത്താനാണ്‌ സാർ.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അവർക്ക് ലഭിക്കേണ്ട അടിസ്ഥാന ജീവിത സൗകര്യങ്ങളെ  ഇല്ലായ്മ ചെയ്തു കൊണ്ടും അവഗണിച്ചു കൊണ്ടും, ഒരു ക്ഷേമരാഷ്ട്രത്തിൽ ഏറ്റവും അവസാനം മാത്രം നടപ്പിലാക്കേണ്ട നവ ഹൈടെക്ക് വികസന പദ്ധതികളും ഭീമാകാര പ്രതിമകൾ പോലുള്ള കപടസമ്പദ് നാട്യങ്ങളും ആദ്യമേ ഇറക്കുമതി ചെയ്യാന്‍ തുനിയുമ്പോൾ അത് അടിവസ്ത്രമില്ലാതെ മേല്‍ വസ്ത്രം ധരിച്ച പോലെ അശ്ളീലം ആയിരിക്കും.

അത് കൊണ്ട്, ഭരിക്കുന്നവരോട് വിനീതമായി ഒന്നേ അഭ്യർത്ഥിക്കാൻ ഉള്ളു.........

കോണകമുടുക്കാതെ പാളത്താറുടുക്കാൻ ഈ ദരിദ്ര ജനതയെ നിർബന്ധിക്കരുത്.....

അടുത്തിടെ കേട്ട നവ ഹൈടെക് വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചില ബ്ലോഗ്‌ പോസ്റ്റുകൾ വായിക്കാൻ താഴെ കൊടുത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യുക....


കേരളത്തിന്‌ താങ്ങാനാകുമോ ഒരു അതി വേഗ റെയില്‍ പാത (HIGH SPEED RAIL CORRIDOR - HSRC) ?


ആറന്മുള വിമാനത്താവളം ആര്‍ക്കു വേണ്ടിയായിരുന്നു ?


കോരൻ ഒരു വികസന നായകൻ ആയ കഥ................ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 17 January 2017

ഈ സ്വാശ്രയ കോളേജുകൾ കേരളത്തിൽ തന്നെ അല്ലെ ? ഈ കുട്ടികൾക്കൊന്നും രക്ഷിതാക്കൾ ഇല്ലേ ?

ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ നിന്ന് കേൾക്കുന്നത് ഒട്ടും സുഖകരമായ വാർത്തകളല്ല. തൃശൂർ ജില്ലയിലെ പാമ്പാടി നെഹ്റു കോളേജ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ്‌ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ഞെട്ടിക്കുന്ന വിവരങ്ങളുടെ കുടം തുറന്ന് വിട്ടത്. കേരളമൊട്ടുക്കുള്ള വിദ്യാര്‍ഥിസമൂഹവും പൊതു സമൂഹവും ഒരു പോലെ ഞെട്ടുകയും ആശങ്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന പുതിയ പുതിയ വിവരങ്ങളിൽ തെക്കു വടക്ക് ഭേദമില്ലാതെ കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നു. പൂര്‍വ്വ വിദ്യാര്‍ഥികളും ഇപ്പോൾ പഠിക്കുന്നവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി ആളുകള്‍ കോളജുകളിലെ വിവിധ തരം പീഡനങ്ങള്‍ക്കെതിരെ രംഗത്ത് വന്നു കൊണ്ടേയിരിക്കുന്നു. വിദ്യാര്‍ഥി സംഘടനകള്‍ വിഷയം ഏറ്റെടുത്തതോടെ ഏറെക്കാലത്തിന് ശേഷം കേരളം ശക്തമായ വിദ്യാര്‍ഥി സമരത്തിന് വേദിയായി. സോഷ്യൽ മീഡിയയും വിഷയത്തെ ഗൗരവത്തോടെ ചർച്ച ചെയ്യുന്നു. 

ജിഷ്ണുവിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചത്‌ കോളജ്‌ അധികൃതരുടെ പീഡനമാണെന്നും അത് കൊണ്ട് തന്നെ ഈ പ്രേരിത ആത്മഹത്യയെ കൊലപാതകമായി കണ്ട് നടപടി എടുക്കണമെന്നും കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി വിദ്യാർഥി സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. ആദ്യമെല്ലാം ജിഷ്ണു പരീക്ഷയ്ക്ക്‌ തുണ്ട് ഉപയോഗിച്ച് കോപ്പി അടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച കോളേജ് അതിന് തെളിവില്ലെന്ന് വന്നപ്പോൾ അടുത്ത വിദ്യാർഥിയുടെ ഉത്തരക്കടലാസ്‌ നോക്കി എഴുതിയതിനാണ് ശാസിച്ചത് എന്ന പ്രതിരോധത്തിലേക്ക് മാറി. ഇതിനിടെ ജിഷ്ണു കോപ്പിയടിച്ചതായി തങ്ങൾക്ക്‌ പരാതി ലഭിച്ചിട്ടില്ലെന്ന്‌ സർവകലാശാല പരീക്ഷ കൺട്രോളർ ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.ജിഷ്ണുവിനെയും മറ്റു ചില വിദ്യാർഥികളെയും പരസ്യമായി ശാസിക്കുകയും ബെഞ്ചിൽ കയറ്റിനിർത്തി അപമാനിക്കുകയും ചെയ്തതായി വിദ്യാർഥി സംഘടനകൾ പറയുമ്പോൾ ജിഷ്ണുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും അയാളുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉള്ളതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ആത്മഹത്യാശ്രമം നടത്തിയ ജിഷ്ണുവിനെ സമയത്തിന് ആശുപത്രിയിൽ എത്തിക്കാനും കോളേജ് അധികൃതർ തയ്യാറായില്ലെന്നും മറ്റൊരു വിദ്യാർഥി കൊണ്ട് വന്ന കാറിലാണ്‌ ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആക്ഷേപമുണ്ട്. നെഹ്‌റു ഗ്രൂപ്പ്‌ ഓഫ്‌ കോളജിൽ അച്ചടക്കം നടപ്പാക്കുന്നതിന്റെ പേരിൽ അധികൃതരിൽ നിന്നും വിദ്യാർഥികൾക്കുനേരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഒരു ഒറ്റപ്പെട്ട കാര്യമല്ലെന്നും ഇവിടെ ഇതൊക്കെ പതിവാണെന്നും പൂർവവിദ്യാർഥികളും വിദ്യാർഥി സംഘടനാ പ്രവർത്തകരും പറയുമ്പോൾ കേരളം പൊതുസമൂഹം അന്തം വിട്ട് നിൽക്കുകയാണ്. പെൺകുട്ടികളെ മുറിക്കുള്ളിൽ അടച്ചുപൂട്ടിയ ശേഷം അവരുടെ ബാഗുകളും സ്വകാര്യ വസ്തുക്കളും പരിശോധിക്കാറുണ്ടെന്നും കുട്ടികൾ വെളിപ്പെടുത്തുന്നു. കുട്ടികളെ നിലക്ക് നിർത്താൻ ഇടിമുറികളിൽ കയറ്റി മർദ്ദിക്കൽ, മാനേജ്‌മെന്റിന് നടപടിയെടുക്കാനാവാത്ത രീതിയിൽ കോളേജിന് പുറത്തുനിന്ന് വരുന്നവരുടെ നഗ്നതാ പ്രദർശനങ്ങൾ, രാത്രി പോലും പെൺകുട്ടികളെയടക്കം ഹോസ്റ്റലിനു പുറത്താക്കൽ, വിചിത്രവും ഭീമവുമായ ഫൈനുകൾ.....ആരോപണങ്ങൾക്ക് അന്തമില്ല.  

ഇതിനൊക്കെ പിന്നിലെ സത്യങ്ങൾ എന്തൊക്കെയാണെങ്കിലും, സമർത്ഥനായ ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെട്ടു എന്നത് യാഥാർഥ്യമായി അവശേഷിക്കുന്നു. സംഭവത്തെപ്പറ്റി വിശദമായ റിപ്പോർട്ട്‌ നൽകാൻ സാങ്കേതിക സർവകലാശാല അധികൃതരോട്‌ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്ന്‌ അദ്ദേഹം ഉറപ്പുനൽകിയിട്ടുമുണ്ട്‌. 

ജിഷ്ണുവിനു മുമ്പ് എത്രയോ വിദ്യാർഥികൾ ജീവിതവും സ്വപ്നങ്ങളും സ്വയം അവസാനിപ്പിച്ചിട്ടുമുണ്ടാവാം. പലതും നമ്മൾ അറിഞ്ഞില്ല; ചിലത് നമ്മൾ അറിഞ്ഞെന്നു നടിച്ചുമില്ല. ഇവിടെ നെഹ്‌റു കോളേജ് ഒരു പ്രതീകം മാത്രമാണ്. മറ്റ്‌ പല സ്വകാര്യ സ്വാശ്രയ കോളേജുകളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ തീർത്തും അസ്വസ്ഥജനകമാണ്‌. ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന മറ്റക്കര ടോംസ് കോളേജ്, തലശ്ശേരി അതിരൂപതയുടെ ഉടമസ്ഥതയിൽ കത്തോലിക്കാ പുരോഹിതർ നടത്തുന്ന ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജ്, പെരുമ്പാവൂര്‍ കെ.എം.പി കോളേജ്, ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്...... ആരോപണ മുനയിൽ നിൽക്കുന്ന കോളേജുകളുടെ എണ്ണം ഉയരുകയാണ്. പ്രശസ്ത പാചക വിദഗ്‌ദ്ധയും ചാനൽ അവതാരകയുമായ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ  തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലും വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ സമരം നടന്നു കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് പഠനമികവ് പ്രകടിപ്പിക്കാനും അച്ചടക്കത്തിലൂന്നിയ വ്യക്തിത്വവികസനം നടത്താനും സഹായിക്കേണ്ട കലാലയങ്ങൾ വിദ്യാർഥികളുടെ കൊലക്കളങ്ങളാവുന്നത് പ്രബുദ്ധ കേരളത്തിന് അഭിലഷണീയമല്ല. സ്വകാര്യമേഖലയിൽ ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ച് പ്രഗത്ഭരായ പ്രൊഫഷണലുകളെ വാർത്തെടുത്ത മികച്ച സ്ഥാപനങ്ങളെകൂടി സംശയത്തിന്റെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൂന്നാം കിട കച്ചവട താൽപ്പര്യങ്ങൾ മാത്രം പരിപാലിച്ചു പോരുന്ന ഒരുവിഭാഗം സ്വാശ്രയ കോളേജുകൾ സാങ്കേതികവിദ്യാഭ്യാസത്തിന്റെ നിലവാരത്തെയും വിശ്വാസ്യതയെയും അപ്പാടെ കളഞ്ഞുകുളിച്ചു. എൻജിനീയറിങ് വിജയശതമാനം മൂന്നിലൊന്നിൽ താഴെ ആയതിനെത്തുടർന്ന് നിലവാരമില്ലാത്ത കോളേജുകൾ പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടതാണ്. എന്നാൽ അവയൊക്കെ അടച്ചു പൂട്ടുന്നതിനുപകരം മെച്ചപ്പെടാൻ അവസരം നൽകുകയായിരുന്നു അന്നത്തെ സർക്കാർ ചെയ്തത്. മിക്കവാറും കോളേജുകളിൽ അക്കാദമിക വിദഗ്ധരായ പ്രിൻസിപ്പൽമാർ വെറും റബ്ബർ സ്റ്റാമ്പുകൾ മാത്രമാണ്. ട്രസ്റ്റ് ചെയർമാന്മാരും മാനേജ്‌മെന്റിന്റെ പ്രതിനിധികളുമാണ് ഇത്തരം കോളേജുകളെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും. ചിലവ് ചുരുക്കലിന്റെ ഭാഗമായി അക്കാദമിക മാനദണ്ഡങ്ങൾ പാലിക്കാത്ത അധ്യാപകരാണ് മിക്കയിടത്തും പഠിപ്പിക്കുന്നത്. ലാഭം കൂട്ടാനായി മികച്ച പഠന പഠ്യേതര സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും ഇവർ പിശുക്ക് കാണിക്കുന്നു. ഇന്റേണൽ അസ്സസ്മെന്റ് എന്ന ആയുധം ഉപയോഗിച്ച് നിലക്ക് നിർത്തുക, വിദ്യാർഥികളെ മർദ്ദിക്കുക, ഹോസ്റ്റൽ മുറികളിൽ ഉൾപ്പെടെ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുക, ആൺ പെൺ സൗഹൃദങ്ങൾക്ക് വിലക്കേർപ്പെടുത്തുക, ഇഷ്ടപ്പെട്ട വസ്ത്ര ധാരണ സ്വാതന്ത്ര്യം നിഷേധിക്കുക തുടങ്ങിയ മനുഷ്യാവകാശധ്വംസനങ്ങൾക്ക് കയ്യും കണക്കുമില്ല. പഠനമികവും അച്ചടക്കവും ഉറപ്പുവരുത്താൻ നെന്ന നാട്യത്തിൽ ഗ്വാണ്ടനാമോ ജയിലുകളെയും കോൺസെൻട്രേഷൻ ക്യാമ്പുകളെയും ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഏർപ്പെടുത്തിയിട്ടുള്ള  ശിക്ഷണമാതൃകകളും ശിക്ഷാരീതികളുമാണ് വിവിധ റിപ്പോർട്ടുകളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 

ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടായതെങ്ങനെ എന്ന് വിമർശനബുദ്ധ്യാ ആത്മപരിശോധന നടത്തേണ്ടതുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങൾ നല്ല നിലയിൽ കോഴ്സ് പൂർത്തിയാക്കാനും കാമ്പസ് പ്ളേസ്മെന്റിലൂടെയോ അല്ലാതെയോ മികച്ച തൊഴിൽ കണ്ടെത്താനും കർശനമായ ശിക്ഷാ ശിക്ഷണ രീതികൾ അത്യാവശ്യമാണെന്ന് കരുതുന്ന മാതാപിതാക്കൾക്ക് ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തമുണ്ട്. ലാഭം മാത്രം ലക്‌ഷ്യം വച്ച് വിദ്യാഭ്യാസത്തെ കച്ചവടമാക്കി ജീവിക്കുന്ന കോളേജ്‌ മുതലാളിമാരുടെ കയ്യിൽ തങ്ങളുടെ കുട്ടികൾ എത്രത്തോളം സുരക്ഷിതരാണെന്ന് കൃത്യമായി അന്വേഷിക്കാത്ത ദുസ്ഥിതി നിലവിലിരുന്നു എന്ന് തന്നെയാണ് ഈ സംഭവങ്ങൾ കാണിച്ചു തരുന്നത്. അല്ലാത്ത പക്ഷം രക്ഷിതാക്കൾക്ക് ഇത്തരം രാവണൻ കോട്ടകളിലേക്ക് കടന്നു ചെല്ലാനോ അവയുടെ ദൈനംദിന നടത്തിപ്പിനെ ചോദ്യം ചെയ്യാനോ പറ്റാത്ത അവസ്ഥ നിലവിലുണ്ടെന്ന് സമ്മതിക്കേണ്ടി വരും. വസ്തുത. മാനേജ്മെന്റുകളുടെ കർശന ശിക്ഷാ ശിക്ഷണ രീതികൾക്ക് പുറമെ അവരുടെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമെതിരെ ചെറുവിരലനാക്കാൻ അധികം രക്ഷിതാക്കളൊന്നും നാളിതു വരെ മുന്നോട്ടു വന്നിരുന്നില്ല എന്നാണ് ഇപ്പോഴത്തെ ചർച്ചകൾ വ്യക്തമാക്കുന്നത്. അഥവാ പ്രതികരിക്കാൻ സധൈര്യം മുന്നോട്ടു വന്ന അപൂർവ്വം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹ വിദ്യാർത്ഥികളുടെയോ സഹ രക്ഷിതാക്കളുടെയോ പിന്തുണയോ സഹകരണമോ ലഭിച്ചില്ലെന്ന് പല മാതാപിതാക്കളും ചാനലുകളിൽ വന്നിരുന്ന് പറയുന്നത് കേട്ടു. സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുടെ സംഘടിത മുഷ്കിനു മുന്നിൽ സർവ്വകലാശാലകളും സർക്കാരും നിയമ നീതി പാലന സംവിധാനങ്ങളും നോക്ക് കുത്തിയായതിന് പിന്നിലെ കാരണങ്ങൾ തേടി കണ്ടെത്തേണ്ടതുണ്ട്. അഡ്മിഷന്റെയും ഫീസിന്റെയും വിഷയത്തിൽ സർക്കാരുകൾ മാനേജ്‌മെന്റുകളുടെ സമ്മർദത്തിന് വഴിപ്പെടുന്നതാണ് ഇവരുടെ കൊള്ളരുതായ്മകൾക്ക് വളം വച്ച് കൊടുക്കുന്നത്. ഒരു കാരണാവശാലും സർക്കാർ ഇവരുടെ മുൻപിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്. 

ഈ അവസരത്തിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം സാമൂഹ്യവീക്ഷണവും രാഷ്ട്രീയ ബോധവുമുള്ള ഒരു യുവ തലമുറയെ സംഭാവന ചെയ്ത വിദ്യാർഥി സംഘടനാ പ്രവർത്തനം കാമ്പസുകളിൽ നിന്ന് പിഴുതെറിയപ്പെട്ടു എന്നതാണ്. ഒറ്റപ്പെട്ട ചില അക്രമ സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഗുണഫലങ്ങള്‍ തമസ്കരിച്ച് സ്വകാര്യമുതലാളിമാരുടെ ഇച്ഛക്കനുസരിച്ച് കോടതികളുടെ സഹായത്തോടെ ഭരണകൂടം തന്നെ വിദ്യാർത്ഥി സംഘടനാപ്രവർത്തനത്തെ ഇല്ലായ്മ ചെയ്തതോടെ വിദ്യാർത്ഥി സമൂഹത്തിന്റെ സ്വാഭാവിക പ്രതികരണ ശേഷി ഇല്ലാതാവുകയായിരുന്നു. 

വിദ്യാർത്ഥിരാഷ്ട്രീയത്തെ ചവിട്ടുപടിയായി ഉപഭോഗിച്ച് ഭരണസിംഹാസനങ്ങളിൽ ഉപവിഷ്ടനായ "പരമസാത്വികൻ" ഏ.കെ.ആന്റണി തന്നെയാണ് ഇവിടത്തെ സ്വാശ്രയ കൊള്ളസംഘങ്ങൾക്ക് ചുവടുറപ്പിക്കാൻ ഇടം നൽകിയതെന്നും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തെ ഇല്ലായ്മ ചെയ്യാൻ ചൂട്ടു കാട്ടിയതെന്നു കൂടി ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്വാശ്രയകോളേജുകൾ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തീക്ഷ്ണസമരങ്ങൾ  സംഘടിപ്പിച്ച ഇടതു പക്ഷ പുരോഗമന പ്രസ്ഥാനങ്ങളും പിന്നീട് സ്വാശ്രയസ്ഥാപനങ്ങളോട് സമരസപ്പെട്ടു എന്നതും ചരിത്രമാണ്. കോഴ്സ് കഴിഞ്ഞാൽ നമ്മുടെ കുട്ടികളും അവരുടെ മാതാപിതാക്കളും സ്വപ്നം കാണുന്ന തൊഴിലിടങ്ങളുടെ യജമാനന്മാർക്കും പ്രതികരണ ശേഷിയോ അവകാശ ബോധമോ ഇല്ലാത്ത ബ്രോയിലര്‍ ഉദ്യോഗാർത്ഥികളെയും തൊഴിലാളികളെയുമാണ് ആവശ്യമെന്നിരിക്കെ അരാഷ്ട്രീയ കാമ്പസുകളിൽ നിന്ന് കൂടുതലെന്താണ് പ്രതീക്ഷിക്കാനുള്ളത്. ഇപ്പോൾ കാണുന്ന പ്രതിഷേധങ്ങൾ എല്ലാ കാലത്തെയും പോലെ ഒരാവേശത്തിന് ഉയര്‍ന്നണഞ്ഞു പോകുന്ന വെറും പ്രതിഷേധ "പ്രകടനങ്ങള്‍" മാത്രമായി ഒടുങ്ങാതിരിക്കട്ടെ.

മേലിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ഒരു കോളേജിലും ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ എത്രയും വേഗം ഗവൺമെൻറ് തലത്തിലും സർവ്വകലാശാലാ തലത്തിലും ആരംഭിക്കണം. നെഹ്‌റു കോളജിലെ സംഭവങ്ങളെപ്പറ്റി സാങ്കേതിക സർവകലാശാല നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്‌ കേരളത്തിലെ സ്വാശ്രയ കോളജുകളുടെ ദൈനംദിന നടത്തിപ്പിന്റെ ഇരുളറകളിലേക്ക് വെളിച്ചം വീശട്ടെ എന്ന് പ്രത്യാശിക്കാം. കുറ്റവാളികളായ അധ്യാപകരെയും കോളജ്‌ നടത്തിപ്പുകാരെയും തുറന്നു കാട്ടാനും ഏറ്റവും മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കാനും നിയമസംവിധാനങ്ങൾക്ക് കഴിയട്ടെ. നഷ്ടപരിഹാരം ഒരു പരിഹാരമേയല്ലെങ്കിലും ജിഷ്ണുവിന്റെ കുടുംബത്തിന്‌ അർഹമായ മാന്യമായ നഷ്ടപരിഹാരം കോളജ്‌ മാനേജ്മെന്റിൽ നിന്നും പിടിച്ചെടുത്ത് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. എല്ലാ സ്വാശ്രയ സ്ഥാപനങ്ങളുടെയും നടത്തിപ്പ് സർക്കാർ മേൽനോട്ടത്തിൽ ആക്കണം. അനഭിലഷണീയമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി നിഷേധിക്കാനും അവ അടച്ചുപൂട്ടാനും സർക്കാർ ആർജ്ജവം കാണിക്കണം. സ്വാശ്രയ കോളേജുകളെ നിരീക്ഷിക്കാൻ ഉന്നതതല സമിതിയെയും ഓംബുഡ്‌സ്മാനെയും ചുമതലപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനം ഇതിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. ഇത്തരം ഏജൻസികളുടെ പരിശോധനയിൽ വിജയിക്കാത്ത സ്ഥാപനങ്ങൾ ഒരു സമ്മർദ്ദത്തിനും കീഴ്‌വഴങ്ങാതെ നിർദ്ദാക്ഷിണ്യം അടച്ചു പൂട്ടാൻ സർക്കാർ തയ്യാറാവണം. അല്ലെങ്കിൽ നമുക്ക് മുന്നില്‍  വെമൂലമാരും ജിഷ്ണുമാരും രജനി എസ് ആനന്ദുമാരും ഇനിയുമുണ്ടാകുമെന്നതില്‍ സംശയമില്ല. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Friday, 13 January 2017

ഒട്ടും ചീപ്പല്ല ആർട്ടിസ്റ്റ് അലൻസിയർ.....നിങ്ങൾ മുത്താണ്; മുത്ത്

ഇന്നലെ ഉച്ചയ്ക്കാണ് അലന്‍ ചേട്ടന്‍ നാടകത്തിന്റെ കാര്യം പറയുന്നത്. പ്ലാനിംഗ് നടക്കുന്ന സമയത്ത് ഞാന്‍ പുള്ളിയോട് പറഞ്ഞു, അലന്‍ ചേട്ടാ RSSന്റെ strong area ആണ് കാസര്‍ഗോഡ്‌, ചിലപ്പോ തല്ല് വരെ കിട്ടും. അപ്പൊ പുള്ളി പറഞ്ഞു, ”തല്ലട്ടെടി, എനിക്കതൊന്നും ഒരു വിഷയമേ അല്ല. എനിക്കിപ്പോ ഈ ഹോട്ടല്‍ മുറിയില്‍ വാതിലടച്ചു കുറ്റിയിട്ട് AC ഓണ്‍ ചെയ്ത് മൂടിപ്പുതച്ച് സുഖമായി കിടക്കാം. പക്ഷെ ഉറങ്ങാന്‍ പറ്റൂല. അത്രേം ഭീകരമായ കാലത്തും ലോകത്തുമാണ് നമ്മള്‍ ജീവിക്കുന്നത്. ആരും അത് മനസിലാക്കുന്നില്ല.” എന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടിട്ടാവണം പുള്ളി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു,കൊണ്ട് പറഞ്ഞു, “എടീ അവന്മാര്‍ക്ക് ഇതൊന്നും കണ്ടാല്‍ മനസിലാവൂല്ല. അതിന് ബുദ്ധി വേണ്ടേ?” കാസര്‍ഗോഡ്‌ ബസ്‌ സ്ടാന്റില്‍ അദേഹം നിറഞ്ഞാടുകയായിരുന്നു. അലന്‍സിയര്‍ എന്ന സിനിമാ നടനെ മാത്രമേ നമ്മളില്‍ പലര്‍ക്കും അറിയുള്ളൂ, അദേഹത്തിലെ ശക്തനായ തിയേറ്റര്‍ ആര്ടിസ്ടിനെ ആദ്യമായി കാണുകയായിരുന്നു. നാടകം അവസാനിക്കുമ്പോ പരിപാടി conlude ചെയ്ത് സംസാരിക്കാനുള്ള ദൗത്യം എന്നെ ഏല്‍പ്പിചത് M A Rahman മാഷാണ്. അലന്‍ ചേട്ടന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് ആകെ കിറുങ്ങി നില്‍ക്കുവാരുന്നു ഞങ്ങള്‍. വരാന്‍ പോകുന്ന ആസുരകാലത്തിനെതിരെയുള്ള അപൂര്‍വ്വം ചില പ്രതിരോധങ്ങളില്‍ ഒന്നാണ് ഇന്നലെ അലന്‍ ചേട്ടന്‍ നിര്‍വഹിച്ചത്. ആ ചരിത്ര നിമിഷത്തിന് സാക്ഷി ആയി എന്നതിലാണ് സന്തോഷം. ആര്‍ടിസ്റ്റ് ബേബി ഒട്ടും ചീപ്പ് അല്ലാ മുത്താണ് മുത്ത്...

മനീഷാ നാരായണന്‍ (Maneesha Narayan) എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫൈലിൽ കണ്ടതാണ് മുകളിൽ കാണുന്ന ടെക്സ്റ്റ്. 

"മഹേഷിന്റെ പ്രതികാരം" സിനിമയിലെ ആർട്ടിസ്റ്റ് ബേബിച്ചേട്ടനെ അവതരിപ്പിച്ചതോടെയാണ് ഇദ്ദേഹം മലയാളി സിനിമാ പ്രേമികൾക്ക് പ്രിയങ്കരൻ ആയതെങ്കിലും നാടക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സുപരിചിതനായിരുന്നു അലന്‍സിയര്‍ എന്ന പ്രതിഭാശാലിയായ കലാകാരൻ. കാൽ നൂറ്റാണ്ട് പിന്നിട്ട നാടകജീവിതത്തിനിടയിൽ ഭരത് ഗോപി, കാവാലം നാരായണപ്പണിക്കർ, നരേന്ദ്രപ്രസാദ്, വിനയചന്ദ്രന്‍, മുരളി, എം. ആർ. ഗോപകുമാർ എന്നിവരോടൊക്കെ ഒപ്പം പ്രവർത്തിച്ചയാളാണ് അലൻസിയർ. ഏഷ്യാനെറ്റിന്റെ ക്യാപ്‌സ്യൂള്‍ സറ്റയറായ മുന്‍ഷിയില്‍ കോൺഗസ് നേതാവായി ഇദ്ദേഹം കുറേക്കാലം അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ദയ, ജഗപൊക, മാര്‍ഗം എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നെങ്കിലും അതെല്ലാം പൊതുവെ ശ്രദ്ധിക്കപെടാതെ പോവുകയായിരുന്നു. അടുത്ത കാലത്ത് "മഹേഷിന്റെ പ്രതികാര"ത്തിന് മുൻപേ  അന്നയും റസൂലും, വെടിവഴിപാട്, ഞാൻ സ്റ്റീവ് ലോപ്പസ്, കന്യക ടാക്കീസ്, നാളെ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിൽക്കൂടി അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോൾ സംവിധായകന്‍ കമലിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ തിട്ടൂരമിറക്കിയ സംഘ്പരിവാര്‍ ഫാസിസ്റ്റ് നിലപാടിനെതിരെ തനിക്കേറ്റവും കൈത്തഴക്കമുള്ള നാടകമെന്ന കലാരൂപം മാധ്യമമാക്കി അവതരിപ്പിച്ച  ഏകാംഗ പ്രതിഷേധ പ്രകടനമാണ് അലൻസിയറെ കേരള പൊതുസമൂഹത്തിന് മുന്നിൽ കുറേക്കൂടി ശ്രദ്ധേയനാക്കിയത്. 

മലയാള സിനിമയിലെ പ്രഗത്ഭനായ ഒരു സംവിധായകനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഭീഷണിയും ഉയരുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള മലയാള സിനിമയിലെ താരങ്ങള്‍ നിശബ്ദരായി ഇരുന്നു. ഒരാള്‍ പോലും കമലിനെ പിന്തുണച്ചോ ആക്രമണങ്ങളെ എതിര്‍ത്തോ രംഗത്ത് എത്തിയില്ല. ഈ സമയത്താണ് അലൻസിയർ ലെ ലോപ്പസ് എന്ന യഥാർത്ഥ കലാകാരൻ അവസരത്തിനൊത്ത് ഉണർന്ന് പ്രവർത്തിച്ചത്. കാസർകോട്‌ പുതിയ ബസ് സ്റ്റാൻന്റിലെ ലോക്കൽ ബസ്സുകാരോട് അമേരിക്കയിലേക്ക്‌ പോകാന്‍ ടിക്കറ്റ് വേണമെന്ന് ചോദിച്ചായിരുന്നു അലന്‍സിയർ തന്റെ പ്രതിഷേധകലാപരിപാടി തുടങ്ങിയത്. “വരു, നമുക്ക്‌ പോകാം അമേരിക്കയിലേക്ക്‌…” ഒറ്റമുണ്ടുടുത്ത്‌ ഷർട്ടിടാത്ത ഒരാൾ കണ്ടക്ടറോട്‌ അമേരിക്കയിലേക്ക്‌ ഒരു ടിക്കറ്റ്‌ ആവശ്യപ്പെടുമ്പോൾ ഇത്‌ കേട്ട എല്ലാവരും ആകാംക്ഷയോടെ പരസ്പരം നോക്കുന്നു. ആൾ തന്റെ സംഭാഷണം തുടരുകയാണ്; “ഇവിടെ ആരും സുരക്ഷിതരല്ല. സുരക്ഷിതരാണെന്നാണ്‌ നമ്മുടെ ധാരണ. അതാണ്‌ അടുത്തകാലത്തായി ഭരണാധികാരികളിൽ നിന്ന്‌ കേട്ടുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ നൽകുന്ന സൂചന. നമ്മൾ നിശബ്ദരായാൽ രാജ്യം അപകടാവസ്ഥയിലേക്ക്‌ നീങ്ങുന്ന നാൾ വിദൂരമല്ല.” പതിയെ ആളുകൾക്ക് പ്രതിഷേധിക്കുന്ന വ്യക്തിയെ മനസ്സിലാകുന്നു. രാജ്യസ്നേഹത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ കലാകാരൻമാർക്കും സാധാരണക്കാരനുമെതിരെ ഉയരുന്ന പരാമർശങ്ങൾക്കും അക്രമങ്ങൾക്കുമെതിരെയാണ് തന്റെ പ്രതിരോധമെന്നും പലരും നിശബ്ദരാകുന്നെങ്കിലും തന്നെ പോലുള്ളവർക്ക്‌ നിശബ്ദരായിരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. പേരും ജാതിയും വച്ച്‌ നാടുകടത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ബ്രിട്ടീഷുകാരുടെ ഏറാംമൂളികളായിരുന്ന ആർഎസ്‌എസുകാരാണ്‌ ഇന്ന്‌ നമ്മെ രാജ്യസ്നേഹം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം സ്വീകരിക്കുന്ന ഭാരത സംസ്ക്കാരത്തെ കാവിയിൽ പുതപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്നേഹിയുടെ സര്‍ട്ടിഫിക്കറ്റ് തേടുന്നവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് അമേരിക്കയിലേക്കോ പോര്‍ച്ചുഗലിലേക്കോ രക്ഷപ്പെടുകയാണെന്നും തന്റെ കൂടെയാരെങ്കിലും വരുന്നുണ്ടോയെന്ന് ബസുകളില്‍ കയറി യാത്രക്കാരോട് ആരാഞ്ഞപ്പോൾ അലന്‍സിയറിനെ അറിയാത്തവര്‍ ഇതാരാണെന്ന് തിരക്കാൻ തുടങ്ങി. ആളാരാണെന്ന് അറിഞ്ഞപ്പോള്‍ അവരും കൗതുകത്തോടെ ഒപ്പം  കൂടി.

ബിജെപിയിൽ മാത്രമല്ല എല്ലാ കക്ഷികളിലും ഫാസിസം ഉണ്ടെന്ന അഭിപ്രായമാണ് അലൻസിയർക്കുള്ളത്. അദ്ദേഹത്തിന്റെ  അഭിപ്രായത്തിൽ ബി ജെ പി യിലെ ഒരു വിഭാഗം മാത്രമാണ് പ്രശ്‌നക്കാര്‍. കോണ്‍ഗ്രസുകാരിലും കമ്മ്യൂണിസ്റ്റുകാരിലും ഫാസിസ്റ്റു മനോഭാവക്കാർ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അധികാരം ദുഷിപ്പിക്കുമെന്നത് തിരിച്ചറിഞ്ഞത് തന്നെ ഇടതുപക്ഷത്തെ ആള്‍ക്കാരില്‍ നിന്നാണെന്നും ഇടതുപക്ഷം ദുഷിക്കുന്നിടത്തുനിന്നാണ് ഫാസിസം ആരംഭിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. 

മഹാഭാരത്തില്‍ ജനിച്ച തനിക്ക് ഇവിടെത്തന്നെ ജീവിക്കാനുള്ള പ്രതിരോധമാണ് ഈ പ്രതിഷേധമെന്നും നടനായ താന്‍ നടിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നതെന്നും ഫാസിസത്തിന്റെ ആജ്ഞക്കനുസരിച്ച് ജീവിക്കാനാകില്ലെന്നും മറ്റുള്ളവര്‍ മിണ്ടാതിരുന്നാലും താന്‍ തന്റേതായ രീതിയില്‍ പ്രതിരോധിക്കുമെന്നും പറഞ്ഞിട്ടാണ് അലന്‍സിയര്‍ മടങ്ങിയത്. 

ഈ പ്രതിഷേധത്തോടെ സിനിമാ രംഗത്ത് നിന്ന് കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, ജോയ് മാത്യു, ടോവിനോ തോമസ് തുടങ്ങി പലരും അലൻസിയറെ പ്രകീർത്തിച്ചു മുന്നോട്ടു വരാൻ തയ്യാറായി. സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രസിദ്ധനായ ഡോ. ബിജു ഇപ്രകാരമാണ് അഭിപ്രായപ്പെട്ടത്. "അഭിവാദ്യങ്ങള്‍ പ്രിയ അലന്‍സിയര്‍….മലയാള സിനിമയിലെ നടന്മാരില്‍ കലാകാരന്മാര്‍ ഇപ്പോഴും ഉണ്ട് എന്ന് തെളിയിച്ചതിന്..താരങ്ങള്‍ എന്ന പേരില്‍ ഉപജീവനത്തിനായി തൊഴില്‍ ചെയ്യുന്ന ഒട്ടേറെ ആളുകള്‍ മലയാള സിനിമയില്‍ ഉണ്ട്..പക്ഷെ മനുഷ്യനോടും ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളോടും പ്രതിബദ്ധത ഉള്ള കലാകാരന്മാര്‍ വളരെ വളരെ കുറവാണ്…കലാകാരന്‍ എന്ന വാക്കിന് ഒട്ടേറെ മാനങ്ങള്‍ ഉണ്ട്..കേവലം സിനിമയില്‍ അഭിനയിക്കുന്നു, കോടികള്‍ പ്രതിഫലം വാങ്ങുന്നു എന്നത് കൊണ്ട് മാത്രം നല്ല കലാകാരന്‍ ആവുന്നില്ല ആരും..സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ ആര്‍ജ്ജവത്തോടെ പ്രതികരിക്കുമ്പോഴുമാണ് കലാകാരന്‍ എന്ന വാക്ക് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്… നന്ദി അലന്‍സിയര്‍ ഈ ആര്‍ജ്ജവത്തിനും.. പ്രതികരണത്തിനും…"

കമലിന്റെ പടത്തിൽ ഒരു റോൾ കിട്ടും എന്ന് മോഹിച്ചാണ് അലൻസിയർ ഇത് ചെയ്തത് എന്ന് പറയുന്നവവരോട്...... ആർട്ടിസ്റ്റ് ബേബി എന്ന കഥാപാത്രത്തെയോ അതവതരിപ്പിച്ച അലൻസിയർ എന്ന നടനെയോ മാത്രമേ നിങ്ങൾക്കറിയൂ. ഉള്ളിൽ കത്തുന്ന ജാഗ്രതയുടെ കനൽ കൊണ്ട് നടക്കുന്ന അലൻസിയർ എന്ന പോരാളിയെ തീർച്ചയായും നിങ്ങൾക്കറിയില്ല. സ്വന്തം വീടിനടുത്തുള്ള പള്ളിയിലെ കരിസ്മാറ്റിക് ധ്യാനത്തിനിടയിൽ ആ പരിപാടിയിലെ തട്ടിപ്പിനെതിരായി നാടകം ചെയ്തയാളാണ് അലൻസിയർ. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടർന്ന് നിരോധനാജ്ഞ നിലവിലിരിക്കുമ്പോൾ ‘അള്ളാഹു അകബര്‍ എന്റെ രാജ്യത്തിനെന്തോ സംഭവിക്കാന്‍ പോകുന്നു’ എന്നലറിക്കരഞ്ഞു കൊണ്ട് സെക്രട്ടറിയേറ്റിനു ചുറ്റും ആറു തവണ ഓടി പ്രതിഷേധിച്ചവനാണ് അലൻസിയർ. ഗുലാം അലിയെ ഇന്ത്യയിൽ പാടാനനുവദിക്കില്ലെന്നു ശിവസേന പറഞ്ഞപ്പോൾ ഗുലാം അലി പാടും എന്ന് പറഞ്ഞ് നടത്തിയ പ്രതിഷേധപരിപാടിയില്‍ സ്വന്തം മക്കളോടൊപ്പം പങ്കെടുത്തവനാണ് അലൻസിയർ. 

നടിയും സാമൂഹ്യ പ്രവർത്തകയുമായ മാല പാർവ്വതി (Maala Parvathi T) ഫേസ്‌ബുക്കിൽ കുറിച്ചത് കൂടി ഇവിടെ ചേർക്കുന്നു..... "എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളെ പോലുള്ളവർക്ക് അദ്ദേഹത്തെ മനസ്സിലാവാൻ സാദ്ധ്യതയില്ല. ബാബറി മസ്ജിദ് തകർത്തപ്പോൾ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലൻസിയർ. നാടകക്കാരൻ ആയത് കൊണ്ട് അന്ന് അത് ആരും ചർച്ച ചെയ്തില്ല. അസഹിഷ്ണുതയും അനീതിയും യഥാർത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവർ കലയാക്കും അലൻസിയർ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. ജീവന്റെ തുടിപ്പുകൾ ഈ മണ്ണിൽ ശേഷിക്കുന്നു എന്നാണ്. റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലൻ. ചിലർക്കെങ്കിലും ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവർ ഈ കാലയളവിൽ കണ്ടിട്ടുണ്ടാവില്ല"

സത്യം അത് തന്നെയാണ്.... 
ലാഭനഷ്ടങ്ങൾ അളന്നു കുറിച്ച് വിശകലനം ചെയ്ത് മനുഷ്യർ തമ്മിൽ ഇടപഴകുന്ന,
ഒഴുക്കിനനുസരിച്ച് നീന്തുന്ന പ്രായോഗിക ബുദ്ധി രാക്ഷസന്മാരുടെ ഈ ലോകത്ത്,
തെല്ലും ലാഭേച്ഛയില്ലാതെ ഒഴുക്കിനെതിരെ നീന്തുന്ന ഇത്തരം പച്ചയായ മനുഷ്യർ അപൂർവ്വജീവികളോ അന്യഗ്രഹജീവികളോ ആയി മാറിക്കഴിഞ്ഞു. 

ഈ പ്രതിഷേധപരിപാടിയുടെ പേരിൽ ഭൂരിഭാഗം ആളുകളും അലൻസിയറെ അഭിനന്ദിക്കുമ്പോൾ പ്രതിഷേധപരിപാടിയിലെ അർദ്ധനഗ്നതയെ കൂട്ട് പിടിച്ച് വിമർശിക്കുന്ന ഒരു വിഭാഗവും ഉണ്ട്. മുണ്ടു മാത്രം ധരിച്ചു കൊണ്ട് തുടങ്ങുന്ന ഏകാംഗ പ്രകടനം പുരോഗമിക്കുമ്പോൾ തന്റെ മുണ്ടൂരി അമേരിക്കന്‍ പതാക അടിവസ്ത്രമാക്കി നിൽക്കുന്ന രംഗമാണ് ഈ വിമർശനത്തിനാധാരം. പക്ഷെ, വിമർശിക്കുന്നവരുടെ രാഷ്ട്രീയം പരിശോധിച്ചാൽ മനസ്സിലാകും അർദ്ധനഗ്‌നതയല്ല; മറിച്ച് അലൻ ഉയർത്തിപ്പിടിച്ച മുദ്രാവാക്യം തന്നെയാണ് വിമർശകരുടെ കുരു പൊട്ടിക്കുന്നതെന്ന്. 

അവരോട് പറയാൻ ഒന്നേയുള്ളൂ......
ശരീരം രാഷ്ട്രീയ ആയുധമാക്കിയ തീക്ഷ്ണപ്രതിഷേധങ്ങൾ ഇവിടെ ആദ്യമായല്ല ഉയർന്നു വന്നിട്ടുള്ളത്. മണിപ്പൂരിലെ നിസ്സഹായരായ കുറെ അമ്മമാര്‍ മുതൽ നാടക പ്രവർത്തകയായ മല്ലിക താനേജ വരെ ആ ശ്രേണിയിലുണ്ട്. സണ്ണി ലിയോണിനെയും പോൺ സ്റ്റാറുകളെയും മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ശരീരങ്ങൾ മാത്രമേ കാണാനാകൂ. 
നഗ്നതയ്ക്കപ്പുറമുള്ള ശരീരത്തിന്റെ രാഷ്ട്രീയം മനസ്സിലാവില്ല.

അലൻസിയറെ മനോരോഗി എന്ന് വിളിക്കുന്നവരോടും ഒരു വാക്ക്.... അബ്‌നോർമലായ ഭൂരിപക്ഷത്തിനിടയിൽ നോർമലായി ചിന്തിക്കുന്ന ഒരാൾ മനോരോഗി എന്ന് വിളിക്കപ്പെടുന്നതിൽ ഒട്ടും തന്നെ അത്ഭുതപ്പെടേണ്ടതില്ല . 

ജന്മസിദ്ധമായ അഭിനയ സിദ്ധിയോടൊപ്പം ചലച്ചിത്രപ്രേമികളുടെ സ്നേഹവും ആദരവും ആരാധനയും മൂലധനമാക്കി അളവറ്റ ധനവും സ്വത്തും പ്രശസ്തിയും നേടിക്കഴിയുമ്പോൾ അവാർഡുകൾക്കും അധികാരങ്ങൾക്കും അതിന്റെ അലങ്കാരങ്ങൾക്കും ആലഭാരങ്ങൾക്കും വേണ്ടി നിലപാടുകൾ മാറ്റുന്ന മികച്ച "നടന്മാർക്ക്" നടുവിൽ അലൻസിയറെപ്പോലെ ചിലരെ മാത്രമേ തലച്ചോറുള്ളവർ "ഹീറോ" ആയിക്കാണുന്നുള്ളൂ. ബാക്കിയെല്ലാവരും സന്ദർഭത്തിനനുസരിച്ചു വേഷപ്പകർച്ച നടത്തുന്ന "വെറും നടന്മാർ" മാത്രം. ഇത്തരം യഥാർത്ഥ  ഹീറോകൾക്കെതിരെ തലക്കുള്ളിൽ ചാണകവും ചതുപ്പ് ചേറും മാത്രമുള്ള കില്ലപ്പട്ടികളുടെ കുര ആര് ഗൗനിക്കുന്നു. അത്തരം കുരകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനുള്ള പ്രബുദ്ധതയൊക്കെ ഇവിടത്തെ ചിന്തിക്കുന്ന ഭൂരിപക്ഷത്തിനുണ്ട്. 


നഗ്ന പ്രതിഷേധങ്ങളെപ്പറ്റി മുൻപെഴുതിയ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം ==>> നഗ്നത ഇന്ത്യയിൽ ഒരു സമരായുധമാകുന്നത് ആദ്യമായല്ല... 

  
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Thursday, 12 January 2017

നഗ്നത ഇന്ത്യയിൽ ഒരു സമരായുധമാകുന്നത് ആദ്യമായല്ല...

പ്രതിഷേധപ്രകടനങ്ങള്‍ പല വിധത്തിലാവാം. പണിമുടക്ക്‌, പഠിപ്പ് മുടക്ക്, വഴി തടയല്‍, നിരാഹാര സത്യാഗ്രഹം, ബന്ദ്‌, ഹര്‍ത്താല്‍, ഇറങ്ങിപ്പോക്ക്, പിക്കറ്റിങ്ങ്, ഘരാവോ, മെല്ലെപ്പോക്ക്, ടൂള്‍ ഡൌണ്‍, കോലം കത്തിക്കല്‍, സാങ്കല്പിക നാട് കടത്തല്‍ അങ്ങിനെ അങ്ങിനെ എന്തെല്ലാം മാര്‍ഗങ്ങള്‍. ഇതല്ലാതെയും ഈ ലോകത്ത് പലവിധ പ്രതിഷേധ പ്രകടനമാര്‍ഗങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ പരക്കെ പ്രചാരത്തില്‍ ഇല്ലാത്തതും വിദേശ രാജ്യങ്ങളില്‍ വളരെ പ്രചാരത്തില്‍ ഉള്ളതുമായ ഒന്നാണ് നഗ്ന പ്രതിഷേധം.

എല്ലാവരും നോക്കി നില്‍ക്കെ നഗ്നയായ ഒരു പെണ്‍കുട്ടി ആ മുറിയിലേക്ക് കടന്ന് വരുന്നു. തനിക്ക് നേരേ വന്ന കണ്ണുകളെ ആദ്യമവള്‍ പുഞ്ചിരിയോടെ നേരിടുന്നു. നോട്ടത്തിന്റെ ഭാവം മാറുന്നതോടെ അവളുടേയും ഭാവത്തിൽ മാറ്റം വരുന്നു. തുറിച്ചു നോക്കുന്ന കണ്ണുകളെ സാക്ഷിയാക്കി അവള്‍ വസ്ത്രങ്ങള്‍ ഓരോന്നായി എടുത്തണിഞ്ഞു. ഒന്നിനുമുകളില്‍ ഒന്നായി. ഒടുവില്‍ തലയില്‍ ഹെല്‍മ്മറ്റും ധരിച്ചു. സ്ത്രീകള്‍ നേരിടുന്ന തുറിച്ചുനോട്ടം, വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള മല്ലിക തനേജയുടെ ശക്തമായ പ്രതികരണമായിരുന്ന "തോഡ ധ്യാന്‍ സേ" (BE CAREFUL) എന്ന ഈ നാടകം. ശരീരം തന്റെ ടൂളാണെന്ന് വിശ്വസിക്കുന്ന തനേജ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശമാണ് നാടകത്തിലൂടെ നല്‍കുന്നത്. സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സെമിനാറിന്റെ ഭാഗമായാണ് പ്രശസ്ത നാടക നടിയായ തനേജ കോളേജില്‍ എത്തിയത്. ലോകം മുഴുവന്‍ ഏകാംഗനാടകങ്ങളുമായി സഞ്ചരിച്ചിട്ടുള്ള തനേജ ഇതാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്റെ നാടകം അവതരിപ്പിക്കുന്നത്. നഗ്നത ഒരു കലാരൂപത്തിലൂടെ പ്രതിഷേധത്തിനുള്ള ആയുധമാക്കുന്ന രീതിയുടെ തുടക്കം കൂടിയാവാം ഇത്.

ഡീമോണിറ്റൈസേഷനും തുടർന്ന് വന്ന നോട്ടുക്ഷാമവുമായി ബന്ധപ്പെട്ട്, ഒരു എടിഎമ്മിന് മുന്നില്‍ ക്യൂ നിന്ന് തളര്‍ന്ന ഒരു യുവതി പ്രകോപിതയായതും ആളുകള്‍ നോക്കിനില്‍ക്കെ അണിഞ്ഞിരുന്ന ടീ ഷർട്ട് ഊരി പ്രതിഷേധിച്ചതും ദില്ലി മയൂര്‍ വിഹാറിലായിരുന്നു. ഇത് ക്യൂവിലുണ്ടായിരുന്ന ബാക്കിയുള്ളവരെയും പരിസരത്തുണ്ടായിരുന്നവരെയും ഒരു വേള ഞെട്ടിച്ചു. സ്വന്തം അക്കൗണ്ടിലുള്ള പണത്തിനായി എടിഎമ്മിന് മുന്നില്‍ മണിക്കൂറുകള്‍ നിന്ന് മടുത്തപ്പോള്‍ യുവതി ചെയ്ത ഉടുപ്പ് ഊരി പ്രതിഷേധം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ "മാർക്കറ്റ്" ചെയ്തു. സ്ഥലത്ത് ഉണ്ടായിരുന്ന വനിതാ പൊലീസ് സംഘം യുവതിയെ കസ്റ്റഡിയില്‍ എടുത്ത് ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒടുവിൽ, യുവതിയെ അടുത്തുള്ള മറ്റൊരു എടിഎമ്മിൽ കൊണ്ടുപോയി അവിടെ നിന്നും പണം പിന്‍വലിച്ച ശേഷം വിട്ടയച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം ജനങ്ങളെ വല്ലാതെ വലച്ചിരിക്കുന്നതിനെയും ജനങ്ങൾ ദിവസങ്ങളായി ബാങ്കുകള്‍ക്ക് മുന്നിലും എടിഎമ്മുകള്‍ക്ക് മുന്നിലും മണിക്കൂറുകളോളം ക്യൂ ബുദ്ധിമുട്ടുന്നതിനെയും റിപ്പോർട്ട് ചെയ്യാൻ ഉത്സാഹിക്കുന്ന മാധ്യമങ്ങൾക്ക് വീണു കിട്ടിയ ഒരു ചാകരയായിരുന്നു ഈ വാർത്ത.

സദാചാര പോലീ‍സിന്റെ നടപടികള്‍ക്ക് എതിരെ തെന്നിന്ത്യന്‍ നടി ഷമിത ശര്‍മ്മ  നഗ്നത  അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ട് 2012-ല്‍ പ്രതിഷേധിച്ചിരുന്നു. സദാചാര പോലീസിന്റെ ഇടപെടലുകള്‍ക്കെതിരെ ബോധവല്‍ക്കരണം എന്ന നിലയിലായിരുന്നു  ദേശീയ പതാകയുടെ നിറത്തില്‍ ചെറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്. ചില സംഘടനകളും പോലീസും ചേര്‍ന്ന് സ്വകാര്യതയില്‍ നടത്തുന്ന ഇടപെടലുകളോടുള്ള പ്രതിഷേധത്തോടെ നഗ്ന ചിത്രങ്ങള്‍ അധികൃതര്‍ക്കും അയച്ചു കൊടുത്തു അവര്‍. മുംബൈയില്‍ സ്വകാര്യ പാര്‍ട്ടികളില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്നെന്നും ഒപ്പം ഫ്രീസെക്സ് നടത്തുന്നു എന്നുമായിരുന്നു പോലീസ് ഭാഷ്യം. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെ പോലീസും സദാചാര പോലീസുമെല്ലാം ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് ആരോപിച്ചാണ് നടി ഈ പ്രതിഷേധത്തിന് മുതിര്‍ന്നത്.


2007 ല്‍ രാജ്കോട്ടില്‍ പൂജ ചൌഹാന്‍ എന്ന 21 കാരിയും നീതി നടപ്പാക്കി കിട്ടാന്‍ വേണ്ടി  അര്‍ദ്ധനഗ്നതാ പ്രദര്‍ശന സമരം നടത്തിയിരുന്നു.

2004 ജൂലൈ 15-നാണ്‌ മണിപ്പൂരിലെ നിസ്സഹായരായ കുറെ അമ്മമാര്‍ പട്ടാളത്തിനെതിരെ ഐതിഹാസികമായ സമരം നടത്തിയത്‌. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തേക്കായിരുന്നു ബാനറുകള്‍ കൊണ്ട്‌ ശരീരം മറച്ചുകൊണ്ടുള്ള അവരുടെ മാര്‍ച്ച്‌. മണിപ്പൂരില്‍ നിലവിലുള്ള ആര്‍മ്‌ഡ്‌ ഫോഴ്‌സ്‌ സ്‌പെഷല്‍ പവേഴ്‌സ്‌ ആക്ട്‌ 1958-ന്റെ പിന്‍ബലത്തില്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ സമരം. തുടര്‍ച്ചയായുള്ള പട്ടാളത്തിന്റെ പീഡനങ്ങള്‍ സഹിക്കാതായപ്പോഴായിരുന്നു ആ അമ്മമാരുടെ പ്രതിഷേധം. ഇന്ത്യന്‍ ആര്‍മി ഞങ്ങളെ ബലാത്സംഗം ചെയ്യൂപെണ്‍മക്കളെ വെറുതെ വിടൂ... എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ധരിച്ചായിരുന്നു അമ്മമാരുടെ പ്രതിഷേധം. ബാനറുകളുമായി പട്ടാള ആസ്ഥാനത്തെത്തിയ അമ്മമാര്‍ വസ്‌ത്രം വലിച്ചെറിഞ്ഞ്‌ ബാനറുകള്‍ കൊണ്ട്‌ മാത്രം നാണം മറച്ചാണ്‌ പട്ടാളത്തെ നാണം കെടുത്തിയത്‌. 

രാഷ്ട്രീയക്കാരുടെ വിവിധ തരം പ്രതിഷേധങ്ങള്‍ കണ്ടു മടുത്ത കേരളത്തിൽ
പോലും അര്‍ദ്ധനഗ്ന പ്രതിഷേധ പരിപാടി നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ബാലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്ത്രീ കൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ഒരു തുണി ഉരിയൽ സമരം സംഘടിപ്പിച്ചത്. സംഘടനയിലെ മുപ്പതോളം അംഗങ്ങളാണ് കൊച്ചി ഹൈക്കോടതിക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തിന് എത്തിയത്. മണിപ്പൂര്‍ മോഡല്‍ സമരം എന്നാണു പൊതുവേ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്തായാലും ദേശീയപതാകയുടെ നിറങ്ങളിലുള്ള തുണികളില്‍ സ്വയം പൊതിഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം. മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ ശരീരത്തില്‍ പുതച്ച്‌ എത്തിയ വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. പൊതുനിരത്തില്‍ സഭ്യമല്ലാതെ പെരുമാറി, കലഹത്തിന്‌ പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌. അറസ്റ്റു ചെയ്‌ത വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ ജാമ്യത്തില്‍ വിട്ടയച്ചു. 

സാമ്പ്രദായികവും സാധാരണവുമായ പ്രതിഷേധങ്ങളെ കാണേണ്ടവർ കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുമ്പോഴാണ് തികച്ചും പുതുമയുള്ളതും അത്യന്തം ജനശ്രദ്ധ ആകർഷിക്കാൻ പോന്നതുമായ പ്രതിഷേധരീതികൾ ജനം തിരഞ്ഞെടുക്കുന്നത്. അത് കൊണ്ട് തന്നെ, പ്രതിഷേധത്തിലെ നഗ്‌നത (അർദ്ധനഗ്നത) ക്കപ്പുറത്തേക്ക്, സമരത്തിന് പിന്നിലുള്ള വസ്തുതകളിലേക്ക് വേണ്ടപ്പെട്ടവരുടെ  ശ്രദ്ധ തുടക്കത്തിലേ പതിയുകയാണ് വേണ്ടത്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകഅല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Monday, 19 December 2016

"ആക്ഷൻ ഹീറോ ബിജു"വിന് പിന്നിൽ ഒളിച്ചിരിക്കുന്ന പേപ്പട്ടികൾ ...

(മുൻ‌കൂർ മാപ്പ് : വിശേഷ ദിവസങ്ങളിൽ അവധിയില്ലാതെയും കാക്കത്തണൽ പോലുമില്ലാത്ത ട്രാഫിക് ജംക്ഷനുകളിൽ പൊള്ളിത്തളർന്നും അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ തെറിയും കല്ലേറും ഏറ്റു വാങ്ങിയും വൃത്തി കെട്ട ഹയരാർക്കിയൽ അധികാര ഘടനയുടെ അസ്വസ്ഥത പേറിയും അനാഥജഡത്തിന് കാവൽ നിന്നും ഒക്കെ ചെയ്യുന്ന പോലീസ് സേവനങ്ങളെ ചെറുതായി കാണുകയാണെന്ന് തോന്നരുതേ. ഭൂരിഭാഗം വരുന്ന നന്മ നിറഞ്ഞ പൊലീസുകാരെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്. ഇത് വായിച്ച് ആർക്കെങ്കിലും മനോവേദന തോന്നിയാൽ ക്ഷമിക്കുക)

അതി ശക്തനെന്നും ഇരട്ടച്ചങ്കനെന്നും പാണന്മാർ പാടി നടക്കുന്ന മുഖ്യമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. അദ്ദേഹം നമ്മുടെ ആഭ്യന്തര മന്ത്രി കൂടെയാണ്. കാക്കിയിട്ട ക്രൂരതയുടെ തിക്തഫലങ്ങൾ ഏറെ അനുഭവിച്ചയാളാണ് അദ്ദേഹവും അദ്ദേഹം ഉൾപ്പെടുന്ന പ്രസ്ഥാനത്തിലെ നല്ലൊരു ശതമാനം അംഗങ്ങളും. അങ്ങനെ ഒരാൾ ഭരിക്കുമ്പോഴും  ഈ കൊച്ചു സംസ്ഥാനത്ത്, ദിനം പ്രതി പോലീസ് ക്രൂരതകളുടെ വാർത്തകൾ, മുൻഗാമികളുടെ കാലത്തേത് പോലെ തന്നെ ആവർത്തിക്കപ്പെടുന്നു. 

കടല്‍ത്തീരത്ത് കുടുംബസമേതം വിശ്രമിക്കാനെത്തിയ സിപിഐ-എം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുടുംബത്തിനും നേരെ അതി ക്രൂരമായ നരനായാട്ട് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത്  സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല പോലീസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു. വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലറും മറ്റു മൂന്നു പേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം നേരിട്ട പേരാമംഗലം സിഐ മണികണ്ഠനെതിരെ നടപടിയെടുത്തത് ഈയടുത്താണ്. കേസിന്റെ തെളിവെടുപ്പിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഇയാള്‍ക്കെതിരായ ആരോപണം. നാലു പേര്‍ പീഡിപ്പിച്ചതിനേക്കാള്‍ വലിയ ബലാത്സംഗമാണ് പേരാമംഗലം സിഐയില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതികളെ ചൂണ്ടിക്കാട്ടി ഇവരില്‍ ആര് ബലാത്സംഗം ചെയ്തപ്പോഴായിരുന്നു നിനക്ക് ഏറ്റവും കൂടുതല്‍ സുഖമെന്ന് സിഐ ചോദിച്ചത്രേ. ഇഷ്ടപ്പെട്ട സൈസ് ഏതാണെന്നും പൊലീസ് ചോദിച്ചതായി യുവതി ആരോപിച്ചിരുന്നു. പേരാമംഗലം സിഐ യുടെ അസഭ്യവർഷവും സമ്മർദ്ദവും സഹിക്കാനാവാതെയാണ് കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞതെന്നും യുവതി പറഞ്ഞു. മധു അമ്പലത്തൂരെന്ന രാഷ്ട്രീയക്കാരനും പോലീസും കൂടിയിരുന്നാണ് തന്നെ മാറ്റിപ്പറയാനുള്ള മൊഴി പഠിപ്പിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.

മുൻ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ നിന്ന് കേട്ട ഒരു "ഷോക്കിങ് ന്യൂസ്" ചുമ്മാ വായിച്ചു മറന്ന് കളയാൻ മനസ്സ് സമ്മതിക്കുന്നില്ല. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന കൃഷ്ണകുമാർ എന്ന മധ്യവയസ്‌കൻ; തന്റെ, മകളുടെ മാനത്തിന് സുരക്ഷിതത്വ ഭീഷണി നേരിട്ടപ്പോൾ ഈ നാട്ടിലെ പോലീസ് സംവിധാനത്തെ നീതിക്കും സുരക്ഷയ്ക്കും വേണ്ടി സമീപിച്ചു. പക്ഷെ, അയാളെ കാത്തിരുന്നത് നീതിയോ സുരക്ഷയോ ആയിരുന്നില്ല. ആസൂത്രിതമായ ഭീഷണികൾ ആയിരുന്നു. താൻ കൊടുത്ത പരാതിയുടെ പേരിൽ സ്വന്തം മകന്റെ ജീവനും ജീവിതവും കൂടി അപകടത്തിലാവുന്നു എന്ന പേടിപ്പെടുത്തുന്ന തിരിച്ചറിവ് കൂടി കിട്ടിയ ആ സാധു മനുഷ്യൻ നിയമസംവിധാനങ്ങളുടെ നിസ്സംഗതയെയും മാധ്യമങ്ങളുടെ നിശബ്ദതയെയും പരിഹസിച്ചു കൊണ്ടും വെല്ലു വിളിച്ചു കൊണ്ടും ആത്മഹത്യ ചെയ്തു. ലോക്കൽ പോലീസ് സംവിധാനം നീതിപൂർവ്വകമായി പ്രവർത്തിച്ചിരുന്നെങ്കിൽ അയാൾ ഇന്നും ഈ നാട്ടിൽ ജീവിച്ചിരിക്കുമായിരുന്നു.

ഹെൽമെറ്റില്ലെന്ന കാരണത്താൽ സന്തോഷ് എന്ന യുവാവിനെ പൊലീസുകാരൻ തലയ്ക്ക് വയർലെസ് കൊണ്ട് അടിച്ച വാർത്ത പോയ ദിവസങ്ങളിൽ വൈറൽ ആയിരുന്നു. ആശുപത്രിയിൽ കഴിയുന്ന അമ്മയെ കാണുന്നതിനായി, കൈക്കുഞ്ഞുമായി ബൈക്കിൽ പോകുമ്പോഴായിരുന്നു യുവാവിനെതിരായി പൊലീസുകാരന്‍റെ ക്രൂരനടപടി ഉണ്ടായത്. കൊല്ലം, ആശ്രാമം മൈതാനത്തിനു സമീപം ലോറിക്കു മറവില്‍ നിന്നു ഹെല്‍മെറ്റ് പരിശോധന നടത്തുകയായിരുന്ന ആശ്രാമം ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്കിനു മുന്നില്‍ ചാടി വീണു കൈ കാണിച്ചു.  യുവാവ് അല്‍പ്പം മുന്നോട്ടു മാറ്റിയാണു ബൈക്കു നിര്‍ത്തിയത്. ഇതില്‍ പ്രകോപിതനായ പോലീസുകാരൻ, കൈ കാണിച്ചാല്‍ നീ ബൈക്ക് നിര്‍ത്തില്ലേ എന്ന് ആക്രോശിച്ചു വയര്‍ലെസ് സെറ്റുകൊണ്ടു തലയ്ക്കു അടിക്കുകയായിരുന്നു എന്നാണ് സന്തോഷിന്റെ പരാതി. തുടര്‍ന്നു കുട്ടിയുമായി റോഡിലിരുന്നു പ്രതിഷേധിച്ച യുവാവിനെ കൂടുതല്‍ പൊലീസുകാരെത്തി ആശുപത്രിയിലേക്കു മാറ്റി. സന്തോഷിന്റെ ചെവിക്കു മുകളിലായാണ് പരുക്ക്. ചെവിക്കുള്ളിലെ പൊട്ടല്‍ ഗുരുതരമാണെന്നും ഇന്‍ഫെക്ഷനാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഐസിയുവിലേക്കു മാറ്റിയെന്നുമാണ് റിപ്പോർട്ട്. നാടിനെ കലുഷിതമാക്കുന്ന പ്രവർത്തിയാണ് നടന്നതെന്നും അപക്വവും അക്രമാസക്തവുമായ ഈ പൊലീസുകാരന്‍റെ സമീപനം മൊത്തം പൊലീസ് സേനയ്ക്കും അപമാനകരമാണെന്നും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയ്ക്ക് പറയേണ്ടി വന്നു. 

ജനാധിപത്യഭരണം നില നില്‍ക്കുന്ന കേരളമെന്ന സംസ്ഥാനം നിലവില്‍ വന്ന അന്ന് മുതല്‍ പോലീസ് മൃഗ തുല്യരായി പെരുമാറിയ ഒരു പാട് സംഭവങ്ങള്‍ കേരള ജനത കേട്ടിട്ടുണ്ട്. നക്സല്‍ വര്‍ഗീസിനെ കെട്ടിയിട്ടു വെടി വച്ചു കൊന്നത്, രാജനെ ഉരുട്ടി കൊന്നു ശവം പോലും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചത്, തങ്കമണി കൂട്ട ബലാല്‍സംഗം, ആലുവ കീഴ്മാട് അന്ധ വിദ്യാലയത്തിലെ തേർ വാഴ്ച, അങ്കമാലി മുതല്‍ ഒട്ടനവധി വെടി വയ്പ്പുകള്‍, ഉരുട്ടി കൊലപാതകങ്ങള്‍, മറ്റു തരത്തിലുള്ള ലോക്ക് അപ്പ്‌ കൊലപാതകങ്ങള്‍, മലവും മൂത്രവും ഭക്ഷിപ്പിച്ച സംഭവങ്ങള്‍, കേട്ടാലും വായിച്ചാലും കണ്ണും കാതും പൊത്തിപ്പോകുന്ന ന്രിശംസ്യതകള്‍ തുടങ്ങി പ്രജകളെ കൊല്ലാതെ കൊന്ന നിരവധി അനവധി സംഭവങ്ങള്‍. മീശ, പുരികം, കണപീലി മുതലായവ വലിച്ചു പറിച്ച സംഭവങ്ങള്‍ പണ്ടുണ്ടായിട്ടുണ്ട്. സമരക്കാരെയും കസ്റ്റഡിയില്‍ വരുന്നവരെയും ജനക്കൂട്ടത്തെയും നേരിടാന്‍ പോലീസിന് ഒന്നും രണ്ടും മൂന്നും അതിനപ്പുറവും മുറകള്‍ ഉണ്ടായിരുന്നു. “ക്രമ സമാധാന പാലനത്തിന്റെ“ ഭാഗമായി ജനനേന്ദ്രിയം വലിച്ചു പറിക്കാന്‍ നോക്കുക, ഞെരിച്ചുടക്കുക പുതിയ കലാപരിപാടികളും ഇടയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ ഒട്ടു മിക്കതിനും ഭരിക്കുന്നവരുടെ ഒത്താശയും ആത്മാര്‍ത്ഥ പിന്‍തുണയും വേണ്ടത്ര ഗൂഡാലോചനയുടെ പിന്‍ബലവും  എല്ലാം ഉണ്ടാകാറുണ്ട്. രാഷ്ട്രീയ എതിരാളികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത എന്നും എക്കാലത്തും ഉണ്ടായിരുന്നു. ഭരണകൂടമുണ്ടെങ്കില്‍ അതിന്റെ ഭീകരതയും ഉണ്ടാവും എന്നതിന്റെ എന്നത്തേയും തെളിവുകളായി ഈ സംഭവങ്ങള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടു കൊണ്ടിരുന്നു. ചില സന്ദർഭങ്ങളിൽ പണമോ മറ്റേതെങ്കിലും തരത്തിലോ പോലീസിനെ സ്വാധീനിച്ച് ആളുകളെ കേസിൽ കുടുക്കുകയും ഇടിച്ചു നട്ടെല്ലൊടിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. 

ജോലിക്ക് നിന്നിരുന്ന ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച്‌ കസ്റ്റഡിയില്‍ എടുത്ത ചേരാനെല്ലൂർ സ്വദേശിനി ലീബ പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയായ വാർത്ത വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കസ്റ്റഡിയിലെ  ക്രൂര മര്‍ദനത്തെത്തുടർന്ന് ലീബയ്ക്ക് തലയ്ക്കും നട്ടെല്ലിനും മാരകമായ പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നും ചികിത്സയിൽ കഴിയുകയാണ്. സംഭവം നടന്ന് രണ്ട് വർഷത്തോളമായിട്ടും തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനോ, ലീബയ്‌ക്കെതിരെ കേസ് തെളിയിക്കുന്നതിനോ പോലീസിന് കഴിഞ്ഞില്ല. എന്നാല്‍ ലീബയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത നാട്ടുകാര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍  പോലീസ് നല്ല ശുഷ്‌കാന്തി കാണിച്ചിരുന്നു. ഒമ്പത് കേസുകളിലായി നൂറോളം പേര്‍ക്കെതിരെ പോലീസ് അടിയന്തിരമായി കേസെടുത്തു. ലീബയുടെ കേസന്വേഷണം ഇഴയുമ്പോഴും നീതിക്കു വേണ്ടി പോരാടിയ നാട്ടുകാര്‍ കോടതി കയറിയിറങ്ങുകയാണ്. 

സ്‌കൂള്‍ ബസ്സില്‍ ഡ്രൈവറായ സുരേഷ് എന്ന ചെറുപ്പക്കാരൻ, ആറു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് കൊച്ചി ഹാർബർ പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന് ഇടിച്ചു നടുവ് തളർത്തിയിട്ടിട്ട് ഒരു മാസം ആവുന്നേ ഉള്ളൂ. കള്ളക്കേസുണ്ടാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കുട്ടിയുടെ പിതാവും സുരേഷും തമ്മിലുള്ള ചില തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തായ പോലീസുകാരന്റെ താത്പര്യപ്രകാരമാണ് അറസ്റ്റ് നാടകം നടത്തിയതെന്നും പത്ര റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, ശാരീരിക പീഢന ക്ഷമതയോട് കിട പിടിക്കുന്ന മാനസിക പീഡന ക്ഷമതയും തങ്ങൾക്കുണ്ടെന്ന് പോലീസ് തെളിയിച്ച സംഭവം കഴിഞ്ഞ മാസം ഗുരുവായൂരിൽ സംഭവിച്ചിരുന്നു. ക്ഷേത്രത്തിൽ വിവാഹം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന നവദമ്പതികളെ മൂന്നു മണിക്കൂറാണ് പോലീസ്‌സ്റ്റേഷനിൽ പിടിച്ചിരുത്തിയത്. വിവാഹശേഷം വീട്ടിലേക്കുള്ള യാത്രയിൽ നവവരൻ തന്നെയാണ് കാർ ഒാടിച്ചിരുന്നത്. കാർ ഒരു ട്രാഫിക് പോലീസുകാരനെ ചെറുതായി തട്ടി. ഭാഗ്യാവശാൽ, അദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല. പക്ഷെ, പോലീസിന്റെ കൃത്യനിർവ്വഹണബോധം സട കുടഞ്ഞെഴുന്നേറ്റു. വൺവേ തെറ്റിച്ചു, വരൻ മൊബൈൽഫോണിൽ സംസാരിച്ചു, പോലീസുകാരന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി തുടങ്ങി കാൽ ഡസനോളം  കുറ്റങ്ങൾ ചാർത്തിയാണ് ഈ നവദമ്പതികളെ ബന്ദികളാക്കിയത്. ഈ വരൻ ചെയ്തു എന്ന് പറയപ്പെടുന്ന കാര്യങ്ങൾ എല്ലാം ഗൗരവമായ കുറ്റങ്ങൾ തന്നെയാണ്. അതിന് നിയമം അനുശാസിക്കുന്ന കൃത്യമായ നടപടികൾ സ്വീകരിക്കേണ്ടതിനു പകരം  വരനെയും, ഇതിലൊന്നും പങ്കില്ലാത്ത വധുവിനെയും വിവാഹവേഷത്തിൽ പോലീസ്‌സ്റ്റേഷനിൽ മണിക്കൂറുകൾ പിടിച്ചിരുത്തിയ നടപടി തികഞ്ഞ സാഡിസമല്ലാതെ മറ്റെന്താണ്. മതപരമായ വിവാഹചടങ്ങിന്റെ ആചാരപരമായ പ്രസക്തിയിൽ വിശ്വസിക്കുന്നവരും ഇല്ലാത്തവരും എല്ലാം നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഇതിലെല്ലാം വിശ്വസിക്കുന്നവർക്ക് മുഹൂർത്തവും ഗൃഹപ്രവേശവും എല്ലാം പവിത്രവും പ്രധാനപ്പെട്ടതുമാണ്. ഗുരുവായൂർ സംഭവത്തിൽ വിവാഹ ശേഷമുള്ള ശുഭമുഹൂർത്തത്തിലെ ഗൃഹപ്രവേശം നടത്താൻ പോലീസ് നവദമ്പതികളെ അനുവദിച്ചില്ല. പോലീസ് ആരോപിക്കുന്ന കുറ്റങ്ങളിലൊന്നും പങ്കാളിയല്ലാത്ത ആ വധു തന്റെ ജീവിതത്തിലെ സന്തോഷകരമായ ആ ദിവസത്തിൽ കുറ്റവാളി കണക്കെ പോലീസ്‌സ്റ്റേഷനിൽ മണിക്കൂറുകൾ ചെലവിടേണ്ടി വന്നതിന്റെ മാനസിക ആഘാതത്തിന് എന്ത് പരിഹാരമാണുള്ളത്.

സാന്ദർഭികമായി, മുൻ ആലുവ റൂറൽ എസ് പി യതീഷ് ചന്ദ്രയുടെ സോഷ്യൽ മീഡിയ വൈറൽ അങ്കമാലി ലാത്തിച്ചാർജിന്റെ പശ്ചാത്തലത്തിൽ, അഴിമുഖം.കോം - ൽ ഉണ്ണികൃഷ്ണൻ കാസ്റ്റ് ലെസ്സ് എഴുതിയ ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ കൂടി ചേർക്കുകയാണ്. 

""കാക്കിക്കുള്ളിലെ നായാട്ടുപ്രേമികളുടെ സൈക്കിക് വൈബ്രേഷനുകള്‍ക്ക് ജനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാര്‍ഥി രാഷ്ട്രീയ നേതാക്കളും ലൈംഗീക അതിക്രമകേസുകളിലെ ഇരകളും പാവപ്പെട്ടവനും ഇരയായിത്തുടങ്ങിയിട്ട് കാലം കുറച്ചായി. ഉത്തരേന്ത്യയിലെ ദരിദ്രഗ്രാമങ്ങളില്‍ മാത്രം അവശേഷിക്കുന്നു എന്ന് ധരിച്ചിരുന്ന കുട്ടന്‍പിള്ള ( ആ പേരുള്ള നല്ല മനുഷ്യര്‍ എന്നോട് പൊറുക്കട്ടെ) പോലീസ് സംസ്കാരത്തിന്‍റെ ഉത്തരാധുനിക പതിപ്പാണ്‌ യതീഷ് ചന്ദ്ര എന്ന ഐ പി എസ് ഏമാന്‍. ഒരുപക്ഷേ മലയാള സിനിമയ്ക്ക് സുരേഷ് ഗോപിക്ക് ശേഷം ലഭിക്കാന്‍ സാധ്യതയുള്ള ഗര്‍ജിക്കുന്ന സിങ്കം ആയി നാളെ ഇദ്ദേഹം മാറില്ലെന്ന് ആരുകണ്ടു. തലവര നന്നെങ്കില്‍ ബോളിവുഡിലും എത്തിയേക്കാം. ഇനിയൊരവസരം കിട്ടുമ്പോള്‍ ക്യാമറയും തുറന്നുവച്ച് നാല് പൊളപ്പന്‍ ഡയലോഗും പറഞ്ഞ് പാവം ജനങ്ങളുടെ മേലെ മേഞ്ഞ് അരയിലെ തോക്കിലെ നാല് ഉണ്ടയും പൊട്ടിച്ചുകളഞ്ഞാല്‍ ഇന്ന് കിട്ടിയ പതിനായിരം ഫേസ്ബുക്ക് ലൈക്ക് ഒരു ലക്ഷമായി ഉയര്‍ത്താം. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാട്ടില്‍ മാനസിക വൈകല്യമുള്ള പോലീസുകാര്‍ക്കുമുണ്ടാകും ജയ് വിളിക്കാനും ഫാന്‍സ്‌ ക്ലബ് രൂപികരിക്കാനും ആളുകള്‍. എന്നുകരുതി ഇതുതന്നെ സ്വര്‍ഗരാജ്യമെന്നു കരുതിയാല്‍ പ്ലാന്‍ പാളും. പഴയ ഫ്യൂഡല്‍ മാടമ്പി പോലീസ് ഏര്‍പ്പാടുകള്‍ തട്ടുമ്പുറത്തായിട്ട് കാലമേറെയായി എന്ന് അദ്ദേഹത്തിന് ആര് പറഞ്ഞ്കൊടുക്കും? കാരണം ഹിറ്റ്ലറും മുസ്സോളിനിയും മരിച്ചിട്ട് നാളേറെയായി സാറേ. ജേക്കബ് പുന്നൂസ് അടക്കമുള്ള മനുഷ്വത്വമുള്ള പോലീസുകാര്‍ ഉള്ള കൂട്ടത്തില്‍ തന്നെയാണിതെന്നും അറിയുമ്പോഴാണ് നാനാത്വത്തില്‍ ഏകത്വം എന്നത് പോലീസുകാരെ സംബന്ധിച്ചെങ്കിലും എത്ര നേരാണെന്ന് അറിയുന്നത്. 

എസ് പിയോടാണോ കളി എന്ന് യതീഷ് ചന്ദ്ര ചോദിക്കുന്നത് കേട്ടു. ശരി... കളി അറിയാവുന്ന നിങ്ങള്‍ പോലീസുകാര്‍ നന്നായറിഞ്ഞു കളിച്ച ചില കാര്യങ്ങള്‍ പറയട്ടെ സാര്‍? കുറഞ്ഞത് ഇതൊക്കെ ഉള്ളതാണെന്നെങ്കിലും സമ്മതിക്കുമോ അങ്ങ്?

* ഏറണാകുളത്ത് നിന്നും കഞ്ചാവുമായി അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്നും പോലീസ് വിലപേശി കൈക്കൂലി വാങ്ങിയെന്ന പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും വെളിപ്പെടുത്തല്‍ താങ്കള്‍ അറിഞ്ഞിരുന്നോ?

*വൻ തട്ടിപ്പ് കേസിലെ പ്രതിയായ കവിത പിള്ളയെ പോലീസുകാര്‍ക്ക് കൈക്കൂലി എത്തിക്കാനും കേസുകള്‍ ഒതുക്കാനുമുള്ള ഇടനിലക്കാരിയായി പോലീസുകാര്‍ തന്നെ 'നിയമിച്ചത്' താങ്കള്‍ അറിഞ്ഞിരുന്നോ?

* പാവം ഒരു സെക്യൂരിറ്റി ജീവനക്കാരനെ വണ്ടി കയറ്റിക്കൊന്ന പണച്ചാക്കായ ക്രിമിനലിനെ രക്ഷിക്കാന്‍ എഫ് ഐആറില്‍ വെള്ളം ചേര്‍ത്തും സെക്യൂരിറ്റി ജീവനക്കാരന്‍റെ മരണമൊഴി എടുക്കാതെയും 'സഹകരിച്ച' പോലീസുകാര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ടോ താങ്കള്‍?

*അതേ ക്രിമിനലിന് ജയിലിനുള്ളില്‍ സകല സഹായവും ചെയ്ത് കൊടുക്കുന്നത് പോലീസുകാര്‍ തന്നെയെന്നു അറിഞ്ഞിട്ടുണ്ടോ താങ്കള്‍?""

ഉണ്ണികൃഷ്ണന്റെ ചോദ്യങ്ങൾ നേരിട്ട് യതീഷ് ചന്ദ്രയോടാണെങ്കിലും അത് ചെന്ന് പതിയ്ക്കുന്നത് മൊത്തം പോലീസ് സംവിധാനത്തിന്റെ ചെവിയിലാണ്. 

കാലാകാലങ്ങളിൽ സ്വീകരിച്ച മനുഷ്യപക്ഷ പരിഷ്‌കാരങ്ങൾ കൊണ്ട്, പോലീസ് മുൻകാലങ്ങളെ അപേക്ഷിച്ച്  കുറച്ചൊക്കെ ജനമൈത്രി ആർജ്ജിച്ചിട്ടുണ്ട്. എന്നാൽ, ആഭ്യന്തര മന്ത്രാലയം, പോലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷൻ, നീതിപീഠങ്ങൾ മുതലായ നിരീക്ഷണ സംവിധാനങ്ങളുടെയെല്ലാം വ്യക്തമായ നിർദ്ദേശങ്ങളെ തൃണവൽഗണിച്ചു കൊണ്ട് കാക്കിക്കുള്ളിലെ ഏതാനും ചില മൃഗതുല്യർ നിരന്തരം ഏർപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങളെ അധികാരികൾ ഇനിയും അവഗണിക്കരുത്. അത് ജനങ്ങളിൽ വീണ്ടും പോലീസിനെ പറ്റി ഭീതിയും അവിശ്വാസവും വളർത്താനേ ഉപകരിക്കൂ. കാട്ടുനീതിയുടെ കാവൽ നായ്ക്കളോടും കറുത്ത ലോകത്തിന്റെ അധിപരോടും സഹവർത്തിത്വവും ഗതികെട്ട സാധാരണ പൊതുജനത്തോട് വിദ്വേഷവും ശത്രുതാ മനോഭാവവുമാണ് പോലീസ് പുലർത്തുന്നതെങ്കിൽ ആ പോലീസ്, നിയമ നീതി സംവിധാനങ്ങളുടെ സംരക്ഷകരല്ല, മറിച്ച് പൗരന്റെ സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും അന്തകരാണ്. പോലീസിൽ നവീകരണത്തെക്കാൾ അത്യാവശ്യം മാനവീകരണമാണ്. യൂണിഫോം ഇട്ട എല്ലാ വിഭാഗങ്ങളുടെയും ഒരു ഗതി കേടുണ്ട്. ഒരാൾ കാണിക്കുന്ന മോശം കാര്യത്തിനും ആ കുപ്പായം ഇട്ട മറ്റുള്ളവരും അടച്ചു പഴി കേൾക്കും. അത് പൊലീസോ പട്ടാളമോ വക്കീലോ പള്ളീലച്ചനോ കന്യാസ്ത്രീയോ ആരായാലും....അതിനാൽ കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കാതെ നിയമത്തിന്റെ കൈകളിൽ വിട്ടു കൊടുക്കുകയാവും ഭൂരിഭാഗത്തിന് നല്ലത്. അല്ലാതെ, ഒറ്റപ്പെട്ട മോശം സംഭവങ്ങൾ വരുമ്പോൾ വർഗ്ഗബോധം മൂത്ത് തലയിൽ ഓളം വെട്ട് തുടങ്ങിയാൽ പിന്നെ തരവഴി കാണിച്ചവനെ ചുമലിലേറ്റുന്നവർ ഒക്കെ നാറും. ചത്ത ഒറ്റ ഈച്ച വീണാൽ മതി ഒരു കുടം വീഞ്ഞ് മൊത്തം ചീത്തയാവാൻ. പിന്നെ, പോലീസ് മാഫിയ ആണെന്ന് ഒക്കെ പറഞ്ഞാൽ സമ്മതിക്കാൻ തലയ്ക്കു വെളിവുള്ള ആരും വരുമെന്ന് എനിക്കും തോന്നുന്നില്ല. മോശം സംഭവങ്ങൾ എല്ലാം ഒറ്റപ്പെട്ടത് തന്നെയായി കാണാനാണ് എനിക്കും ഇഷ്ടം. പക്ഷെ ഒറ്റപ്പെട്ട സംഭവങ്ങളുടെ എണ്ണം ഏറിവന്നാൽ അതിനെ ഒറ്റപ്പെട്ടത് എന്ന് കാണാൻ യുക്തി അനുവദിക്കില്ല എന്ന സത്യം അവശേഷിക്കുന്നു.

ഓർക്കുക, തമിഴിൽ പൊലീസിന് കാവൽ എന്നാണ് വിളിപ്പേര്. ഇന്ത്യയിൽ ഒരിടത്തും, വിശേഷിച്ചു കേരളത്തിൽ പോലീസിനെ ആ പേരിട്ട് ആത്മാർത്ഥതയോടെ വിളിക്കാനാവുമോ ?  ഇല്ലെന്നാണ് എന്റെ തോന്നൽ... 

(പഴയ പോസ്റ്റ് ആയിരുന്നു;  കാലിക പ്രസക്തി നഷ്ടപ്പെടാത്തത് കൊണ്ട് സമകാലിക സംഭവങ്ങൾ കൂടി ചേർത്ത് ഒന്ന് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാൻ താഴെയുള്ള ലിങ്കി ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/